head3
head1

അയര്‍ലണ്ടിലെ നഴ്സിംഗ് ഹോം വിവാദത്തില്‍ വീണ്ടും പരിശോധനയുമായി ഹിക്വ

ഡബ്ലിന്‍ : ദേശീയ ചാനലായ ആര്‍ ടി ഇ ഡോക്യുമെന്ററിയിലൂടെ പുറത്തുവന്ന സ്വകാര്യ നഴ്സിംഗ് ഹോമുകളിലെ റസിഡന്‌സിന്റെ ദുരിതങ്ങള്‍ വാര്‍ത്ത മാത്രമായി മാറുമെന്ന് വിമര്‍ശനം.പ്രശ്നം പരിഹരിക്കാനുള്ള നടപടികളെന്ന പേരിലുള്ള ഹിക്വയുടെ പരിശോധനകളില്‍ മാത്രമായി നടപടികള്‍ ഒതുങ്ങിയേക്കും.അല്ലാതെ കര്‍ശനമായ നടപടികളൊന്നും സര്‍ക്കാരിന്റെയോ ആരോഗ്യ വകുപ്പിന്റെയോ ഭാഗത്തുനിന്നുമുണ്ടാകാനിടയില്ല.പ്രശ്നബാധിതമായ നഴ്സിംഗ് ഹോമുകളില്‍ വീണ്ടും പരിശോധന നടത്തുമെന്ന ആരോഗ്യ സുരക്ഷാ അതോറിറ്റി(ഹിക്വ)യുടെ പ്രതികരണം നല്‍കുന്ന സൂചന.

രാജ്യത്തെ ഏറ്റവും വലിയ സ്വകാര്യ നഴ്സിംഗ് ഹോമുകളുടെ ഗ്രൂപ്പിന്റെ കീഴിലുള്ള രണ്ട് സ്ഥാപനങ്ങളിലെ പ്രവര്‍ത്തന ഗുണനിലവാരമില്ലായ്മയും വീഴ്ചകളുമാണ് ആര്‍ടിഇ പുറത്തുകൊണ്ടുവന്നത്.എന്നിട്ടും പോര്‍ട്ട് ലീഷിലെ ദി റെസിഡന്‍സിലെയും നോര്‍ത്ത് ഡബ്ലിനിലെ ബെനാവിന്‍ മാനറിലെയും ആരോഗ്യ സുരക്ഷാ നടപടികള്‍ വീണ്ടും പരിശോധിക്കാനാണ് ഹിക്വയുടെ നീക്കം.

സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ആര്‍ ടി ഇ അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തനത്തിന്റെ ഭാഗമായി പുറത്തുകൊണ്ടുവന്നതാണ് സ്വകാര്യ നഴ്സിംഗ് ഹോമുകളുടെ കുത്തഴിഞ്ഞ സംവിധാനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍. ഇതു സംബന്ധിച്ച ജീവിക്കുന്ന തെളിവുകളാണ് സര്‍ക്കാരിന്റെയും പൊതുജനങ്ങളുടെയും ഹിക്വയുടെയും മുന്നിലുള്ളത്. ഇത് കാണാതെ വീണ്ടും പുരിശോധന നടത്തുന്നത് സ്വകാര്യ സ്ഥാപനങ്ങളെ രക്ഷപ്പെടുത്താനാണെന്ന ശക്തമായ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.ജീവനക്കാരുടെ കുറവ്, പരിശീലനത്തിന്റെ അഭാവം, മേല്‍നോട്ടമില്ലായ്മ, അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകള്‍ എന്നിവയൊക്കെയാണ് ആര്‍ ടി ഇ ചൂണ്ടിക്കാട്ടിയത്.

എന്നാല്‍ നഴ്സിംഗ് ഹോമുകളില്‍ താരതമ്യേനെ കുറഞ്ഞ ശമ്പളത്തില്‍ ജോലി ചെയ്യുന്ന കെയര്‍ അസിസ്റ്റന്റുമാരെയോ, അവരുടെ ദുരിതങ്ങളോ ആര്‍ ടി ഇ ടീം പരിഗണിച്ചിട്ടില്ല.. ഫാമിലി റീ യൂണിഫിക്കേഷന്‍ അടക്കമുള്ള കാര്യങ്ങളില്‍ ഹെല്‍ത്ത് കെയര്‍ അസിസ്റ്റന്റുമാര്‍ക്ക് നേരെ ‘ചിറ്റമ്മ ‘നയമാണ് സര്‍ക്കാരും, പ്രൈവറ്റ് നഴ്സിംഗ് ഹോം ഉടമകളും നടത്തുന്നത്.

നിയമലംഘനത്തിനെതിരെ നടപടിയില്ല

ഈ വര്‍ഷം ഫെബ്രുവരിയില്‍ പോര്‍ട്ട്ലീഷിലെ ദി റെസിഡന്‍സിയില്‍ നടത്തിയ പരിശോധനയില്‍ വലിയ വീഴ്ചകള്‍ കണ്ടെത്തിയിരുന്നു. ഇതേത്തുടര്‍ന്ന്, നഴ്സിംഗ് ഹോമിലേക്കുള്ള അഡ്മിഷന്‍ ഏപ്രില്‍ 22 മുതല്‍ ഹിക്വ നിര്‍ത്തലാക്കി.എന്നാല്‍ നഴ്സിംഗ് ഹോം ഈ ഉത്തരവ് ലംഘിച്ച് അഡ്മിഷനുകള്‍ നടത്തി. ഇക്കാര്യം ആര്‍ ടി ഇ പുറത്തുകൊണ്ടുവന്നു.ഈ നിയമലംഘനത്തെക്കുറിച്ച് നഴ്സിംഗ് ഹോം ഉടമസ്ഥരായ എമിസ് അയര്‍ലണ്ട് ഇനിയും പ്രതികരിച്ചിട്ടില്ല.ഹിക്വയും ഇത് കണ്ട മട്ടില്ല.ഇത്തരം നിയമലംഘനം നടത്തുന്ന നഴ്സിംഗ് ഹോമുകള്‍ക്കെതിരെ കര്‍ക്കശമായ നടപടിയുണ്ടാകുമെന്ന് ഹിക്വ ആവര്‍ത്തിക്കുമ്പോഴും അതൊക്കെ പ്രഖ്യാപനത്തില്‍ മാത്രമായി അവസാനിക്കുകയാണ്.

പരിശോധനകള്‍ക്ക് മേല്‍ പരിശോധനകള്‍

അപകടസാധ്യതാ വിലയിരുത്തലും റസിഡന്‍സിനെ കൈകാര്യം ചെയ്യുന്നതിന്റെ പ്രശ്നങ്ങളും ആരോഗ്യ സുരക്ഷാ പരിശീലനം എന്നിവയൊക്കെ ഉറപ്പാക്കാനെന്ന പേരില്‍ ഹിക്വയുടെ പരിശോധനയുണ്ടാകും.തുടര്‍ന്ന് തങ്ങളുടെ അധികാര പരിധിയില്‍ വരുന്നതല്ലെന്ന് പറഞ്ഞ് എച്ച് എസ് എയുടെ കളത്തിലേയ്ക്ക് പന്ത് തട്ടുകയാണ് ഹിക്വ ചെയ്യുന്നത്. പിന്നെ പേരിനൊരു അന്വേഷണം നടത്തി ഫയല്‍ ക്ലോസ് ചെയ്യുകയാണ് ഹിക്വയുടെ പദ്ധതിയെന്നും ആക്ഷേപമുണ്ട്.

നടപടി വേണമെന്ന് സിപ്ടു
അതേ സമയം,സുരക്ഷിതമായ സ്റ്റാഫിംഗ് ലെവലുകള്‍ ഉറപ്പാക്കാന്‍ സത്വര നടപടിയെടുക്കണമെന്ന് എസ് ഐ പി ടി യു ആവശ്യപ്പെട്ടു.ആര്‍ ടി ഇ പുറത്തുകൊണ്ടുവന്ന പ്രശ്നങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതിന് ഉടന്‍ യോഗം വിളിക്കണമെന്നും സംഘടന സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

അംഗീകരിക്കാനാവില്ലെന്ന് സേഫ്ഗാര്‍ഡിംഗ് അയര്‍ലണ്ട്

ആര്‍ടിഇ പുറത്തുകൊണ്ടുവന്ന നഴ്സിംഗ് ഹോമിന്റെ വീഴ്ചകള്‍ ഒരിക്കലും അംഗീകരിക്കാനാകാത്തതാണെന്ന് സേഫ്ഗാര്‍ഡിംഗ് അയര്‍ലന്‍ഡ് ചെയര്‍പേഴ്‌സണ്‍ പറഞ്ഞു. ക്ലെയര്‍ ഡോയല്‍ ആശങ്കകള്‍ ഉന്നയിച്ചിട്ടും പരിശോധന നടത്താന്‍ നാല് മാസം വൈകിയെന്നത് ന്യായീകരണമില്ലെന്ന് ചെയര്‍പേഴ്‌സണ്‍ പട്രീഷ്യ റിക്കാര്‍ഡ് ക്ലാര്‍ക്ക് പറഞ്ഞു.

20 വര്‍ഷം മുമ്പ് ഡബ്ലിനിലെ സ്വോര്‍ഡ്‌സിലെ ലിയാസ് ക്രോസ് നഴ്‌സിംഗ് ഹോമില്‍ ഇത്തരം ക്രമക്കേടുകള്‍ നടന്നിരുന്നു. ഇപ്പോഴത്തെ സംഭവങ്ങള്‍ അതിനെപ്പോലും കവച്ചുവെയ്ക്കുന്നതാണെന്നും ഇവര്‍ പറഞ്ഞു.

പ്രസ്താവനകളില്‍ മത്സരിച്ച് മന്ത്രിമാര്‍

വൃദ്ധജനങ്ങളുടെ ചുമതലയുള്ള സഹമന്ത്രി കീരന്‍ ഒ ഡോണലിയുടെ നിര്‍ദ്ദേശപ്രകാരം, എമീസ് അയര്‍ലന്‍ഡ് ഗ്രൂപ്പ് നടത്തുന്ന എല്ലാ നഴ്‌സിംഗ് ഹോമുകളുടെയും പ്രവര്‍ത്തന അവലോകനം ആരംഭിച്ചതായി ഹിക്വ അറിയിച്ചു.പരിശോധ നനടക്കുന്നതിനാല്‍ ഇതിനെക്കുറിച്ച് കൂടുതല്‍ പറയാനാകില്ലെന്നും ഹിക്വ വക്താവ് വ്യക്തമാക്കി.

പ്രായമായവരോടുള്ള അവഗണനയും ദുരുപയോഗവും അനുവദിക്കില്ലെന്ന് സഹമന്ത്രിയും പ്രതികരിച്ചു.അടുത്തയാഴ്ച ഹിക്വ ഈ വിഷയത്തില്‍ അപ്ഡേറ്റ് തരുമെന്നും അതിന് ശേഷം കാര്യങ്ങള്‍ പറയാമെന്നുമാണ് മന്ത്രിയുടെ നിലപാട്.നടപടികള്‍ വേഗത്തിലാക്കാന്‍ ഹിക്വയ്ക്ക് നിര്‍ദ്ദേശം നല്‍കിയെന്നും മന്ത്രി പറഞ്ഞു.എച്ച്എസ്ഇ ചീഫ് എക്സിക്യൂട്ടീവ് ബെര്‍ണാര്‍ഡ് ഗ്ലോസ്റ്ററുമായി വിഷയം സംസാരിച്ചെന്നും മന്ത്രി പറഞ്ഞു.

മുതിര്‍ന്നവര്‍ക്കുള്ള സുരക്ഷാ ബില്ലിലൂടെ ദേശീയ സുരക്ഷാ തന്ത്രം കൊണ്ടുവരുമെന്ന് മന്ത്രി വെളിപ്പെടുത്തി.സമ്മറിന് ശേഷം ബില്‍ മന്ത്രിസഭയില്‍ വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.ആര്‍ടിഇ ഉന്നയിച്ച വിഷയങ്ങള്‍ ഹിക്വയുമായി ചര്‍ച്ച ചെയ്തെന്നും മന്ത്രി പറഞ്ഞു.മുതിര്‍ന്നവരുടെ സംരക്ഷണവുമായി ബന്ധപ്പെട്ട ബില്‍ വൈകാതെ പ്രസിദ്ധീകരിക്കുമെന്ന് നീതിന്യായ മന്ത്രി ജിം ഒ കല്ലഗന്‍ പറഞ്ഞു.ഹിക്വ നടപടികളില്‍ വിശ്വാസമുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.