head3
head1

അഭയാര്‍ത്ഥികളെ ഗാര്‍ഡായാക്കാന്‍ സര്‍ക്കാര്‍, റിക്രൂട്ട്‌മെന്റ ഡ്രൈവുകള്‍ ഇപ്പോഴും തകൃതി

ഡബ്ലിന്‍ : അയര്‍ലണ്ടിലെ അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ ഗാര്‍ഡ നടത്തുന്ന റിക്രൂട്ട്‌മെന്റുകള്‍ ചോദ്യം ചെയ്യപ്പെടുന്നു.അഭയം തേടി അയര്‍ലണ്ടിലെത്തുന്നവരെ ഗാര്‍ഡയാക്കുന്നതാണ് വിമര്‍ശിക്കപ്പെടുന്നത്. ഇവര്‍ക്ക് രാജ്യത്ത് തുടരാന്‍ കഴിയുമോയെന്ന കാര്യം തന്നെ അനിശ്ചിതത്വത്തിലാണ്.അപ്പോഴാണ് ഇവരെ ഗാര്‍ഡയാക്കുന്നത്.

ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ് ഈ നടപടിയെ വിമര്‍ശിച്ച് രംഗത്തുവന്നതോടെ സംഭവം വലിയ വിവാദമാകുമെന്നാണ് കരുതുന്നത്.

വിവരാവകാശ രേഖകള്‍ പ്രകാരം, ഈ വര്‍ഷം ഫെബ്രുവരി 23, 26 തീയതികളില്‍ ക്ലോണ്‍സ്‌കീഗിലെ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ഓഫ് അയര്‍ലണ്ടില്‍ ‘റിക്രൂട്ട്‌മെന്റ് ഔട്ട്‌റീച്ച്’ സെഷനുകള്‍ ഗാര്‍ഡ നടത്തിയാതായി രേഖകളുണ്ട്.

വെള്ളിയാഴ്ച പ്രാര്‍ത്ഥനകള്‍ക്കിടയില്‍ . മായോ ഇസ്ലാമിക് സെന്റര്‍, ബാല്‍ബ്രിഗന്‍ പള്ളി, മുള്ളിംഗറിലെ പള്ളി, മുസ്ലീം സിസ്റ്റേഴ്സ് ഓഫ് അയര്‍ എന്നിവിടങ്ങളിലെത്തിയതാണ് ഗാര്‍ഡ റിക്രൂട്ട്‌മെമെന്റ് നടത്തിയത്.ഇത് കൂടാതെ പാക്കിസ്ഥാനി കമ്യുണിറ്റിക്കും എല്‍ ജി ബി റ്റിക്കാര്‍ക്കും വേണ്ടി സ്പെഷ്യല്‍ റിക്രൂട്ട്‌മെന്റ് ഡ്രൈവ് നടത്തിയാണ് ഗാര്‍ഡ വൈവിധ്യവല്‍ക്കരണ പരിപാടികള്‍ നടത്തിയത്.

ഈ റിക്രൂട്ട്മെന്റ് വിചിത്രവും നിരര്‍ത്ഥകവുമാണെന്ന് സൈമണ്‍ ഹാരിസ് പറഞ്ഞു.പല അഭയാര്‍ത്ഥികള്‍ക്കും ദീര്‍ഘകാലത്തേക്ക് ഇവിടെ തങ്ങാന്‍ അവകാശമില്ല.ഐ പി എ എസ് കേന്ദ്രങ്ങളില്‍ താമസിക്കുന്നവര്‍ താല്‍ക്കാലികമായാണ് ഇവിടെയുണ്ടാവുകയെന്ന് ഹാരിസ് പറഞ്ഞു.

ചില ആളുകള്‍ക്ക് കാലക്രമേണ അയര്‍ലണ്ടില്‍ താമസിക്കാന്‍ അവകാശമുണ്ടാകും.അവരെ റഗുലറൈസ് ചെയ്യും. ഇവര്‍ക്ക് പിന്നീട് അയര്‍ലണ്ടില്‍ ജോലി ചെയ്യാം.ഗാര്‍ഡയിലും ചേരാം.എന്നാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇവിടെ തുടരാന്‍ അവകാശമില്ലാത്ത നിരവധിയാളുകളും ഐ പി എ എസ് കേന്ദ്രത്തിലുണ്ടാകും. അവരെ രാജ്യത്തു നിന്നും നാടുകടത്തേണ്ടതായും വരും.ഇത്തരം സ്ഥലങ്ങളില്‍ റിക്രൂട്ട്‌മെന്റ് പരിപാടികള്‍ നടത്താനുള്ള തീരുമാനം ശരിയല്ലെന്നും ഹാരിസ് ഓര്‍മ്മിപ്പിച്ചു.

ഗാര്‍ഡയിലെ വൈവിധ്യം വര്‍ദ്ധിപ്പിക്കേണ്ടതിനെ പിന്തുണയ്ക്കുന്നു.എന്നിരുന്നാലും അയര്‍ലണ്ടില്‍ താമസിക്കാന്‍ നിയമപരമായ അവകാശമുള്ളവരില്‍ മാത്രം റിക്രൂട്ട്‌മെന്റ് ഡ്രൈവുകള്‍ കേന്ദ്രീകരിക്കണമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഗാര്‍ഡ കമ്മീഷണര്‍ ഡ്രൂ ഹാരിസ് ഈ നടപടിയുമായി മുന്നോട്ടുപോയേക്കുമെന്നാണ്  റിപ്പോര്‍ട്ടുകളില്‍ നിന്നും മനസ്സിലാകുന്നതെന്നും ഹാരിസ് പറഞ്ഞു.

അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ റിക്രൂട്ട്മെന്റ് നടന്നുവെന്ന വിധത്തില്‍ വന്ന വാര്‍ത്തകളില്‍ ഗാര്‍ഡ കമ്മീഷണര്‍ ഡ്രൂ ഹാരിസ് നേരത്തേ ആശ്ചര്യമറിയിച്ചിരുന്നു.

അതേസമയം അഭയാര്‍ത്ഥി കേന്ദ്രങ്ങളില്‍ ഗാര്‍ഡാ റിക്രൂട്ട്‌മെന്റിന് അംഗീകാരം നല്‍കിയിട്ടില്ലെന്ന് പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍.സര്‍ക്കാര്‍ നയമല്ലെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.2022 മുതല്‍ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ അക്കോമഡേഷന്‍ സര്‍വീസ് (ഐപിഎഎസ്) കേന്ദ്രങ്ങളില്‍ ഗാര്‍ഡ റിക്രൂട്ട്‌മെന്റ് പരിപാടികള്‍ നടന്നിട്ടുണ്ടെന്ന വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് വിവാദത്തില്‍ നിലപാട് വെളിപ്പെടുത്തി മാര്‍ട്ടിന്‍ രംഗത്തുവന്നത്.

ഡബ്ലിനിലെ റാത്ത്‌മൈന്‍സ്, മായോയിലെ കാസില്‍ബാര്‍, മീത്തിലെ മോസ്നി വില്ലേജ്, വിക്ലോയിലെ ഗ്രാന്‍ഡ് ഹോട്ടല്‍ എന്നിവിടങ്ങളിലാണ് റിക്രൂട്ട്മെന്റ് നടന്നതെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കിയിരുന്നു

.ഇന്റിപെന്‍ഡന്റ് അയര്‍ലന്‍ഡ് ടി ഡി കെന്‍ ഒ ഫ്‌ളിന്നിന്റെ ചോദ്യത്തിന് ഡെയിലില്‍ മറുപടി നല്‍കുകയായിരുന്നു മാര്‍ട്ടിന്‍.പാസ്‌പോര്‍ട്ടോ രേഖകളോ ഇല്ലാതെ രാജ്യത്ത് പ്രവേശിച്ചവര്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ ഗാര്‍ഡ എങ്ങനെയാണ് റിക്രൂട്ട്‌മെന്റ് നടത്തിയതെന്ന് വിശദീകരിക്കണമെന്നായിരുന്നു കോര്‍ക്ക് നോര്‍ത്ത്-സെന്‍ട്രല്‍ ടി ഡിയുടെ ആവശ്യം.ഇതിനോട് യോജിപ്പില്ലെന്ന് ഉപപ്രധാനമന്ത്രി ഹാരിസ് വ്യക്തമാക്കിയിട്ടുണ്ട്. അപ്പോള്‍പ്പിന്നെ ഇതു സംബന്ധിച്ച തീരുമാനത്തില്‍ ആരാണ് ഒപ്പിട്ടതെന്ന് വെളിപ്പെടുത്തണമെന്നും ടി ഡി ആവശ്യപ്പെട്ടു.

ഇത്തരം റിക്രൂട്ട്മെന്റുകള്‍ തുടങ്ങിയെങ്കില്‍ അതവസാനിപ്പിച്ച് പഴയത് പോലെയാക്കുമെന്ന് സഭയ്ക്ക് ഉറപ്പു നല്‍കാനാകുമോയെന്നും ടി ഡി ചോദിച്ചു.റിക്രൂട്ട്മെന്റ് നടന്നെന്ന വെളിപ്പെടുത്തലില്‍ അമ്പരന്നു പോയെന്ന് വ്യക്തമാക്കിയ മാര്‍ട്ടിന്‍ ഈ വിഷയം നീതിന്യായ മന്ത്രി ജിം ഒ കല്ലഗനുമായി ചര്‍ച്ച ചെയ്യുമെന്നും പറഞ്ഞു. ആന്‍ ഗാര്‍ഡയുടെ പ്രവര്‍ത്തനങ്ങളില്‍ ഇടപെടാറില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.

സിന്‍ ഫെയിന്‍ ടി ഡി ഫിയോണ്ടന്‍ ഒ ഷിവോണ്‍ ഈ വിഷയത്തെക്കുറിച്ചുള്ള പൊതുജനങ്ങളുടെ ആശയക്കുഴപ്പം ദുരീകരിക്കണമെന്നും യോഗ്യതാ നിയമങ്ങളില്‍ വ്യക്തത വേണമെന്നും ജസ്റ്റിസ് കമ്മിറ്റി യോഗത്തില്‍ ആവശ്യപ്പെട്ടു.

സര്‍വത്ര സെക്യൂരിറ്റി മേഖലകളിലും നുഴഞ്ഞ് കയറി അഭയാര്‍ത്ഥികള്‍

ഡബ്ലിനിലെ ജി എന്‍ ഐ ബി ആസ്ഥാനം ഉള്‍പ്പെടെ പ്രധാന സര്‍ക്കാര്‍ സ്ഥാപനങ്ങളുടെയെല്ലാം നടത്തിപ്പുകാര്‍ ,മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളില്‍ നിന്നും അയര്‍ലണ്ടില്‍ അഭയമന്വേഷിച്ചു വന്നവരാണെന്ന് നേരത്തെ തന്നെ ആരോപണം ഉണ്ടായിരുന്നു.ചില അന്താരാഷ്ട്ര റിക്രൂട്ട്‌മെന്റ് കമ്പനികളുടെ സഹായത്തോടെയാണ് ,അഭയാര്‍ത്ഥികള്‍ ഇത്തരം കേന്ദ്രങ്ങളില്‍ ജോലിയ്ക്ക് കയറുന്നത്. ഒരേ മതവിഭാഗത്തില്‍ പെട്ടവരെ ഇങ്ങനെ ജോലിക്ക് കയറ്റുന്നത് രാജ്യ സുരക്ഷയ്ക്ക് തന്നെ ഭീഷണി ഉയര്‍ത്തുന്നതാണെന്ന് ആരോപണം ഉയര്‍ന്നെങ്കിലും ,മാധ്യമങ്ങളിലൂടെ കാര്യമായി ചര്‍ച്ച ചെയ്യപ്പെട്ടില്ല. ഗാര്‍ഡായിലേയ്ക്ക് അഭയാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്ന വാര്‍ത്തയും,ദേശിയ മാധ്യമങ്ങളൊന്നും കാര്യമായെടുത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.