ഗ്രാമങ്ങളില്‍ പോയി രാപ്പാര്‍ക്കാം….എരുമ ,പോത്ത് വളര്‍ത്തലിന്റെ അനന്ത സാധ്യതകളുമായി അയര്‍ലണ്ടിലെ ഗ്രാമങ്ങള്‍
ഡബ്ലിന്‍ : പോത്തുവളര്‍ത്താന്‍ യുവാക്കള്‍ക്കു മുന്നില്‍ മികച്ച സാധ്യതകള്‍ തുറന്നിട്ട് അയര്‍ലണ്ട്.
ചില പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ പോത്തുവളര്‍ത്തല്‍ ലാഭകരമക്കാമെന്ന് അയര്‍ലണ്ടിലെ പ്രമുഖ പോത്ത് ,എരുമ വളര്‍ത്തുകാരനായ ജോണി ലിഞ്ച് പറയുന്നു.
തന്റെ പോത്ത് കൃഷിയില്‍ കൂടുതല്‍ ആദായമുണ്ടാക്കാന്‍ യുവാക്കളുടെ മികച്ച നിര്‍ദേശങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ലിഞ്ച്.
പോത്തുകളുടെയും എരുമകളുടെയും എണ്ണം വര്‍ധിപ്പിച്ച് മികച്ച ആദായം നേടാനും ചീസ്, പാല്‍, മാംസം എന്നീ ഉല്‍പന്നങ്ങളുടെ ലഭ്യത ഉറപ്പാക്കാനുമാവശ്യമായ നിര്‍ദേശങ്ങളാണ് ലിഞ്ച് തേടുന്നത്.
വര്‍ഷം തോറും 25% വളര്‍ച്ചയാണ് ലിഞ്ചിന്റെ എരുമ-പോത്തുവളര്‍ത്തലിലുള്ളത്. ഈ വര്‍ഷം 115 പുതിയ പോത്തുകുട്ടികളെ ഉല്‍പാദിപ്പിക്കാന്‍ കഴിഞ്ഞു. അടുത്ത വര്‍ഷം 150 ഉം പിന്നീട് 180ഉം വരെ പോത്തുകുട്ടികളെ ഉല്‍പാദിപ്പിക്കാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ലിഞ്ച് പറഞ്ഞു.
കൂടുതല്‍ ആദായമുണ്ടാക്കാന്‍ മികച്ച ഉല്‍പാദന ശേഷിയുള്ള എരുമകളെ വിദേശത്ത് നിന്ന് കൊണ്ടുവരാനും ശ്രമമുണ്ട്.
ഇതിനായി, ഇറ്റലി, വെയില്‍സ്, ഹോളണ്ട് എന്നിവടങ്ങളിലെ ഫാമുടമകളുമായി ലിഞ്ച് ചര്‍ച്ചയും നടത്തി.
പോത്തുകളെ വാങ്ങി വളര്‍ത്തുന്നത് വിലയേറിയതാണെങ്കിലും, പോത്തുകള്‍ ഐറിഷ് കാലാവസ്ഥയുമായി എളുപ്പത്തില്‍ പൊരുത്തപ്പെടുമെന്നും കൈകാര്യം ചെയ്യാന്‍ ലളിതമാണെന്നും ലിഞ്ച് പറഞ്ഞു.
‘നിങ്ങൾ അവരെ അറിഞ്ഞുകഴിഞ്ഞാല്‍, അവര്‍ സാധാരണ വളര്‍ത്തു മൃഗങ്ങളെപ്പോലെയാണ്. അവര്‍ക്ക് തീറ്റപുല്ല് തന്നെ കഴിക്കാന്‍ നല്‍കേണ്ടതില്ലെന്നും ലിഞ്ച് പറയുന്നു.
മാക്‌റൂമിനടുത്തുള്ള കില്‍നാ മാര്‍ട്രയിലെ സ്വന്തം സ്ഥലത്തെ 150 ഏക്കറിലാണ് ലിഞ്ച് പോത്ത്,എരുമ ഫാം നടത്തുന്നത്. പദ്ധതി വിപുലമാക്കാന്‍ 100 ഏക്കര്‍ പാട്ടത്തിനെടുത്തിട്ടുമുണ്ട്.
പോത്തുകൃഷിയുമായി ബന്ധപ്പെട്ട് പതുക്കെ വിപണി പടുത്തുയര്‍ത്തുകയാണ് ലക്ഷ്യം. മാംസത്തിന് ധാരാളം ആവശ്യക്കാരുണ്ടെന്നും ലിഞ്ച് പറയുന്നു.
നിലവില്‍ പോത്തുകളെ വളര്‍ത്തുന്ന വളരെ കുറച്ച് ഫാമുകള്‍ മാത്രമാണ് അയര്‍ലണ്ടില്‍ ഉള്ളത്. കോര്‍ക്കില്‍ രണ്ടെണ്ണം, വെക്‌സ്‌ഫോര്‍ഡില്‍ ഒന്ന് എന്നിങ്ങനെയാണ് ഫാമുകളുടെ എണ്ണം.
ഇവിടെയാണ് പോത്തുവളര്‍ത്തലിന്റെ അനന്ത സാധ്യത അയര്‍ലണ്ടില്‍ യുവാക്കളുടെ മുന്നില്‍ തുറന്നുകിടക്കുന്നത്.
പൊടി പൊടിച്ച് പോത്ത് വില്‍പന
500 യൂറോ പ്രോത്സാഹന വൗച്ചറാണ് വില്‍പനയ്ക്ക് വെച്ച പോത്തിൻ കുട്ടികളെ ഉയര്‍ന്ന വിലക്ക് സ്വന്തമാക്കുന്നവര്‍ക്ക് കഴിഞ്ഞ ബുധനാഴ്ച തര്‍ലസിലെ മിഡ് ടിപ്പററി കോഓപ്പറേറ്റീവ് ലൈവ്‌സ്‌റ്റോക്ക് മാര്‍ട്ടില്‍ പ്രഖ്യാപിച്ചിരുന്നത്.
തുര്‍ലെസില്‍ വെറും രണ്ട് പോത്തിൻ കുട്ടികളെ വില്‍ക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നതെങ്കിലും സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതികരണം ലഭിച്ചതോടെയാണ് ആറ് പോത്തിൻ കുട്ടികളെ കൂടി അധികമായി ലിഞ്ച് വില്‍പനയ്ക്ക് കൊണ്ടുവന്നത്.
ഇവയെല്ലാം ചുട്ട അപ്പം പോലെ എളുപ്പത്തില്‍ വിറ്റ് പോയി. എട്ട് പോത്തുകളെ അഞ്ച് ലോട്ടുകളായാണ് വില്‍പന ചെയ്ത്.
സാമൂഹിക അകലം പാലിക്കുന്നതിന്റെ ഭാഗമായി ലേല സ്ഥലത്ത് കുറച്ചാളുകളെ മാത്രമേ പ്രവേശിപ്പിച്ചിരുന്നുള്ളൂ. കൂടുതല്‍ പേരും ഓണ്‍ലൈനായാണ് ലേലത്തില്‍ പങ്കെടുത്തത്.
അതേസമയം, അയര്‍ലണ്ടിലെ ആദ്യ പോത്തു വില്‍പനയില്‍ അസാധാരണമായ താല്‍പര്യം കണ്ടെത്തിയതായി മോര്‍ട്ടേ ഓണ്‍ലൈന്‍ ലേല കമ്പനി അറിയിച്ചു.
ചെറിയ പോത്തുകുട്ടികളെ 600 മുതല്‍ 1,140 യൂറോവരെ വിലയ്ക്കാണ് ഇവിടെ വില്‍പന നടത്തിയത്.
അഞ്ച് മാസം പ്രായമുള്ള പോത്തുകുട്ടിയെയാണ് ഏറ്റവും ഉയര്‍ന്ന വിലയായ 1140 യൂറോയ്ക്ക് ഓണ്‍ലൈന്‍ ലേലത്തില്‍ ആദ്യം വിറ്റത്. 1,120 യൂറോയ്്ക്കും ഒരു പോത്തുകുട്ടിയെ വില്‍പന നടത്തി.
ഏഴ് മാസം പ്രായമായ 207 കിലോ തൂക്കമുള്ള ജോഡിക്ക് 840യൂറോ വീതമാണ് വില ഈടാക്കിയത്. 285 കിലോതൂക്കമുള്ള പത്ത് മുതല്‍ 11 മാസം വരെ പ്രായമുള്ള ജോഡിക്ക് 760 യൂറോയ്ക്കും ഒന്‍പത് മുതല്‍ പത്ത് മാസം വരെ പ്രായമുള്ള 247 കിലോ തൂക്കമുള്ള ജോഡിയെ 600 യൂറോയ്ക്കും വിറ്റു.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.