head3
head1

തിയേറ്ററുകളിൽ ആവേശമിരമ്പും, കെജിഎഫ് 2 റിലീസ് ജൂലൈ 16ന്

സിനിമാ പ്രേമികളുടെ കാത്തിരിപ്പുകൾക്ക് വിരാമമിട്ട് സൂപ്പർ ഹിറ്റ് ചിത്രം കെജിഎഫ് രണ്ടാം ഭാഗത്തിന്റെ റീലീസ് തിയതി പുറത്തുവന്നു. ജൂലൈ 16നാകും ചിത്രം തീയേറ്ററിലെത്തുക. കോവിഡ് ഇടവേളയ്ക്കുശേഷം രാജ്യത്തെ തിയറ്ററുകൾ വീണ്ടും സജീവമായിക്കൊണ്ടിരിക്കുന്ന വേളയിൽ കെജിഎഫ് 2ന്റെ റിലീസ് ഏവരെയും ആവേശത്തിൽ ആഴ്ത്തിയിരിക്കുകയാണ്.

ചിത്രത്തിന്റെ റിലീസ് തിയതി നടൻ പൃഥ്വിരാജും പങ്കുവച്ചിട്ടുണ്ട്. കേരളത്തിൽ ചിത്രത്തിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് പൃഥ്വിരാജ് പ്രൊഡക്ഷൻസ് ആണ്. ചിത്രം പ്രഖ്യാപിച്ചതുമുതൽ വലിയ പ്രേഷകശ്രദ്ധയാണ് കെജിഎഫിന് ലഭിച്ചിരുന്നത്.

ജനുവരി 7ന് പ്രീമിയർ ചെയ്ത, ചിത്രത്തിന്റെ ടീസറിന് റെക്കോർഡ് പ്രതികരണമാണ് യുട്യൂബിൽ ലഭിച്ചത്. 16.3 കോടിയിലേറെ കാഴ്ചകളാണ് യുട്യൂബിൽ ടീസർ കണ്ടത്. 90 ശതമാനം ചിത്രീകരണവും കോവിഡ് കാലത്തിനു മുൻപ് പൂർത്തിയാക്കിയിരുന്നു.

നായകനായ യാഷിന്റെ ഗംഭീര പ്രകടനം തന്നെയാണ് ചിത്രത്തിന്റെ മുഖ്യആകർഷണം. ശ്രീനിധി ഷെട്ടി നായികയാവുന്ന ചിത്രത്തിൽ പ്രതിനായക കഥാപാത്രമായ അധീരയായി എത്തുന്നത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആണ്. ബോളിവുഡ് താരം രവീണ ടണ്ടനും പ്രധാന വേഷത്തിൽ എത്തുന്നു.
കന്നഡത്തിന് പുറമെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലും ചിത്രം മൊഴിമാറ്റി പ്രദർശനത്തിന് എത്തും. ഹോമബിൾ ഫിലിംസാണ് യഷിന്റെ ബ്രഹ്മാണ്ഡ ചിത്രം നിർമ്മിക്കുന്നത്. പ്രശാന്ത് നീലാണ് സംവിധാനം.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.