തൊടുപുഴ : നടന് അനില്‍ നെടുമങ്ങാട് മുങ്ങിമരിച്ചു. തൊടുപുഴ മലങ്കര ഡാമില്‍ കുളിക്കാനിറങ്ങിയപ്പോഴായിരുന്നു അപകടം. 48 വയസ്സായിരുന്നു. സിനിമാ ഷൂട്ടിങ്ങിനിടെയുള്ള ഇടവേളയില്‍ കൂട്ടുകാര്‍ക്കൊപ്പം കുളിക്കാനിറങ്ങിയപ്പോള്‍ വെള്ളിയാഴ്ച വൈകിട്ട് 5.30 ഓടെയായിരുന്നു അപകടം.
അയ്യപ്പനും കോശിയും, പൊറിഞ്ചു മറിയം ജോസ്, പാവാട, കമ്മട്ടിപ്പാടം, ഞാന്‍ സ്റ്റീവ് ലോപ്പസ്, മണ്ട്രോത്തുരുത്ത്, ആമി, മേല്‍വിലാസം, ഇളയരാജ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ വേഷങ്ങള്‍ ചെയ്ത് ജനപ്രീതി നേടിയ അഭിനേതാവാണ് അനില്‍.
ജോജു ജോര്‍ജ് നായകനാവുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായാണ് അനില്‍ തൊടുപുഴയില്‍ എത്തിയത്. ഷൂട്ടിങ് ഇടവേളയില്‍ അദ്ദേഹം സുഹൃത്തുക്കള്‍ക്കൊപ്പം ഡാമില്‍ കുളിക്കാനിറങ്ങുകയായിരുന്നു. ആഴമുള്ള കയത്തിലേക്ക് അബദ്ധത്തില്‍ വീണു പോവുകയായിരുന്നു. ഉടന്‍ തന്നെ ഒപ്പമുണ്ടായിരുന്നവരും നാട്ടുകാരും ചേര്‍ന്ന് അദ്ദേഹത്തെ പുറത്തെടുത്ത് തൊടുപുഴയിലെ സ്വകാര്യആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.
നാടകത്തിലൂടെയാണു അനില്‍ മിനിസ്ക്രീനിലേക്കും പിന്നീട് സിനിമയിലേക്കും എത്തിയത്. മമ്മൂട്ടി നായകനായ തസ്കരവീരന് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ സാന്നിധ്യം അറിയിച്ചത്. അയ്യപ്പനും കോശിയിലെയും സിഐ സതീഷ് എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
അതേസമയം, അനിലിന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ ഞെട്ടലിലാണ് മലയാള സിനിമാലോകം. മൃതദേഹം ശനിയാഴ്ച വീട്ടുവളപ്പില്‍ സംസ്കരിക്കും.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.