head1
head3

അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ സിറ്റിസണ്‍ഷിപ്പ് : റഫറണ്ടത്തെ തോല്‍പ്പിച്ച് ഇറ്റലിക്കാര്‍

റോം: കുടിയേറ്റത്തെ സംബന്ധിച്ച് നിര്‍ണ്ണായക മാറ്റത്തിന് വഴിയൊരുക്കുമെന്ന് കരുതിയ ഇറ്റാലിയന്‍ സിറ്റിസണ്‍ഷിപ്പ് റഫറണ്ടം ജനപങ്കാളിത്തമില്ലാത്തതിനെ തുടര്‍ന്ന് അസാധുവായി.30% വോട്ടര്‍മാര്‍ മാത്രമേ അഭിപ്രായ വോട്ടെടുപ്പില്‍ പങ്കെടുത്തുള്ളു.റഫറണ്ടം നിയമപരമാകണമെങ്കില്‍ 50% ആളുകളുടെ പങ്കാളിത്തമുണ്ടാകണമെന്നാണ് നിയമം.

പൗരത്വത്തിന് അപേക്ഷിക്കുന്നതിന് ഒരാള്‍ ഇറ്റലിയില്‍ താമസിക്കേണ്ട സമയം 10വര്‍ഷത്തില്‍ നിന്ന് അഞ്ചായി കുറയ്ക്കാനുള്ള നിര്‍ദ്ദേശം ഉള്‍പ്പെടെയുള്ള കാര്യങ്ങളാണ് റഫറണ്ട ബാലറ്റില്‍ ഉണ്ടായിരുന്നത്.പൗരത്വ നിയമങ്ങള്‍ ലഘൂകരിക്കുന്നതിനും തൊഴിലാളികളുടെ അവകാശങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമുള്ള ഇറ്റലിയുടെ റഫറണ്ടമാണ് കുറഞ്ഞ പോളിംഗിനെ തുടര്‍ന്ന് അസാധുവായത്.

സിറ്റിസണ്‍ ഇനിഷ്യേറ്റീവിന്റെ മുന്‍കൈയ്യിലാണ് റഫറണ്ടത്തിന് തുടക്കമിട്ടത്.വിവിധ സിവില്‍ സൊസൈറ്റി ഗ്രൂപ്പുകളും ട്രേഡ് യൂണിയനുകളും റഫറണ്ടത്തെ പിന്തുണച്ചിരുന്നു.ഇവരെല്ലാം യെസ് വോട്ടിനായി പ്രചാരണം നടത്തി.സിസിലി, കാലാബ്രിയ തുടങ്ങിയ പ്രദേശങ്ങളില്‍ പോളിംഗ് 22% വരെ കുറവായതും വലിയ തിരിച്ചടിയായി.

വലതുപക്ഷ പ്രധാനമന്ത്രി ജോര്‍ജിയ മെലോണിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ റഫറണ്ടത്തെ അവഗണിക്കുന്ന നിലപാടാണ് സ്വീകരിച്ചത്.മാത്രമല്ല പങ്കെടുക്കുന്നതിനെ നിരുത്സാഹപ്പെടുത്തുകയും ചെയ്തു. വോട്ടെടുപ്പ് ബഹിഷ്‌കരിക്കുമെന്ന് കഴിഞ്ഞ ആഴ്ച മെലോണി പ്രഖ്യാപിച്ചിരുന്നു. ഞായറാഴ്ച റോമിലെ പോളിംഗ് സ്റ്റേഷന്‍ സന്ദര്‍ശിച്ചെങ്കിലും വോട്ട് രേഖപ്പെടുത്തിയില്ല.

പൗരത്വത്തിന് അപേക്ഷിക്കാനുള്ള 10 വര്‍ഷത്തെ കാത്തിരിപ്പ് വളരെ നീണ്ടതാണെന്ന് റഫറണ്ടത്തെ അനുകൂലിക്കുന്നവര്‍ പറയുന്നു. ഇത് അഞ്ച് വര്‍ഷമായി കുറയ്ക്കുന്നത് മറ്റ് യൂറോപ്യന്‍ അയല്‍ക്കാരുമായി ഒത്തുപോകാന്‍ സഹായിക്കുമെന്നും ഇവര്‍ വാദിക്കുന്നു.

പ്രതിപക്ഷത്തെ കളിയാക്കി മെലോണിയുടെ പാര്‍ട്ടി

വോട്ടെടുപ്പ് അവസാനിച്ചതിന് തൊട്ടുപിന്നാലെ, മെലോണിയുടെ ബ്രദേഴ്‌സ് ഓഫ് ഇറ്റലി (എഫ്ഡിഐ) പാര്‍ട്ടി ‘നിങ്ങള്‍ തോറ്റു’ എന്ന അടിക്കുറിപ്പോടെ പ്രതിപക്ഷ നേതാക്കളുടെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്തു.റഫറണ്ടത്തിന്റെ യഥാര്‍ത്ഥ ലക്ഷ്യം മെലോണി സര്‍ക്കാരിനെ അട്ടിമറിക്കുക എന്നതായിരുന്നു. എന്നാല്‍ ഒടുവില്‍ ഇറ്റലിക്കാര്‍ നിങ്ങളെ അട്ടിമറിച്ചു-പോസ്റ്റ് പറയുന്നു.

പരാജയം അംഗീകരിക്കുന്നതായി പ്രതിപക്ഷം

പരാജയം അംഗീകരിക്കുന്നതായി പ്രതിപക്ഷ ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ (പി ഡി) പിന പിസിയേര്‍ണോ പറഞ്ഞു.ഈ തോല്‍വി ജോര്‍ജിയ മെലോണിക്കും വലതുപക്ഷത്തിനും ലഭിച്ച വലിയ സമ്മാനമാണെന്നും പിന പിസിയേര്‍ണോ അഭിപ്രായപ്പെട്ടു.

ഇറ്റലിയിലെ റഫറണ്ടങ്ങള്‍

ഇറ്റലിയില്‍ റഫറണ്ടം സാധുവാകുന്നതിന് ഹാഫ് മില്യണ്‍ ഒപ്പുകള്‍ ആവശ്യമാണ്. ഈ പരിധി വര്‍ദ്ധിപ്പിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ഇറ്റലിയില്‍ നടന്ന 78 റഫറണ്ടങ്ങളില്‍ പകുതിയോളം മാത്രമേ ആവശ്യമായ വോട്ടുകള്‍ നേടിയിട്ടുള്ളൂ.

1946 ജൂണ്‍ രണ്ടിന് നടന്ന ആദ്യ വോട്ടെടുപ്പില്‍ 89% ഇറ്റാലിയന്‍ ജനങ്ങളും പോളിംഗ് ബൂത്തിലെത്തി.പകുതിയിലധികം പേരും രാജവാഴ്ചയെ മാറ്റി ഒരു റിപ്പബ്ലിക് സ്ഥാപിക്കണമെന്ന് വോട്ട് ചെയ്തു.പിന്നീടുള്ള വര്‍ഷങ്ങളില്‍ ഗര്‍ഭഛിദ്രം, വിവാഹമോചനം എന്നിവയെക്കുറിച്ചുള്ള റഫറണ്ടങ്ങളും വിജയിച്ചു.2011ല്‍ വാട്ടര്‍ സര്‍വ്വീസ് സ്വകാര്യവല്‍ക്കരിക്കുന്ന നിയമത്തിനെതിരായ വോട്ടെടുപ്പിലാണ് ഏറ്റവും ഒടുവില്‍ ജനഹിതം തെളിഞ്ഞത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.