head1
head3

കാല്‍പ്പന്തുകളിയിലെ മാന്ത്രികന് അറുപതാം പിറന്നാള്‍… ഡീഗോ @ 60

മൈതാനത്ത് ഇതിഹാസങ്ങള്‍ തീര്‍ത്ത് ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളുടെ മനസില്‍ ഇടം നേടിയ കാല്‍പന്തുകളിയിലെ പകരക്കാരനില്ലാത്ത രാജകുമാരന്‍ ഡീഗോ അര്‍മാന്‍ഡോ മറഡോണയ്ക്ക് ഇന്ന് അറുപതാം പിറന്നാള്‍.

1977 മുതല്‍ ഒന്നര പതിറ്റാണ്ടിലേറെ കാലം ലോക ഫുട്‌ബോളിലെ കിരീടം വെയ്ക്കാത്ത രാജാവ്. പുല്‍മൈതാനത്ത് കാലുകൊണ്ടും ‘കൈ’കൊണ്ടും ചരിത്രം രചിച്ച ഇതിഹാസം. അസാമാന്യ വേഗവും ഡ്രിബിളിങ് പാടവവും പന്തിനെ യഥേഷ്ടം ചൊല്‍പ്പടിക്ക് നിര്‍ത്താനുള്ള അസാമാന്യ കഴിവും കൊണ്ട് മൈതാനത്ത് മിന്നുന്ന പ്രകടനങ്ങള്‍ കാഴ്ചവെച്ച് ലോകമെമ്പാടുമുള്ള ആരാധക മനസുകളില്‍ ഇന്നും സ്ഥാനം പിടിച്ചിരിക്കുന്നയാള്‍. അങ്ങനെ ഡീഗോ മറഡോണയ്ക്ക് വിശേഷണങ്ങളേറെയാണ്. വിവാദങ്ങളുടെ തോഴനും കൂടിയായിരുന്നു ഡീഗോ.

ഫുട്‌ബോള്‍ മാന്ത്രികനായുള്ള വളര്‍ച്ചയ്ക്കിടെ 1986ല്‍ അദ്ദേഹം ഏറ്റുവാങ്ങിയ ലോകകിരീടത്തിനും സമാനതകളില്ല. അന്ന് ഫൈനലില്‍ പശ്ചിമ ജര്‍മനിയെ മാത്രമല്ല ആധുനിക ഫുട്‌ബോളിനെ തന്നെ കീഴടക്കിയാണ് മറഡോണ ചരിത്രം രചിച്ചത്.

അര്‍ജന്റീനിയയിലെ ബ്യൂണസ് ഐറിസിലെ വില്ല ഫിയോറിത്തോ പ്രവിശ്യയിലെ ലാനസില്‍ പട്ടിണിയുമായി പടവെട്ടിയിരുന്ന കുടുംബത്തിലെ നാല് സഹോദരിമാരുടെ കുഞ്ഞനുജനായി 1960ലായിരുന്നു ഡീഗോയുടെ ജനനം. ഡോണ്‍ ഡീഗോ – ഡാല്‍മ സാല്‍വദോറ ഫ്രാങ്കോ ദമ്പതികളുടെ എട്ടു മക്കളില്‍ അഞ്ചാമനായിരുന്നു ഡീഗോ.

ദാരിദ്ര്യം നിറഞ്ഞ കുട്ടിക്കാലമായിരുന്നു ഡീഗോയുടേത്. ആ ടൗണിലെ ഏറ്റവും ദരിദ്രരായ കുടുംബം. ഫാക്ടറി ജീവനക്കാരനായിരുന്ന അച്ഛന്‍ ഡോണിന് മൂന്ന് ആണ്‍കുട്ടികളും അഞ്ചു പെണ്‍കുട്ടികളും അടങ്ങുന്ന കുടുംബം പുലര്‍ത്താന്‍ സാധിച്ചിരുന്നില്ല.

തന്റെ മൂന്നാം പിറന്നാളിന് അപ്രതീക്ഷിതമായി പന്ത് സമ്മാനമായി ലഭിച്ചത് മുതലാണ് ഫുട്‌ബോളുമായുള്ള കുഞ്ഞു മറഡോണയുടെ ബന്ധം ആരംഭിക്കുന്നത്. കസിനായ ബെറ്റോ സരാറ്റെയാണ് ഡീഗോയ്ക്ക് പിറന്നാള്‍ സമ്മാനം നല്‍കിയത്.

ആ പന്ത് മറ്റാരും എടുക്കാതിരിക്കാന്‍ അത് ഉടുപ്പിന്റെ ഉള്ളിലാക്കിയായിരുന്നു കുഞ്ഞു മറഡോണ കിടന്നുറങ്ങാറ്. എപ്പോഴും പന്തും കൊണ്ട് നടന്നിരുന്ന അവനെ പഠിത്തമടക്കമുള്ള കാര്യങ്ങളില്‍ ശ്രദ്ധിക്കാനായി അമ്മ ഡാല്‍മ ചീത്ത പറയുന്നതും പതിവായിരുന്നു. പലപ്പോഴും ആ പന്ത് അവരെടുത്ത് ഒളിപ്പിച്ചുവെയ്ക്കുകയും ചെയ്തിരുന്നു. എന്നാല്‍, ഇതൊന്നും ലോകഫോട്‌ബോളിന്റെ ഇതിഹാസ നായകന്റെ പിറവിക്ക് തടസമായില്ല.

എട്ടാം വയസ് മുതല്‍ ഫുട്‌ബോളില്‍ വിസ്മയം തീര്‍ക്കാന്‍ തുടങ്ങിയ ഡീഗോ ഒമ്പതാം വയസില്‍ തന്നെ ആ പ്രദേശത്തെ ഏറ്റവും നല്ല ഫുട്‌ബോള്‍ കളിക്കാരനായി പേരെടുത്തു. പ്രദേശത്തെ ഫുട്‌ബോള്‍ ടീമായിരുന്ന ലിറ്റില്‍ ഒനിയനിലേക്ക് ഡീഗോ തിരഞ്ഞെടുക്കപ്പെട്ടു.

കുഞ്ഞന്‍ മറഡോണ ടീമിലെത്തിയ ശേഷം തുടര്‍ച്ചയായ 140 മത്സരങ്ങളാണ് ലിറ്റില്‍ ഒനിയനിയന്‍ ജയിച്ചുകയറിയത്. അസാമാന്യ വേഗവും ഡ്രിബിളിങ് പാടവവും മികച്ച അസിസ്റ്റുകളും അളന്നുമുറിച്ച പാസുകളും ഡീഗോയെ പെട്ടന്ന് തന്നെ ഫുട്‌ബോള്‍ പ്രേമികളുടെ പ്രിയപ്പെട്ടവനാക്കി.

കളിക്കളത്തിലെ പ്രതിഭയെ തിരിച്ചറിച്ച് 12ാം വയസില്‍ ലിറ്റില്‍ ഒനിയനിയന്‍സില്‍ നിന്ന് മറഡോണയെ ലോസ് സെബോല്ലിറ്റാസ് ക്ലബ്ബ് റാഞ്ചി. അവിടെ നിന്ന് അര്‍ജന്റിനോസ് ജൂനിയേഴ്‌സ് ടീമിലേക്ക്. പിന്നീട് വച്ചടി വച്ചടി കയറ്റമായിരുന്നു.

അങ്ങനെ 1976ല്‍ 16 വയസ് തികയാന്‍ 10 ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെയാണ് മറഡോണ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ അരങ്ങേറ്റം കുറിച്ചത്. 2003 വരെ അര്‍ജന്റീനയില്‍ പ്രൊഫഷണല്‍ ലീഗില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന ബഹുമതിയും ഡീഗോയ്ക്ക് സ്വന്തമായിരുന്നു.

1976 മുതല്‍ 1981 വരെയുള്ള കാലയളവില്‍ അര്‍ജന്റിനോസ് ജൂനിയേഴ്‌സിനായി 166 മത്സരങ്ങള്‍ കളിച്ച താരം 111 ഗോളുകളും സ്വന്തം പേരിലാക്കി. ഒന്നാം ഡിവിഷനില്‍ 19ാം സ്ഥാനത്തായിരുന്ന ക്ലബ്ബ് മറഡോണയുടെ വരവോടെ 1980ല്‍ രണ്ടാം സ്ഥാനത്തേക്ക് കുതിച്ചെത്തി.

1977 ഫെബ്രുവരി 27ന് ഹംഗറിക്കെതിരേയായിരുന്നു ‘നീലക്കുപ്പായത്തില്‍’ അദ്ദേഹത്തിന്റെ അരങ്ങേറ്റം. എന്നാല്‍, പ്രായം കുറഞ്ഞ താരമെന്ന കാരണത്താല്‍ 1978ലെ അര്‍ജന്റീനയുടെ ലോകകപ്പ് ടീമില്‍ അദ്ദേഹത്തിന് ഇടംകിട്ടിയില്ല.

1979 ജൂണ്‍ രണ്ടിന് സ്‌കോട്ട്‌ലന്‍ഡിനെതിരേ നടന്ന മത്സരത്തിലായിരുന്നു രാജ്യത്തിനായുള്ള ഡീഗോയുടെ ആദ്യ ഗോള്‍. അതേ വര്‍ഷം തന്നെ യൂത്ത് ചാമ്പ്യന്‍ഷിപ്പിനുള്ള അര്‍ജന്റീന ടീമിനെ നയിക്കാന്‍ അദ്ദേഹത്തെ ചുമതലപ്പെടുത്തി. ടൂര്‍ണമെന്റിലെ മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ നേടിയ മറഡോണ, അര്‍ജന്റീനയെ ജേതാക്കളാക്കിയ ശേഷം കപ്പുമായാണ് മടങ്ങിയെത്തിയത്. 1986 ലോകകപ്പിലെയും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ അദ്ദേഹത്തിനായിരുന്നു. യൂത്ത് ലോകകപ്പിലും സീനിയര്‍ ലോകകപ്പിലും ഗോള്‍ഡന്‍ ബോള്‍ നേടിയ ഏക താരം കൂടിയാണ് മറഡോണ.

1986ലെ മെക്‌സിക്കോ ലോകകപ്പ് ഫൈനലില്‍ ഡീഗോ കിരീടമേറ്റുവാങ്ങുമ്പോള്‍ നൂറ്റാണ്ടിന്റെ ഗോളിന്റെ ഖ്യാതിയും ദൈവത്തിന്റെ കൈയുടെ അപഖ്യാതിയും ഒപ്പമുണ്ടായിരുന്നു.

നാലുവര്‍ഷങ്ങള്‍ക്ക് ശേഷം പശ്ചിമജര്‍മ്മനിയോട് ഫൈനലില്‍ അര്‍ജന്റീന തോല്‍ക്കുമ്പോള്‍ ആരാധകര്‍ കണ്ണീരൊഴുക്കുകയായിരുന്നുവെങ്കില്‍ 1994 ലോകകപ്പിനിടെ ഉത്തേജകമരുന്നടിക്ക് പിടിയിലായി തലകുനിച്ച് മടങ്ങുമ്പോള്‍ അമ്പരന്ന് നില്‍ക്കുകയായിരുന്നു അവര്‍.

പിന്നീട് മയക്കുമരുന്നിന്റെയും മദ്യത്തിന്റെയും നീരാളിക്കൈകളില്‍പ്പെട്ട് ആശുപത്രിക്കിടക്കകളിലെ സ്ഥിരക്കാരനായ ഡീഗോ മരണത്തിന്റെ പടിവാതില്‍ക്കലെത്തി പലകുറി തിരിച്ചുവന്നു.

ഡിഫന്‍ഡര്‍മാരെ കബളിപ്പിച്ച് ഗോളിലേക്ക് മുന്നേറുന്ന തന്നിലെ പ്രതിഭയുടെ സഞ്ചാരംപോലെ ഒടുവില്‍ രോഗങ്ങളെ ചിതറിപ്പെറുപ്പിച്ച് ഡീഗോ പരിശീലകന്റെ വേഷത്തില്‍ കളിക്കളത്തില്‍ തിരികെയെത്തി. 2010 ലോകകപ്പില്‍ മെസിയുടെ നേതൃത്വത്തിലിറങ്ങിയ അര്‍ജന്റീനയുടെ കോച്ചായായിരുന്നു ആ തിരിച്ചു വരവ്. മുന്‍നിരയിലെങ്ങുമില്ലെങ്കിലും പരിശീലകനായും കാഴ്ചക്കാരനായും മറഡോണ ഇപ്പോഴും സജീവമാണ്.

  • ഏകാന്തതയിൽ 60ാം പിറന്നാള്‍

ലോകമെങ്ങുമുള്ള ആരാധകര്‍ പിറന്നാള്‍ ആഘോഷിക്കുമ്പോഴും ഡീഗോ ഇത്തവണ ഏകാന്തതയിലാണ്. അര്‍ജന്റീനിയന്‍ ക്ലബ് ജിംനേഷ്യ എസ്ഗ്രിമ ലാ പ്‌ളാറ്റയുടെ പരിശീലകനായ മറഡോണയുടെ അംഗക്ഷകന് കഴിഞ്ഞ ദിവസം കോവിഡ് ലക്ഷണങ്ങള്‍ കണ്ടെത്തിയതിനാല്‍ ബ്യൂണസ് ഐറിസിലെ വീട്ടില്‍ സ്വയം ഐസോലേഷനിലാണ് അദ്ദേഹം.

നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള ഡീഗോ ഹൈ റിസ്‌ക് കാറ്റഗറിയിലായിരുന്നതിനാല്‍ നേരത്തെ ക്ലബിലെ ഒരു കളിക്കാരന് കോവിഡ് സ്ഥിരീകരിച്ചപ്പോഴും ഐസൊലേഷനില്‍ പോയിരുന്നു.

  • രാഷ്ട്രീയക്കാരനായ ഡീഗോ

തന്റെ രാഷ്ട്രീയ നിലപാടുകളും ഡീഗോ ഒരിക്കലും മറച്ചുവച്ചിരുന്നില്ല. ഫിഡല്‍ കാസ്‌ട്രോയും ഹ്യൂഗോ ഷാവേസുമായുള്ള സൗഹൃദത്തിലൂടെ തന്റെ നിലപാടുകള്‍ അദ്ദേഹം ലോകത്തോട് തുറന്നുപറയുകയായിരുന്നു. ഡീഗോയുടെ ഇടംകാലില്‍ കാസ്‌ട്രോയുടേയും വലംകൈയില്‍ ചെഗുവേരയുടെയും ചിത്രം പച്ചകുത്തിയിട്ടുണ്ട്.ക്യൂബയോടെള്ള സ്‌നേഹം കൊണ്ടാണ് അദ്ദേഹം ക്യൂബയില്‍ തന്നെ ലഹരി മുക്തിചികിത്സയ്‌ക്കെത്തിയത്. വെനിസ്വേലന്‍ ജനതയുമായും ഈ ആത്മബന്ധം അദ്ദേഹം കാത്തുസൂക്ഷിക്കുന്നു.

  • ദൈവത്തിന്റെ കൈ

1986 മെക്‌സിക്കോ ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഇംഗ്ലണ്ടായിരുന്നു അര്‍ജന്റീനയ്ക്ക് എതിരാളികള്‍. മത്സരം അര്‍ജന്റീന 2 – 1ന് ജയിച്ചു. രണ്ടുഗോളുകളും നേടിയത് ഡീഗോ തന്നെ. ഇതില്‍ ആദ്യ ഗോളാണ് ‘ദൈവത്തിന്റെ കൈ’ കൊണ്ട് നേടിയ ഗോളായി വിശേഷിപ്പിക്കപ്പെട്ടത്. ഉയര്‍ന്നുചാടി ഹെഡ് ചെയ്യാനുള്ള ശ്രമത്തിനിടെ ഡീഗോ കൈകൊണ്ട് തട്ടി പന്ത് വലയില്‍ കയറ്റുകയായിരുന്നു. എന്നാല്‍ റഫറി ഗോള്‍ വിധിക്കുകയും ഡീഗോ ഒന്നുമറിയാത്തപോലെ ആഘോഷിക്കുകയും ചെയ്തു.

പിന്നീട് വീഡിയോ റീപ്ലേയില്‍ ഇത് ഹാന്‍ഡ് ഗോളാണെന്ന് തെളിഞ്ഞപ്പോള്‍ കുറച്ച് മറഡോണയുടെ തലയും കുറച്ച് ദൈവത്തിന്റെ കരങ്ങളും ചേര്‍ന്ന ഗോളായിരുന്നു ഇതെന്നാണ് മറഡോണ പറഞ്ഞത്. എന്നാല്‍ 2005ല്‍ ഒരു ടെലിവിഷന്‍ ഷോയില്‍ മറഡോണ താന്‍ മനപൂര്‍വമാണ് പന്ത് കൈകൊണ്ട് തട്ടിയിട്ടതെന്ന് സമ്മതിച്ചിരുന്നു.

  • നൂറ്റാണ്ടിന്റെ ഗോള്‍

ഇംഗ്ലണ്ടിനെതിരായ ഇതേ മത്സരത്തിലെ രണ്ടാം ഗോള്‍ മറഡോണയുടെ ആദ്യ ഗോളിന്റെ പാപഭാരങ്ങളെല്ലാം കഴുകിക്കളയുന്നതായിരുന്നു. ആദ്യഗോള്‍ പിറന്ന് നാലുമിനിട്ടിനകം സ്വന്തം ഹാഫില്‍ നിന്ന് കിട്ടിയ പന്തുമായി മൈതാനത്തിന്റെ പാതിയിലേറെ ഒറ്റയ്‌ക്കോടിയ മറഡോണ അഞ്ച് ഡിഫന്‍ഡര്‍മാരെ വെട്ടിച്ച് ഗോളടിക്കുന്നതിനിടയില്‍ 11 ടച്ചുകളാണ് പന്തില്‍ നടത്തിയത്. 2002ല്‍ ഫിഫ നടത്തിയ വോട്ടെടുപ്പില്‍ നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഗോളായാണ് ഇതിനെ തിരഞ്ഞെടുത്തത്.

  • ലഹരിയുടെ വഴികള്‍

1983ല്‍ സ്പാനിഷ് ക്ലബ് ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കാന്‍ സ്‌പെയ്‌നിലേക്ക് എത്തുമ്പോള്‍ തന്നെ ഡീഗോ കൊക്കെയ്ന്‍ ഉപയോഗിച്ച് തുടങ്ങിയിരുന്നു. പിന്നീട് നാപ്പോളിയിലേക്ക് എത്തിയപ്പോള്‍ ലഹരി ഉപയോഗം കളിയെ ബാധിക്കുന്ന രീതിയിലായി. അനിയന്ത്രിതമായി മാറിയ ശരീരഭാരം കുറയ്ക്കാന്‍ മരുന്ന് ഉപയോഗിച്ചതിനാല്‍ 1994 ലോകകപ്പില്‍ ഉത്തേജകപരിശോധനയില്‍ ഡീഗോ പരാജയപ്പെട്ടു. 2004വരെ കൊക്കെയ്ന്‍ ഉപയോഗം തുടര്‍ന്ന താരം പൊണ്ണത്തടി കുറയക്കാന്‍ 2005ല്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായി. അതിന് ശേഷം തടികുറഞ്ഞെങ്കിലും മദ്യപാനം തുടര്‍ന്നതിനാല്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളുണ്ടായി. 2007 ല്‍ ദീര്‍ഘനാള്‍ ആശുപത്രി വാസത്തിന് ശേഷം ലഹരിയോട് വിടപറഞ്ഞു.

  • ജഴ്‌സി നമ്പര്‍ 10

പത്താം നമ്പര്‍ ജഴ്‌സിയെ ലോക പ്രസിദ്ധമാക്കിയതും ഈ ഇതിഹാസം തന്നെയാണ്. തനിക്ക് മുമ്പും ശേഷവും പലരും പത്താം നമ്പര്‍ കുപ്പായം അണിഞ്ഞിട്ടുണ്ടെങ്കിലും ആ നമ്പര്‍ തന്റെ പര്യായമാക്കി മാറ്റിയത് ഡീഗോയാണ്. അര്‍ജന്റീന ദേശീയക്കുപ്പായത്തില്‍ മാത്രമല്ല ബാഴ്‌സലോണയിലും നാപ്പോളിയിലും സെവിയ്യയിലും ബൊക്ക ജൂനിയേഴ്‌സിലും ന്യൂവെല്‍ ബോയ്‌സിലുമൊക്കെ പത്താം നമ്പര്‍ മറഡോണയുടെ സ്വന്തമായിരുന്നു. ടീമിലെ ഏറ്റവും മികച്ച കളിക്കാരന്‍ പത്താം നമ്പര്‍ ജഴ്‌സി അണിയുന്നത് ശീലമാക്കിയത് മറഡോണയ്ക്ക് ശേഷമാണ്.

1982, 1986, 1990, 1994 എന്നിങ്ങനെ തുടര്‍ച്ചയായ നാലു ലോകകപ്പുകളില്‍ കളിച്ച താരമാണ് മറഡോണ. ആദ്യ ലോകകപ്പില്‍ പ്രതീക്ഷിച്ച മികവ് കാട്ടാനായില്ലെങ്കിലും നാലുവര്‍ഷത്തിന് ശേഷം മെക്‌സിക്കോയില്‍ ഫൈനലില്‍ പശ്ചിമജര്‍മ്മനിയെ തോല്‍പ്പിച്ച് കിരീടം ഏറ്റുവാങ്ങി. എന്നാല്‍, നാലുവര്‍ഷത്തിന് ശേഷം അതേ ജര്‍മ്മനിയോട് ഫൈനലില്‍ തോറ്റു. 1994ല്‍ ഉത്തേജകപരിശോധനയില്‍ തോറ്റ് നാണം കെട്ട് മടങ്ങി.

17 കൊല്ലം നീണ്ട കരിയറില്‍ 91 മത്സരങ്ങളാണ് മറഡോണ അര്‍ജന്റീനയുടെ ജഴ്സിയിൽ കളിച്ചത്. 34ഗോളുകള്‍ നേടി. അതേസമയം, 491 മത്സരങ്ങളാണ് 21 കൊല്ലം നീണ്ട പ്രൊഫഷണല്‍ ക്ലബ് കരിയറില്‍ കളിച്ചത്. 259 ഗോളുകളും നേടി. പുരസ്‌കാരങ്ങള്‍: 1979,80 – സൗത്ത് അമേരിക്കന്‍ ഫുട്ബാളര്‍ ഒഫ് ദ ഇയര്‍. 1979,80,81,86 – സൗത്ത് അമേരിക്കന്‍ ഫുട്ബാള്‍ റൈറ്റേഴ്‌സ് അവാര്‍ഡ്. 1985- സെരി എ ഫുട്ബാളര്‍ ഒഫ് ദ ഇയര്‍. 1986- ലോകകപ്പ് ഗോള്‍ഡന്‍ ബാള്‍, സില്‍വര്‍ ഷൂ. 1989, 90 – യൂറോപ്യന്‍ ഫുട്‌ബോളര്‍ ഒഫ് ദ സീസണ്‍. 1990 – ലോകകപ്പ് ബ്രൗണ്‍സ് ബോള്‍. 1996 – വിശിഷ്ട സേവനത്തിന് ബാലണ്‍ ഡി ഓര്‍. 1999 – അര്‍ജന്റീന ഫുട്ബാള്‍ റൈറ്റേഴ്‌സ് പ്ലയര്‍ ഒഫ് ദ സെഞ്ച്വറി. 2000 – 20നൂറ്റാണ്ടിലെ മികച്ച താരമായി പെലെയ്‌ക്കൊപ്പം ഫിഫ തിരഞ്ഞെടുത്തു. 2002 ഫിഫ ഗോള്‍ ഒഫ് ദ സെഞ്ച്വറി അവാര്‍ഡ്.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.