പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന സുരേഷ് ഗോപി ചിത്രം ഒറ്റക്കൊമ്പനിൽ ബിജു മേനോനും ഭാഗമാകും. നിർമ്മാതാവ് ടോമിച്ചൻ മുളകുപാടമാണ് ചിത്രത്തിന്റെ ഭാഗമാകാൻ നടൻ ബിജു മേനോനും എത്തുന്നുവെന്ന വിവരം പുറത്തുവിട്ടിരിക്കുന്നത്.
ചിത്രവുമായി ബന്ധപ്പെട്ട സർപ്രൈസ് പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബിജു മേനോൻ ചിത്രത്തിന്റെ ഭാഗമാകുന്നെന്ന് അറിയിച്ചിരിക്കുന്നത്. ബിജു മേനോന്റെ ലുക്കും പുറത്തുവിട്ടിട്ടുണ്ട്. അയ്യപ്പനും കോശിക്കും ശേഷം ഒരു പരുക്കൻ കഥാപാത്രമായിരിക്കും താരം ചെയ്യുകയെന്നാണ് ലുക്ക് നൽകുന്ന സൂചനകൾ.
ബിജു മേനോന്റെ സാന്നിദ്ധ്യം തങ്ങളുടെ പ്രോജക്ടിനെ കൂടുതൽ ചലനാത്മകവും ഉത്സാഹപൂർണ്ണവുമാക്കുമെന്നും ടോമിച്ചൻ കുറിക്കുന്നു. സുരേഷ് ഗോപിയും താരത്തെ ചിത്രത്തിലേക്ക് സ്വാഗതം ചെയ്തിട്ടുണ്ട്. നവാഗതനായ മാത്യൂസ് തോമസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.
സുരേഷ് ഗോപിയുടെ 250മത്തെ ചിത്രമാണ് ഒറ്റക്കൊമ്പൻ. ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപനം നടത്തിയത് വലിയ താരനിരയായിരുന്നു. വിവാദങ്ങളെ മറികടന്നായിരുന്നു ടൈറ്റിൽ പ്രഖ്യാപനത്തിലേക്ക് അണിയറ പ്രവർത്തകർ എത്തിയത്. ഒക്ടോബർ 26നാണ് ചിത്രത്തിന്റെ പേര് പ്രഖ്യാപിക്കപ്പെട്ടത്. പ്രധാന ഷെഡ്യൂൾ ഇനിയും ആരംഭിച്ചിട്ടില്ല.
ഷിബിൻ ഫ്രാൻസിസ് രചന നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ഷാജി കുമാർ ആണ്. സംഗീത സംവിധാനം ഹർഷവർധൻ രാമേശ്വർ. ഓഡിയോഗ്രഫി എം ആർ രാജകൃഷ്ണൻ. നിഥിൻ രൺജി പണിക്കരുടെ ‘കാവലി’നു ശേഷം സുരേഷ് ഗോപി അഭിനയിക്കുന്ന ചിത്രം കൂടിയാണ് ‘ഒറ്റക്കൊമ്പൻ’.
ഐറിഷ് മലയാളി ന്യൂസ്


 
			 
						
Comments are closed.