head3
head1

അയര്‍ലണ്ടിലെ വാടക നിയമങ്ങളില്‍ മാറ്റം : പണപ്പെരുപ്പമനുസരിച്ച് വാടകയുയരും

ഡബ്ലിന്‍ : അയര്‍ലണ്ടിലെ റെന്റ് പ്രഷര്‍ സോണിലെ പുതിയ മാറ്റങ്ങള്‍ സംബന്ധിച്ച നിയമത്തിന്റെ കരട് ചൊവ്വാഴ്ച ഭവന മന്ത്രി ജെയിംസ് ബ്രൗണ്‍ മന്ത്രിസഭാ യോഗത്തില്‍ അവതരിപ്പിക്കും.ഇതിനകം തന്നെ ഏറെ വിവാദമുയര്‍ത്തിയ നീക്കമാണിത്.ജൂലൈയിലെ സമ്മര്‍ അവധിക്ക് മുമ്പ് പുതിയ ഭവന പദ്ധതി ജനങ്ങള്‍ക്ക് സമര്‍പ്പിക്കുമെന്ന് മൈഗ്രേഷന്‍ സഹമന്ത്രി കോളം ബ്രോഫി പറഞ്ഞു.

നിര്‍ദ്ദിഷ്ട നിയമമനുസരിച്ച് പുതുതായി നിര്‍മ്മിക്കുന്ന വാടക വീടുകള്‍ക്ക് വര്‍ദ്ധിപ്പിക്കാനാവുന്ന രണ്ട് ശതമാനമെന്ന പരിധി ഇനിമുതല്‍ ബാധകമാകില്ല. പണപ്പെരുപ്പ നിരക്കുമായി ബന്ധിപ്പിച്ച് വാടക ഈടാക്കാന്‍ അത് ഉടമസ്ഥനെ അനുവദിക്കും.പണപ്പെരുപ്പം രണ്ട് ശതമാനത്തിന് മുകളില്‍ എത്തിയാല്‍ നിക്ഷേപകര്‍ക്ക് നഷ്ടമുണ്ടാകില്ലെന്ന് ഉറപ്പാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ നീക്കം.

അതേ സമയം പണപ്പെരുപ്പത്തിന്റെ പേരില്‍,അത്തരം കാലങ്ങളില്‍ വീട്ടുവാടക ഉയര്‍ത്തുന്നത് വിരോധാഭാസമാണെന്ന് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.ഇടവെട്ടിയവനെ പാമ്പ് കടിക്കുന്ന അവസ്ഥയിലാവും ഇവിടെ വാടകക്കാര്‍ .ഒരു സെന്‍സുമില്ലാത്ത നീക്കമാണിതെന്ന് ഉപഭോക്തൃ സംഘടനകളും ആരോപിക്കുന്നു.

ഇപ്പോഴത്തെ വാടകക്കാര്‍ നിലവിലുള്ള വാടകയില്‍ തന്നെ തുടരുകയാണെങ്കില്‍ അവര്‍ക്ക് ഒരു മാറ്റവുമുണ്ടാകില്ല.താമസം മാറിയാല്‍ വീട്ടുടമസ്ഥന് പകരമെത്തുന്ന പുതിയ വാടകക്കാരനില്‍ നിന്നും മാര്‍ക്കറ്റ് നിരക്കില്‍ റെന്റ് പുനക്രമീകരിക്കാന്‍ ഉടമയ്ക്ക് കഴിയും.

അതിനുശേഷം വാടക വര്‍ദ്ധിപ്പിക്കുന്നത് നിലവിലുള്ള 2% നിരക്കില്‍ പരിമിതപ്പെടുത്തുമെന്നും നിയമത്തില്‍ വ്യവസ്ഥയുണ്ട്.

പുതിയ വാടകക്കാര്‍ക്ക് ആറ് വര്‍ഷത്തേക്ക് കാലാവധിയെന്ന സംരക്ഷണവമുണ്ടാകുമെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു.രാജ്യത്ത് ആദ്യമായി നോ ഫോള്‍ട്ട് എവിക്ഷനുകള്‍ സാധ്യമാക്കുന്ന നിയമമാണിതെന്നും ഭരണപക്ഷം പറയുന്നു.വീട്ടുടമസ്ഥന് ഓരോ ആറ് വര്‍ഷത്തെ ഇടവേളയിലും വാടക മാര്‍ക്കറ്റ് നിരക്കില്‍ പുനക്രമീകരിക്കാന്‍ നിയമം അനുവദിക്കുമെന്നും തുടര്‍ന്നുള്ള വാര്‍ഷിക വാടക വര്‍ദ്ധനവിന് രണ്ട് ശതമാനമെന്ന പരിധി ബാധകമാണെന്നും ഇവര്‍ പറയുന്നു.

ഹൗസിംഗ് കമ്മീഷന്‍ ആവശ്യപ്പെട്ട പരിഷ്‌കരണമെന്ന് പ്രധാനമന്ത്രി

ഹൗസിംഗ് കമ്മീഷന്‍ നിയമവ്യവസ്ഥയുടെ പരിഷ്‌കരണമാവശ്യപ്പെട്ടതായി പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.വാടകക്കാര്‍ക്കും നിക്ഷേപകര്‍ക്കും ഒരുപോലെ സംരക്ഷണം നല്‍കുന്നതാണ് പുതിയ നിയമമെന്ന് മാര്‍ട്ടിന്‍ പറഞ്ഞു.ഭവന വിപണിയില്‍ നിക്ഷേപിക്കാന്‍ ആളുകളെ അനുവദിക്കുന്നതിന് ഈ പാക്കേജ് ഉറപ്പും സ്ഥിരതയും നല്‍കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലാഭം കോര്‍പ്പറേറ്റ് ഭൂവുടമകള്‍ക്കും സ്വകാര്യ ഡെവലപ്പര്‍മാര്‍ക്കും മാത്രമെന്ന് പ്രതിപക്ഷം

അതേസമയം,പ്രതിപക്ഷം നിയമത്തെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തുവന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ അയര്‍ലണ്ടില്‍ വാടക ഇരട്ടിയായി വര്‍ദ്ധിച്ചുവെന്ന് പിബിപി ടിഡി പോള്‍ മര്‍ഫി ആരോപിച്ചു. ഇത് താങ്ങാനാവാത്തതാണെന്ന് ഇദ്ദേഹം ചൂണ്ടിക്കാട്ടി.പൊതു നിക്ഷേപവും സര്‍ക്കാര്‍ ഉടമസ്ഥതയില്‍ നിര്‍മ്മാണ കമ്പനിയും വേണമെന്ന് ഇദ്ദേഹം ആവശ്യപ്പെട്ടു.

രാജ്യത്തെ സ്വകാര്യ കോര്‍പ്പറേഷനുകള്‍ നിര്‍മ്മിക്കുന്ന ഓരോ വീടിനും കുറഞ്ഞത് 70,000 യൂറോ വീതമാണ് ലാഭമെടുക്കുന്നതെന്നും ഇദ്ദേഹം പറയുന്നു..ഈ ലാഭക്കൊള്ള അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ കമ്പനിയ്ക്ക് സാധിക്കും.ഇപ്പോഴത്തെ സര്‍ക്കാര്‍ പദ്ധതികള്‍ വാടകക്കാരെ കൂടുതല്‍ കഷ്ടത്തിലാക്കും. വാടക വര്‍ദ്ധനവിനെ പ്രോത്സാഹിപ്പിക്കുമെന്നും പോള്‍ മര്‍ഫി പറഞ്ഞു. കൂടുതല്‍ സമ്പാദിക്കാന്‍ ആഗ്രഹിക്കുന്ന കോര്‍പ്പറേറ്റ് ഭൂവുടമകള്‍ക്കും സ്വകാര്യ ഡെവലപ്പര്‍മാര്‍ക്കും വേണ്ടി മാത്രമാണ് പുതിയ നിയമമെന്നും മര്‍ഫി ആരോപിച്ചു.

കൂടുതല്‍ ആളുകള്‍ തെരുവിലെത്തും

വാടകക്കാരെ സംരക്ഷിക്കുന്നതിനോ അവര്‍ക്ക് താമസിക്കാന്‍ താങ്ങാനാകുന്ന വാടകയില്‍ വീടുകള്‍ ഉറപ്പാക്കുന്നതോ സര്‍ക്കാരിന്റെ ലക്ഷ്യമല്ലെന്ന് സിന്‍ ഫെയ്ന്‍ ടി ഡി ലൂയിസ് ഒ റെയ്‌ലി ആരോപിച്ചു.ഡെവലപ്പര്‍മാര്‍ക്കും വന്‍കിട ബിസിനസുകാര്‍ക്കും പ്രോത്സാഹനം നല്‍കുന്നതില്‍ സര്‍ക്കാര്‍ മത്സരിക്കുകയാണ്.വാടക നല്‍കാന്‍ കഴിയാത്തതിനാല്‍ കൂടുതല്‍ ആളുകള്‍ വീടില്ലാത്തവരായി മാറുമെന്ന് ഒ’റെയ്‌ലി പറഞ്ഞു.

കുടിയിറക്കല്‍ നിരോധനം മാത്രമാണ് വാടകക്കാര്‍ക്ക് ഉണ്ടായിരുന്ന ഏക സംരക്ഷണം. എന്നാല്‍ സര്‍ക്കാര്‍ അത് പിന്‍വലിച്ചു.വാടകക്കാരെ സംരക്ഷിക്കുമെന്ന് അവര്‍ വാഗ്ദാനം ചെയ്തു, പക്ഷേ അത് നടന്നില്ല.ഭവനരഹിതരെ തടയുന്ന മറ്റൊരു പദ്ധതി ടെനന്റ് ഇന്‍ സിറ്റു പദ്ധതിയാണ്.അതിനുള്ള ഫണ്ടും വെട്ടിക്കുറച്ചുകൊണ്ട് സര്‍ക്കാര്‍ അതും പൂട്ടിക്കെട്ടി-റെയ്ലി ആരോപിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Comments are closed.