head3
head1

ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്

തിരുവനന്തപുരം : മലയാള ചലച്ചിത്ര മേഖലയിലെ സമുന്നത ബഹുമതിയായ ജെ.സി ഡാനിയേല്‍ പുരസ്‌കാരം സംവിധായകന്‍ ഹരിഹരന്. അഞ്ചു ലക്ഷം രൂപയും പ്രശസ്തിപത്രവും ശില്‍പവും അടങ്ങുന്നതാണ് പുരസ്‌കാരം. 2019ലെ പുരസ്‌കാരമാണ് ചൊവ്വാഴ്ച പ്രഖ്യാപിച്ചത്.

എം.ടി വാസുദേവന്‍ നായര്‍ ചെയര്‍മാനും സംവിധായകന്‍ ഹരികുമാര്‍, നടി വിധുബാല, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ് സെക്രട്ടറി റാണി ജോര്‍ജ് എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ് പുരസ്‌കാര ജേതാവിനെ തെരഞ്ഞെടുത്തത്.

അരനൂറ്റാണ്ടിലധികം ചലച്ചിത്ര രംഗത്ത് നിറഞ്ഞുനില്‍ക്കുന്ന ഹരിഹരന്‍, മലയാള സിനിമയുടെ കലാപരവും ഭാവുകത്വപരവുമായ പരിവര്‍ത്തനങ്ങള്‍ക്ക് ഒപ്പം സഞ്ചരിക്കുകയും ചലച്ചിത്ര ചരിത്രത്തിലെ നാഴികക്കല്ലുകളായ സിനിമകള്‍ സമ്മാനിക്കുകയും ചെയ്തുവെന്ന് സമിതി വിലയിരുത്തി. 2016ല്‍ അടൂര്‍ ഗോപാലകൃഷ്ണനും 2017ല്‍ ശ്രീകുമാരന്‍ തമ്പിയും 2018ല്‍ ഷീലയുമാണ് ജെ.സി ഡാനിയേല്‍ പുരസ്‌കാരം സ്വന്തമാക്കിയത്.

കോഴിക്കോട് സ്വദേശിയായ ഹരിഹരന്‍ 1965 ലാണ് സിനിമാരംഗത്തെത്തുന്നത്. നടന്‍ ബഹദൂറുമായുള്ള സൗഹൃദമാണ് സിനിമയിലേക്കുള്ള വഴി അദ്ദേഹത്തിനു മുന്നില്‍ തുറന്നു കൊടുക്കുന്നത്. 1973-ല്‍ ലേഡീസ് ഹോസ്റ്റല്‍ എന്ന ആദ്യ ചിത്രം സംവിധാനം ചെയ്തു. ശരപഞ്ജരം, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, പഞ്ചാഗ്നി, നഖക്ഷതങ്ങള്‍, ആരണ്യകം, ഒരു വടക്കന്‍ വീരഗാഥ, സര്‍ഗം, എന്ന് സ്വന്തം ജാനകിക്കുട്ടി, പഴശ്ശിരാജ തുടങ്ങി 52 സിനിമകള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. 2013-ല്‍ പുറത്തിറങ്ങിയ ഏഴാമത്തെ വരവാണ് അവസാനമായി സംവിധാനം ചെയ്ത സിനിമ. മികച്ച സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം മൂന്നു തവണ നേടിയിട്ടുള്ള അദ്ദേഹത്തെ തേടി മൂന്നു തവണ ദേശീയ പുരസ്‌കാരവുമെത്തിയിട്ടുണ്ട്. ചെന്നൈ നുങ്കംപക്കത്താണ് ഹരിഹരന്‍ ഇപ്പോള്‍ താമസിക്കുന്നത്.

ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാലഘട്ടത്തില്‍ സംവിധാനം ആരംഭിച്ച ഹരിഹരന്‍ പ്രേം നസീര്‍, മധു, ജയന്‍ തുടങ്ങിയ അന്നത്തെ സൂപ്പര്‍ താരങ്ങള്‍ക്ക് നിരവധി ഹിറ്റുകളും സമ്മാനിച്ചിട്ടുണ്ട്.

1976-ല്‍ പുറത്തിറങ്ങിയ പഞ്ചമി എന്ന ഹരിഹരന്‍ സിനിമയിലൂടെയാണ് ജയന്‍ എന്ന താരത്തിന്റെ പിറവി പോലും. മാധവി, ഗീത, രംഭ, മനോജ് കെ. ജയന്‍, മേഘനാഥന്‍, ലക്ഷ്മി കൃഷ്ണമൂര്‍ത്തി, രവി ബോംബെ തുടങ്ങി ഒട്ടേറെ പ്രതിഭകളെ മലയാളത്തിന് പരിചയപ്പെടുത്തിയത് ഹരിഹരനാണ്. എംടി -ഹരിഹരന്‍ ടീം അന്നും ഇന്നും മലയാള സിനിമയിലെ ഏറ്റവും മികച്ച കൂട്ടുകെട്ടാണ്. ഇവര്‍ രണ്ടും ചേര്‍ന്നൊരുക്കിയ സിനിമകള്‍ സാമ്പത്തിക വിജയം നേടിയതിനൊപ്പം മലയാള സിനിമയെ രാജ്യാന്തര തലത്തില്‍ ശ്രദ്ധേയമാക്കുകയും ചെയ്തു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.