head1
head3

ഡൗണ്‍ സിന്‍ഡ്രോമുള്ളയാള്‍ കേന്ദ്ര കഥാപാത്രം; ‘തിരികെ’ ഫെബ്രുവരി 26 മുതല്‍

ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ പുതിയ ചരിത്രമെഴുതി ‘തിരികെ’ പ്രദര്‍ശനത്തിനെത്തുന്നു. ഫെബ്രുവരി 26ന് മലയാളം ഒടിടി പ്ലാറ്റ്‌ഫോമായ നീസ്ട്രീമിലൂടെയാണ് ‘തിരികെ’ റിലീസ് ചെയ്യുക.

‘ഞണ്ടുകളുടെ നാട്ടില്‍ ഒരു ഇടവേള’യ്ക്ക് ശേഷം ജോര്‍ജ് കോരക്കൊപ്പം സാം സേവ്യറും ഒന്നിച്ചപ്പോഴാണ് പതിവില്‍ നിന്നും വ്യത്യസ്തമായ ഈ ചിത്രം പിറവിയെടുത്തത്. ഡൗണ്‍ സിന്‍ഡ്രോം ബാധിച്ച സെബുവിന്റെയും സഹോദരന്‍ തോമയുടെയും ജീവിത സാഹചര്യങ്ങളിലൂടെ ആണ് ഈ സിനിമ കടന്നുപോകുന്നത്. ഇന്ത്യന്‍ സിനിമ ചരിത്രത്തില്‍ ആദ്യമായാണ് ഡൗണ്‍ സിന്‍ഡ്രോമുള്ള ഒരാള്‍ കേന്ദ്ര കഥാപാത്രമായി എത്തുന്നത്. സെബു ആയി അഭിനയിക്കുന്ന ഗോപികൃഷ്ണന്‍ തന്നെ തന്റെ കഥാപാത്രത്തിന് ശബ്ദം നല്‍കുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത.

ഡൗണ്‍ സിന്‍ഡ്രോം ഉള്ള വ്യക്തി എന്ന രീതിയില്‍ ചിത്രീകരിക്കാതെ സാധാരണ ഒരു ചെറുപ്പക്കാരന്റെ ജീവിതത്തില്‍ സംഭവിക്കുന്ന പ്രണയം, നര്‍മ്മം എന്നിവയെല്ലാം ചേര്‍ത്താണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ‘സഹതപിക്കപ്പെടേണ്ടവരല്ല ആഘോഷിക്കപ്പെടേണ്ടവരാണ് ഈ കുഞ്ഞുങ്ങള്‍’ എന്ന ആശയമാണ് ഈ സിനിമ മുന്നോട്ടുവെക്കുന്നത്.

നേഷന്‍ വൈഡ് പിക്‌ചേഴ്‌സിന്റെ ബാനറില്‍ എബ്രഹാം ജോസഫും ദീപക് ദിലീപ് പവാറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ സഹ നിര്‍മ്മാതക്കള്‍ ഡിജോ കുര്യന്‍, റോണിലാല്‍ ജെയിംസ്, മനു മറ്റമന, സിജോ പീറ്റര്‍, പോള്‍ കറുകപ്പിള്ളില്‍ എന്നിവരാണ്. തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് ജോര്‍ജ് കോര. അങ്കിത് മേനോന്‍ സംഗീതം നല്‍കിയിരിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം നിര്‍വഹിച്ചത് ചെറിന്‍ പോള്‍ ആണ്. ശാന്തി കൃഷ്ണ, നമിത കൃഷ്ണമൂര്‍ത്തി, സരസ ബാലുശേരി, ഗോപന്‍ മാങ്ങാട്ട്, ഫ്രാങ്കോ ഡേവിസ് മഞ്ഞില, ജിനു ബെന്‍ തുടങ്ങിയ പ്രമുഖര്‍ പ്രാധാന വേഷങ്ങളില്‍ എത്തുന്നു.

ഐറിഷ് മലയാളി ന്യൂസ്

 

Comments are closed.