ഡബ്ലിന്‍ : രാജ്യത്തെ എല്ലാ വാടകക്കാരെയും വാടക സമ്മര്‍ദ്ദമേഖലയില്‍ ( റെന്റ് പ്രഷര്‍ സോണില്‍ ) ഉള്‍പ്പെടുത്തുന്ന പുതിയ നിയമം ഭവന നിര്‍മ്മാണവകുപ്പ് മന്ത്രി ജെയിംസ് ബ്രൗണ്‍ ഇന്ന് മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കും.നിയമം സംബന്ധിച്ച് സര്‍ക്കാര്‍ സഖ്യ നേതാക്കള്‍ ധാരണയിലെത്തിയതിനെ തുടര്‍ന്നാണ് പുതിയ നിയമത്തിന് വഴി തുറന്നത്.പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍, ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, ഭവനമന്ത്രി ജെയിംസ് ബ്രൗണ്‍, ധന മന്ത്രി പാസ്‌കല്‍ ഡോണോ, പബ്ലിക് എക്സ്പെന്റിച്ചര്‍ മന്ത്രി ജാക്ക് ചേംബേഴ്‌സ് എന്നിവര്‍ ഇന്നലത്തെ യോഗത്തില്‍ പങ്കെടുത്തു.
വാടക സമ്മര്‍ദ്ദ മേഖലകള്‍ (ആര്‍പിസെഡുകള്‍) രാജ്യത്താകെ നിലവില്‍ വരുന്നതോടെ നിലവില്‍ ഇതിന് പുറത്ത് താമസിക്കുന്ന വാടകക്കാരില്‍ അഞ്ചിലൊന്ന് പേരും ഈ നിയമത്തിന്റെ പരിധിയില്‍ വരും.വന്‍കിട ഭൂവുടമകളെ ഫാള്‍ട്ട് എവിക്ഷനില്‍ നിന്നും വിലക്കുന്ന പുതിയ നിയമം പ്രോപ്പര്‍ട്ടികളുടെ ഉടമസ്ഥതയെ അടിസ്ഥാനമാക്കി ഇവരെ തരംതിരിക്കും.നാലോ അതിലധികമോ പ്രോപ്പര്‍ട്ടികള്‍ സ്വന്തമായുള്ളവരെ വന്‍കിടക്കാരായും മൂന്നോ അതില്‍ കുറവോ ഉള്ളവരെ ചെറുകിടക്കാരായും വേര്‍തിരിക്കും.
വാടകക്കാര്‍ സ്വമേധയാ ഒഴിവായാല്‍ മാത്രമേ ഭൂവുടമകള്‍ക്ക് വാടക പുനക്രമീകരിക്കാന്‍ കഴിയൂവെന്ന് പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.എന്നാല്‍ നിലവിലെ വാടകക്കാര്‍ ആര്‍പിസെഡില്‍ തുടരും. പുതിയ കെട്ടിടങ്ങള്‍ക്ക് ഇനി വാടക പരിധി ബാധകമാകില്ല.പണപ്പെരുപ്പവുമായി ബന്ധപ്പെട്ടായിരിക്കും വാടക വര്‍ദ്ധനവും കുറവും വരിക. വാടക വര്‍ദ്ധിപ്പിക്കുന്നതിനായി കുടിയൊഴിപ്പിക്കുന്നത് ഇനിയുണ്ടാകില്ലെന്ന് നിയമം പറയുന്നു.വാടകക്കാരുടെ താല്‍പ്പര്യാര്‍ത്ഥം ആറ് വര്‍ഷത്തെ കാലാവധിയുടെ സുരക്ഷയും ലഭിക്കുമെന്നും വ്യക്തമാക്കുന്നു.
പ്രതിപക്ഷ വിമര്‍ശനം
സര്‍ക്കാരിന്റെ പുതിയ നിര്‍ദ്ദേശങ്ങള്‍ വാടക വര്‍ദ്ധനവിന് കാരണമാകുമെന്നും പലരെയും വീടില്ലാത്ത അവസ്ഥയിലെത്തിക്കുമെന്നും ആരോപിച്ച സിന്‍ ഫെയ്ന്‍ നേതാവ് ഒബ്രോയിന്‍ സര്‍ക്കാര്‍ പൊതുജനങ്ങളെ പറ്റിക്കുകയാണെന്നും കുറ്റപ്പെടുത്തി.2022ന് മുമ്പ് വാടക കരാറുകളില്‍ ഒപ്പുവെച്ച ആയിരക്കണക്കിന് വാടകക്കാര്‍ ഉണ്ടെന്നും ആറ് വര്‍ഷത്തേക്ക് മാത്രമേ ഈ ആളുകള്‍ക്ക് സംരക്ഷണം ലഭിക്കുകയുള്ളൂവെന്നും ഒ ബ്രോയിന്‍ പറഞ്ഞു.വാടകക്കാരെ കുടിയിറക്കാന്‍ ഭൂവുടമകള്‍ക്ക് അനുവദിക്കുന്നതിന് നിയമപരമായ സംവിധാനം നിര്‍ദ്ദേശിക്കുകയാണ് സര്‍ക്കാരെന്നും ഇദ്ദേഹം പറഞ്ഞു.
‘റെന്റ് പ്രെഷര്‍ സോണ്‍’ എന്താണ്?
റന്റ് പ്രെഷര്‍ സോണ്‍ എന്നത്,അയര്‍ലണ്ടില്‍ വാടക വളരെ വേഗത്തില്‍ ഉയരുന്ന അധിക ആവശ്യക്കാര്‍ ഉള്ള സ്ഥലങ്ങളില്‍ വാടക നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ നിയമപരമായി കൃത്യമായ മാനദണ്ഡ പരിധി നിശ്ചയിച്ചിരിക്കുന്ന പ്രദേശങ്ങളാണ്. ഇപ്പോഴിത് രാജ്യമൊട്ടാകെ വ്യാപിപ്പിക്കാനാണ് സര്‍ക്കാര്‍ നിയമം കൊണ്ടുവരുന്നത്.
ഈ പദ്ധതിയുടെ പ്രധാന വ്യവസ്ഥകള്‍:
ഒരു വീടിന്റെ വാടക12 മാസത്തിനുള്ളില്‍ ഒരിക്കല്‍ വര്‍ദ്ധിപ്പിക്കാനാവും.
വാടക വര്‍ധനവിന്റെ നിരക്ക് സാധാരണയായി ഉപഭോക്തൃ വില സൂചിക (HICP) അടിസ്ഥാനമാക്കിയായിരിക്കും.
പുതിയതും പഴയതുമായ എല്ലാ വാടകക്കാര്‍ക്കും ഒരേ നിയന്ത്രണങ്ങള്‍ ബാധകമായിരിക്കും.
പ്രധാനമന്ത്രിയുടെ മറുപടി
വാടകക്കാരെ സംരക്ഷിക്കുന്നതിനും നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള സന്തുലിത പാക്കേജാണിതെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.അടിസ്ഥാനമില്ലാത്ത വിമര്‍ശനമുയര്‍ത്തി പ്രതിപക്ഷം പൊതുജനങ്ങളെ മനപ്പൂര്‍വ്വം തെറ്റിദ്ധരിപ്പിക്കുകയാണെന്നും പ്രധാനമന്ത്രി പ്രതികരിച്ചു.
സ്വാഗതം ചെയ്ത് ഐറിഷ് പ്രോപ്പര്‍ട്ടി ഓണേഴ്‌സ് അസോസിയേഷന്‍
സര്‍ക്കാരിന്റെ പുതിയ നിയമത്തെ ഐറിഷ് പ്രോപ്പര്‍ട്ടി ഓണേഴ്‌സ് അസോസിയേഷന്‍ (ഐ പി ഒ എ) ചെയര്‍പേഴ്‌സണ്‍ മേരി കോണ്‍വേ സ്വാഗതം ചെയ്തു.പദ്ധതിയുടെ വിശദാംശങ്ങള്‍ പൂര്‍ണമായും പുറത്തുവന്നിട്ടില്ലെങ്കിലും വാടക വര്‍ദ്ധിപ്പിക്കുന്നതിനുള്ള വ്യവസ്ഥ സ്വാഗതാര്‍ഹമാണെന്നും മേരി കോണ്‍വ പറഞ്ഞു.
ഫോക്കസ് അയര്‍ലണ്ടിന്റെ വിമര്‍ശനം
പുതിയ നിര്‍ദ്ദേശം വാടകക്കാര്‍ക്ക് കൂടുതല്‍ സാമ്പത്തിക ബാധ്യത വരുത്തുന്നതും ഭവനരാഹിത്യം വര്‍ദ്ധിപ്പിക്കുന്നതുമാണെന്ന് ഫോക്കസ് അയര്‍ലണ്ട് അഡ്വക്കസി ഡയറക്ടര്‍ മൈക്ക് അലന്‍ പറഞ്ഞു.താഴ്ന്ന വരുമാനക്കാരായ വാടകക്കാരെ സഹായിക്കുന്നതിനുള്ള സബ്സിഡികള്‍ ഇല്ലാതാക്കുന്ന പദ്ധതിയാണിതെന്നും അലന്‍ ആരോപിച്ചു.
ട്രേഡ് യൂണിയനുകളുടെയും സര്‍ക്കാരിതര സംഘടനകളുടെയും നേതൃത്വത്തില്‍ നിയത്തിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.ജൂണ്‍ 17ന് ലെയ്ന്‍സ്റ്റര്‍ ഹൗസിന് പുറത്താണ് ആദ്യ പ്രതിഷേധം നടക്കുകയെന്നും ഇദ്ദേഹം പറഞ്ഞു.
2016-ല്‍ ഡബ്ലിനും കോര്‍ക്കും അടക്കമുള്ള ,ആവശ്യക്കാര്‍ കൂടുതല്‍ ഉള്ള പ്രദേശങ്ങളിലെ വാടകവര്‍ധന നിയന്ത്രിക്കാന്‍ ആദ്യമായി അവതരിപ്പിച്ച ഈ പദ്ധതിയാണ് ഭവന വിപണിയില്‍ ക്രമാനുഗതമായി വാടക വര്‍ദ്ധനവിന് കാരണമായത്. അതിന് ശേഷം, ഈ പദ്ധതി ക്രമമായി രാജ്യത്തുടനീളം വ്യാപിച്ചു, ഇപ്പൊഴത്തെ നിലയില്‍ കൂടുതല്‍ പ്രദേശങ്ങളും RPZ (Rent Pressure Zones) ആയി പരിഗണിക്കപ്പെടുന്നതോടെ രാജ്യത്തൊട്ടാകെ വാടക വര്‍ദ്ധിക്കുമെന്ന് ഉറപ്പാണ്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.