head1
head3

മുല്ലപ്പെരിയാര്‍ വിഷയം; പൃഥ്വിരാജിന്റെ കോലം കത്തിച്ച് തമിഴ്‌നാട്ടില്‍ പ്രതിഷേധം

മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രതികരിച്ച പൃഥ്വിരാജിനെതിരെ തമിഴ്നാട്ടില്‍ വ്യാപക പ്രതിഷേധം. തേനി ജില്ലാ കലക്ട്രേറ്റിനു മുന്നില്‍ പൃഥ്വിരാജിന്റെ കോലം കത്തിച്ചാണ് പ്രതിഷേധം നടത്തിയത്. അഖിലേന്ത്യാ ഫോര്‍വേര്‍ഡ് ബ്ലോക്ക് പ്രവര്‍ത്തകരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം.

മുല്ലപ്പെരിയാര്‍ അണക്കെട്ട് പൊളിക്കേണ്ട സാഹചര്യമാണ് നിലവിലുള്ളതെന്ന് അഭിപ്രായപ്പെട്ട് പൃഥ്വിരാജ് സോഷ്യല്‍ മീഡിയയില്‍ കഴിഞ്ഞ ദിവസം ഒരു കുറിപ്പ് എഴുതിയിരുന്നു. അതാണ് ഇപോള്‍ തമിഴ്‌നാട്ടിലും സോഷ്യല്‍ മീഡിയയിലുമൊക്കെ അദ്ദേഹത്തിനെതിരെ വന്‍ പ്രതിഷേധത്തിന് വഴിവെച്ചത്.

‘വസ്തുതകളും കണ്ടെത്തലുകളും എന്താണെങ്കിലും 125 വര്‍ഷം പഴക്കമുള്ള അണക്കെട്ട് ഇപ്പോഴും നിലനില്‍ക്കുന്നതിന് ഒരു കാരണമോ ഒഴികഴിവോ അല്ല. രാഷ്ട്രീയവും സാമ്പത്തികവുമായ കാരണങ്ങള്‍ മാറ്റിവെച്ച് ശരിയായത് ചെയ്യേണ്ട സമയമാണിത്. നമുക്ക് ഈ സംവിധാനത്തില്‍ മാത്രമേ വിശ്വസിക്കാനേ കഴിയൂ. സിസ്റ്റം ശരിയായ തീരുമാനം എടുക്കുമെന്ന് നമുക്ക് പ്രാര്‍ത്ഥിക്കാം’ എന്നുമായിരുന്നു പൃഥ്വിരാജ് കുറിച്ചത്.

ഇങ്ങനെയാണെങ്കില്‍ പൃഥ്വിരാജ് തമിഴ് സിനിമയില്‍ അഭിനയിക്കരുതെന്നും തമിഴ്‌നാട്ടിലേക്ക് വരരുത് എന്നു പോലും പ്രതിഷേധക്കാര്‍ പറയുന്നു. സുപ്രീംകോടതി വിധി നിലനില്‍ക്കെ തെറ്റിദ്ധാരണാജനമായ പ്രസ്താവനകളിറക്കിയ പൃഥ്വിരാജ്, അഡ്വ. റസ്സല്‍ ജോയ് എന്നിവര്‍ക്ക് എതിരെ കേസെടുക്കണമെന്ന് അഖിലേന്ത്യാ ഫോര്‍വേര്‍ഡ് ബ്ലോക്ക് ജില്ലാ സെക്രട്ടറി എസ് ആര്‍ ചക്രവര്‍ത്തി ആവശ്യപ്പെട്ടു. കലക്ടര്‍ക്കും എസ്പിക്കും പൃഥ്വിരാജിന് എതിരെ പരാതി നല്‍കിയെന്നും എസ് ആര്‍ ചക്രവര്‍ത്തി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE

Comments are closed.