head3
head1

രാജാവിനെ ചെളിവാരിയെറിഞ്ഞു ജനക്കൂട്ടം ,സ്പെയിനില്‍ ജനം അതിരോഷത്തില്‍

ബാഴ്സലോണ : വെള്ളപ്പൊക്കക്കെടുതിക്കിരയായവരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് സ്പാനിഷ് രാജാവ് ഫിലിപ്പെ, രാജ്ഞി ലെറ്റിസിയ ,പ്രധാനമന്ത്രി പെഡ്രോ സാഞ്ചസ് എന്നിവര്‍ക്ക് സന്ദര്‍ശനം പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നു.സന്ദര്‍ശനത്തിനിടെ ചെളി വാരിയേറുണ്ടായി. ഇതേ തുടര്‍ന്നാണ് പര്യടനം നിര്‍ത്തിയത്.

പ്രധാനമന്ത്രി പെഡ്രോ സാഞ്ചസിനും വലന്‍സിയ മേഖലയുടെ തലവന്‍ കാര്‍ലോസ് മസോണിനുമെതിരെയായിരുന്നു ജനക്കൂട്ടത്തിന്റെ പ്രതിഷേധമേറെയും. എന്നാല്‍ ചെളിയേറു കിട്ടിയത് രാജാവിനും കുടംബത്തിനുമായിരുന്നു.

യഥാസമയം മുന്നറിയിപ്പ് നല്‍കാതെ പോയതും രക്ഷാപ്രവര്‍ത്തനങ്ങളിലെ മെല്ലെപ്പോക്കുമാണ് ജനരോഷത്തിന് കാരണമായത്. ഇതുവരെ 217 പേരുടെ മരണമാണ് പ്രളയം സ്ഥിരീകരിച്ചത്. ഇനിയുമേറെ ആളുകളെ കണ്ടെടുക്കാനുണ്ട്. ദുരന്തം നടന്ന് ഒരാഴ്ചയടുക്കുമ്പോഴും രക്ഷാ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാണെന്ന ആക്ഷേപവും നിലനില്‍ക്കുന്നു.

രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ദുരന്തത്തില്‍ വലന്‍സിയ മേഖല തരിപ്പണമായി.പൈപോര്‍ട്ടയില്‍ മാത്രം 60ലധികം പേരാണ് മരിച്ചത്.
1967ല്‍ പോര്‍ച്ചുഗലില്‍ 500 പേര്‍ മരിച്ചതിനുശേഷമുള്ള യൂറോപ്പിലെ ഏറ്റവും വലിയ വെള്ളപ്പൊക്ക ദുരന്തമാണിത്.അതിനിടെ മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്ന ബലേറിക് ദ്വീപുകള്‍, കാറ്റലോണിയ, വലന്‍സിയ എന്നിവിടങ്ങളില്‍ കൊടുങ്കാറ്റ് പുതിയ കാലാവസ്ഥാ മുന്നറിയിപ്പ് നല്‍കി.

എല്ലാം നഷ്ടമായവരുടെ രോഷം

നിരവധിയാളുകള്‍ക്കാണ് വീടും  ഗൃഹോപകരണങ്ങളും ജീവിതവുമെല്ലാം നഷ്ടപ്പെട്ടത് . ജീവന്‍ തിരിച്ചുകിട്ടിയെങ്കിലും എല്ലാം നഷ്ടപ്പെട്ടവരേറെയാണ്.ഇവര്‍ക്കുമുമ്പില്‍ ജീവിതം ചോദ്യമാണ്.ദുരന്തനിവാരണ പായ്ക്കേജും ഇരകള്‍ക്ക് സാമ്പത്തിക സഹായവും ഇനിയും പ്രഖ്യാപിച്ചിട്ടുമില്ല.

ഇതൊക്കെയാണ് ജനങ്ങള്‍ സര്‍ക്കാരിനും രാജാവിനുമെതിരെ തിരിയാന്‍ കാരണമായത്.വെള്ളപ്പൊക്കത്തില്‍ ഏറ്റവും കൂടുതല്‍ നാശമുണ്ടായ വലെന്‍സിയയുടെ പ്രാന്തപ്രദേശത്തെ നഷ്ടങ്ങള്‍ നേരില്‍ക്കാണാനെത്തിയതായിരുന്നു രാജാവും സംഘവും. നൂറുകണക്കിന് പ്രദേശവാസികളാണ് ഇവര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി ഗോ ബാക്ക് വിളിച്ചത്. അതിനിടെ ചിലര്‍ ചെളി വാരിയെറിഞ്ഞു.

‘കൊലപാതകികള്‍, കൊലപാതകികള്‍’ എന്നു വിളിച്ചാണ് പ്രദേശവാസികള്‍ നേതാക്കളെ രോഷമറിയിച്ചത്.പലരും ഞങ്ങളുടെ വാക്കുകള്‍ കേള്‍ക്കണമെന്ന് വിളിച്ചുപറഞ്ഞു. രാജാവ് അതിന് തയ്യാറായെങ്കിലും പ്രധാനമന്ത്രി അവിടെ നിന്നും പിന്‍വാങ്ങുകയായിരുന്നു.

ദുരന്തബാധിതരുടെ കോപവും നിരാശയും സ്‌പെയിന്‍ മനസിലാക്കേണ്ടതുണ്ടെന്ന് രാജാവ് പിന്നീട് പറഞ്ഞു.രാജ്യം മുഴുവനായും ഒപ്പമുണ്ടെന്ന ഉറപ്പ് ജനങ്ങള്‍ക്കുണ്ടാകണമെന്നും രാജാവ് സോഷ്യല്‍ മീഡിയയില്‍ പറഞ്ഞു.

ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കേണ്ടത് പ്രാദേശിക അധികാരികളുടെ ഉത്തരവാദിത്തമാണെന്ന് കേന്ദ്ര സര്‍ക്കാരിന്റെ വിശദീകരണം.അതേ സമയം ലഭ്യമായ വിവരങ്ങള്‍ക്കനുസരിച്ച് യഥാസമയം കഴിയുന്നത്ര വേഗതയില്‍ പ്രവര്‍ത്തിച്ചതായി വലെന്‍സിയ അധികൃതരും പറയുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക   https://chat.whatsapp.com/JzpXB775jusJD1C2xHcFqm

Comments are closed.