head3
head1

‘ഇന്ദിരാ ഗാന്ധി’യാവാൻ കങ്കണ; പുതിയ ചിത്രം പ്രഖ്യാപിച്ച് താരം

ഇന്ത്യയുടെ മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാകാൻ ഒരുങ്ങി ബോളിവുഡ് താരം കങ്കണ റണാവത്ത്. തമിഴ്‌നാട് മുൻ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതം ആസ്പദമാക്കിയുള്ള ‘തലൈവി’ എന്ന ചിത്രത്തിന് ശേഷമാണ് ഇന്ദിരാ ഗാന്ധിയാകാൻ കങ്കണ ഒരുങ്ങുന്നത്. ഇതുവരെ പേരിട്ടിട്ടില്ലാത്ത ഈ ചിത്രം ഒരു ജീവചരിത്രമല്ലെന്നാണ് റിപ്പോർട്ട്. തലൈവിക്ക് ശേഷം കങ്കണ ചെയ്യുന്ന പൊളിറ്റിക്കൽ ഡ്രാമയാണ് പുതിയ ചിത്രം.

കങ്കണയ്ക്ക് പുറമെ ചിത്രത്തിൽ നിരവധി പ്രമുഖ നടൻമാരും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ. തന്റെ സുഹൃത്തുകൂടിയായ സായ് കബീറിനൊപ്പം ഒരു പൊളിറ്റിക്കൽ ഡ്രാമക്കായി ഒരുങ്ങുകയാണെന്നാണ് കങ്കണ ട്വിറ്ററിൽ കുറിച്ചത്. പുതിയ ചിത്രത്തിന്റെ തിരക്കഥയെഴുതുകയാണെന്നും ഇന്ദിരാ ഗാന്ധിയുടെ ജീവചരിത്രമാകില്ല സിനിമയെന്നും കങ്കണയുടെ ഓഫീസ് ഇറക്കിയ പ്രസ്ഥാവനയിൽ വ്യക്തമാക്കിയിരുന്നു. നിലവിലെ ഇന്ത്യയുടെ സാമൂഹ്യ രാഷ്ട്രീയ സ്ഥിതിയെ വ്യക്തമായി മനസിലാക്കാൻ ഈ ചിത്രത്തിലൂടെ സാധിക്കുമെന്നും പ്രസ്ഥാവനയിൽ കങ്കണ പറഞ്ഞു.

കങ്കണയുടെ ‘റിവോൾവർ റാണി’ എന്ന ചിത്രത്തിന്റെ സംവിധായകൻ സായ് കബീറാണ് പുതിയ ചിത്രത്തിന്റെ തിരക്കഥയും സംവിധാനവും നിർവ്വഹിക്കുന്നത്.

തലൈവിയുടെ ഷൂട്ടിങ് അടുത്തിടെയാണ് പൂർത്തിയായത്. ചിത്രത്തിൽ ജയലളിതയായി അഭിയനയിക്കുന്ന കങ്കണയ്‌ക്കൊപ്പം എംജിആറായി വേഷമിടുന്നത് അരവിന്ദ് സ്വാമിയാണ്. എ.എൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രം തമിഴ്, തെലുങ്ക് എന്നീ ഭാഷകളിലായാണ് ഒരുക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.