head3
head1

ജയില്‍ മരണങ്ങളില്‍ റെക്കോഡ്, കുറ്റവാളികളെക്കൊണ്ട് തിങ്ങിനിറഞ്ഞ അയര്‍ലണ്ടിലെ ജയിലുകള്‍

ഡബ്ലിന്‍ : കുറ്റവാളികളെക്കൊണ്ട് തിങ്ങിനിറഞ്ഞ അയര്‍ലണ്ടിലെ ജയിലുകളില്‍ കസ്റ്റഡി മരണങ്ങളും വര്‍ദ്ധിക്കുന്നു. ജയിലിലെ മരണത്തിന് കാരണമാകുന്നത് അമിതമായ തിരക്കാണെന്ന് ജയില്‍ ഇന്‍സ്പെക്ടര്‍ സ്ഥിരീകരിച്ചു. 5,660ലധികം ജയില്‍പ്പുള്ളികളാണ് ഇപ്പോള്‍ തടവിലുള്ളത്.പാര്‍പ്പിക്കാന്‍ കഴിയുന്നതിനേക്കാള്‍ പതിന്മടങ്ങ് കൂടുതല്‍ തടവുകാരാണ് ജയിലിലുള്ളത്.

ഡബ്ലിനിലെയും ലിമെറിക്കിലെയും വനിതാ ജയിലുകളടക്കം രാജ്യത്തെ 14ജയിലുകളിലും ശേഷിയുടെ 150%ത്തിലധികം തടവുകാരെയാണ് താമസിപ്പിച്ചിട്ടുള്ളത്.പുരുഷന്മാര്‍ക്കുള്ള മൗണ്ട്ജോയ് 130%, പോര്‍ട്ട്‌ലീഷ്, കോര്‍ക്ക് ജയിലുകള്‍ 124% എന്നിങ്ങനെ ഓവര്‍ക്രൗഡഡാണ്.

കഴിഞ്ഞ വര്‍ഷം 31പേര്‍ ജയിലിനുള്ളില്‍ മരിച്ചു.12 വര്‍ഷത്തിനുള്ളിലെ ഏറ്റവും ഉയര്‍ന്ന മരണസംഖ്യയാണിത്.ജയിലിലെ അനിയന്ത്രിതമായ തിരക്കാണ് ഇതിന് കാരണമെന്ന് ജയില്‍ ഓഫീസിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് പറയുന്നു.അനിയന്ത്രിതമായ തിരക്കാണ് മരണത്തിനിടയാക്കുന്ന പ്രധാന കാരണം.മോശം റിസ്‌ക് അസസ്മെന്റ് പ്രക്രിയകളും തടവുകാരുടെ മോശമായ ആരോഗ്യ സംരക്ഷണവും ജയിലിലെ മയക്കുമരുന്നുപയോഗവുമൊക്കെ മറ്റ് കാരണങ്ങളാണ്.

മരിച്ചവരില്‍ ഒമ്പത് പേര്‍ താല്‍ക്കാലികമായി മോചിക്കപ്പെട്ടവരായിരുന്നു. മരിച്ച മറ്റ് ഒമ്പത് പേര്‍ 60 വയസ്സിനു മുകളില്‍ പ്രായമുള്ളവരായിരുന്നെന്നു.

ജയിലുകളിലെ ആള്‍ത്തിരക്ക് കൈകാര്യം ചെയ്യാന്‍ വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്ന് റിപ്പോര്‍ട്ട് വെളിപ്പെടുത്തുന്നു.നൂറുകണക്കിന് തടവുകാര്‍ ജയിലില്‍ തറയിലാണുറങ്ങുന്നത്.കഴിഞ്ഞ വര്‍ഷം മിഡ്‌ലാന്‍ഡ്‌സ് ജയിലില്‍ 31 പേരാണ് തറയില്‍ കിടന്നിരുന്നത്. ഇപ്പോള്‍ ആ എണ്ണം മൂന്നിരട്ടിയിലേറെയായി (97).

ജയിലിലെ ദുസ്ഥിതിയെക്കുറിച്ചുള്ള ആശങ്കകളറിയിക്കുന്നതിന് ജയില്‍ ഓഫീസേഴ്‌സ് അസോസിയേഷന്‍ ഭാരവാഹികള്‍ ജസ്റ്റീസ് മന്ത്രിയെ ഇന്നലെ നേരില്‍ക്കണ്ടിരുന്നു. 2031ല്‍ പൂര്‍ത്തിയാകേണ്ട 1,500 പുതിയ സ്ഥലങ്ങള്‍ കൂടി നാളെ നല്‍കിയാല്‍പ്പോലും ജയിലുകള്‍ തിങ്ങിനിറഞ്ഞു തന്നെയാകുമെന്ന് ജനറല്‍ സെക്രട്ടറി കാള്‍ ഡാല്‍ട്ടണ്‍ പറഞ്ഞു.ഓരോ ജയിലിലും സുരക്ഷിതമായി തടവിലാക്കാന്‍ കഴിയുന്നവുടെ എണ്ണത്തിന് നിര്‍ബന്ധിത പരിധി ഏര്‍പ്പെടുത്തണമെന്ന് ചീഫ് ഇന്‍സ്‌പെക്ടര്‍ മാര്‍ക്ക് കെല്ലി ആവശ്യപ്പെട്ടു.

ജയില്‍ പ്രശ്നങ്ങളെക്കുറിച്ച് സര്‍ക്കാരിന് നല്ല ധാരണയുണ്ടെന്ന് ജസ്റ്റീസ് വകുപ്പ് മന്ത്രി പറഞ്ഞു.തിരക്ക് നിയന്ത്രിക്കാന്‍ 2031ഓടെ 1595 പേരെ കൂടി പാര്‍പ്പിക്കാനുള്ള ഇടം ഒരുക്കുമെന്നും മന്ത്രി വ്യക്തമാക്കി.ജയില്‍ മരണങ്ങളുടെ റെക്കോര്‍ഡ് വര്‍ദ്ധനവില്‍ ആശങ്കാകുലരാണെന്ന് ഐറിഷ് പീനല്‍ റിഫോം ട്രസ്റ്റ് (ഐ പി ആര്‍ ടി) പറഞ്ഞു.കിടക്കാനിടമില്ലെന്ന് മാത്രമല്ല അടച്ചുറപ്പുള്ള കക്കൂസുകള്‍ പോലുമില്ലാത്ത ജയിലുകളുണ്ടെന്ന് ഐ പി ആര്‍ ടി ചൂണ്ടിക്കാട്ടി

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a</a

Leave A Reply

Your email address will not be published.