head1
head3

‘അയര്‍ലണ്ട് നോട്ടപ്പുള്ളി’:അമേരിക്കന്‍ സര്‍ക്കാരിന്റെ കറന്‍സി മോണിറ്ററിംഗ് ലിസ്റ്റില്‍ അയര്‍ലണ്ടും സ്വിറ്റ്സര്‍ലന്റും

വാഷിംഗ്ടണ്‍ :യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സര്‍ക്കാരിന്റെ കറന്‍സി ‘മോണിറ്ററിംഗ് ലിസ്റ്റി’ല്‍ അയര്‍ലണ്ടിനെയും സ്വിറ്റ്സര്‍ലന്റിനെയും ഉള്‍പ്പെടുത്തി. മികച്ച വ്യാപാര മിച്ചവും സാമ്പത്തിക വളര്‍ച്ചയുമാണ് ഇരു രാജ്യങ്ങളെയും അമേരിക്കയുടെ നോട്ടപ്പുള്ളികളാക്കിയത്.യുഎസുമായുള്ള ഉയര്‍ന്ന വ്യാപാര, കറന്റ് അക്കൗണ്ട് മിച്ചമാണ് അയര്‍ലണ്ടിനെയും സ്വിറ്റ്സര്‍ലന്റിനെയും പട്ടികയില്‍പ്പെടുത്താന്‍ കാരണമായതെന്നും ട്രഷറി വകുപ്പിന്റെ സെമി ആനുവല്‍ കറന്‍സി റിപ്പോര്‍ട്ട് പറയുന്നു.

ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ, തായ്വാന്‍, സിംഗപ്പൂര്‍, വിയറ്റ്നാം, ജര്‍മ്മനി എന്നീ രാജ്യങ്ങളും കറന്‍സിയിലെ കൃത്രിമത്വം നിരീക്ഷിക്കുന്ന ഈ ലിസ്റ്റിലുണ്ട്.വിനിമയ നിരക്ക് നയങ്ങളിലും രീതികളിലും സുതാര്യതയില്ലായ്മയില്ലെന്ന് ചൂണ്ടിക്കാട്ടി ചൈനയ്ക്ക് കര്‍ശന മുന്നറിയിപ്പും റിപ്പോര്‍ട്ട് നല്‍കുന്നു.

പ്രധാന യു.എസ്. വ്യാപാര പങ്കാളികളാരും കറന്‍സിയില്‍ കൃത്രിമം കാണിച്ചിട്ടില്ലെന്നും സെമി ആനുവല്‍ കറന്‍സി റിപ്പോര്‍ട്ടില്‍ ടഷറി വകുപ്പ് വ്യക്തമാക്കുന്നു.എന്നിരുന്നാലും അധിക വിദേശനാണ്യ പരിശോധനയ്ക്കായി അയര്‍ലണ്ടിനെയും സ്വിറ്റ്സര്‍ലന്‍ഡിനെയും നിരീക്ഷണ പട്ടികയില്‍ ചേര്‍ക്കുകയാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

യു എസുമായി കുറഞ്ഞത് 15 ബില്യണ്‍ ഡോളര്‍ (13 ബില്യണ്‍ യൂറോ) വ്യാപാര മിച്ചം,ജിഡിപിയേക്കാള്‍ മൂന്ന് ശതമാനത്തില്‍ കൂടുതലുള്ള ആഗോള അക്കൗണ്ട് സര്‍പ്ലസും തുടര്‍ച്ചയായ വണ്‍-വേ നെറ്റ് ഫോറിന്‍ എക്സ്ചേഞ്ച് പര്‍ച്ചേയ്സസുമാണ് രാജ്യങ്ങളെ ഈ പട്ടികയിലുള്‍പ്പെടുത്തുന്നതിന്റെ മാനദണ്ഡങ്ങള്‍. ഇങ്ങനെയുള്ള രാജ്യങ്ങള്‍ ഓട്ടോമാറ്റിക്കായി ഈ പട്ടികയിലേക്ക് ചേരുമെന്നും റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.

കറന്‍സി കൃത്രിമത്വം നടത്തുന്നതായുള്ള ആരോപണം സ്വിസ് നാഷണല്‍ ബാങ്ക് നിഷേധിച്ചു. കഴിഞ്ഞ മാസം സ്വിസ് ഫ്രാങ്ക് പണപ്പെരുപ്പം നെഗറ്റീവ് തലത്തിലേക്ക് എത്തിയിരുന്നു. തുടര്‍ന്ന് രാജ്യത്തിന്റെ താല്‍പ്പര്യ സംരക്ഷണത്തിനായി ചില പ്രവര്‍ത്തനങ്ങള്‍ നടത്തിയെന്നും അത് തുടരുമെന്ന് ബാങ്ക് പറഞ്ഞു.വ്യാപാര സന്തുലിതാവസ്ഥയിലെ ക്രമീകരണങ്ങള്‍ തടയാനോ സ്വിസ് സമ്പദ്വ്യവസ്ഥയ്ക്ക് അന്യായമായ നേട്ടങ്ങള്‍ സ്വന്തമാക്കാനോ ശ്രമിക്കാറില്ലെന്നും ബാങ്ക് വിശദീകരിച്ചു.ലക്ഷക്കണക്കിന് പേരാണ് സ്വിസ് സമ്പദ്വ്യവസ്ഥയില്‍ നിക്ഷേപവുമായി എത്തുന്നത്. എന്നാല്‍ അയര്‍ലണ്ടില്‍ പണമെത്തുന്നത് ‘എവിടെ നിന്നുമാണെന്ന് ഇനിയും കണ്ടുപിടിക്കപ്പെട്ടില്ലെന്ന് സോഷ്യല്‍ മീഡിയ ആരോപിക്കുന്നു.

ലോകത്തിലെ ഏറ്റവും വലിയ രണ്ട് സമ്പദ്വ്യവസ്ഥകളായ ഇരു രാജ്യങ്ങളും തമ്മില്‍ നിര്‍ണായക ധാതുക്കളെച്ചൊല്ലിയും മറ്റും വ്യാപാര തര്‍ക്കവും നിരന്തര സംഘര്‍ഷവും നിലനില്‍ക്കുന്നുണ്ട്. ഇതുസംബന്ധിച്ച് ചൈനയുടെ നേതാവ് ഷി ജിന്‍പിങ്ങുമായി ട്രംപ് ചര്‍ച്ച നടത്തി മണിക്കൂറുകള്‍ക്ക് ശേഷമാണ് ഈ റിപ്പോര്‍ട്ട് പുറത്തുവന്നത്.ട്രംപ് ചൈനയുമായി നടത്തിയ ആദ്യ ചര്‍ച്ചയായിരുന്നു ഇത്.

ട്രംപ് ജനുവരിയില്‍ അധികാരമേറ്റതിനുശേഷം മൂന്നക്ക പകര താരിഫുകളില്‍ ചിലത് പിന്‍വലിക്കാന്‍ ഇരു രാജ്യങ്ങളും മെയ് 12ന് 90 ദിവസത്തെ കരാറിലെത്തിയിരുന്നു.ട്രംപിന്റെ മുന്‍ഗാമിയായ ജോ ബൈഡന്റെ നാല് വര്‍ഷത്തെ കാലയളവില്‍ ഒരു വ്യാപാര പങ്കാളിയെയും കറന്‍സി കൃത്രിമക്കാരനെന്ന് മുദ്രകുത്തിയിരുന്നില്ല.എന്നാല്‍ ചൈനയുടെ സുതാര്യതയില്ലായ്മയെ കുറിച്ച് ആശങ്കകളുന്നയിച്ചിരുന്നു.

2019 ഓഗസ്റ്റിലാണ് ട്രംപ് ഭരണകൂടം ചൈനയെ കൃത്രിമക്കാരനെന്ന് ആദ്യം മുദ്രകുത്തിയത്.യു എസ്-ചൈന വ്യാപാര സംഘര്‍ഷങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലായിരുന്നു ഈ നീക്കം.2020 ജനുവരിയില്‍ യു എസുമായി വ്യാപാര കരാറില്‍ ഒപ്പുവെക്കാന്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ വാഷിംഗ്ടണില്‍ എത്തിയപ്പോള്‍ ട്രഷറി വകുപ്പ് ആ പദവി നീക്കി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Comments are closed.