head3
head1

അയര്‍ലണ്ടില്‍ നിന്നും ചാര്‍ട്ടേഡ് വിമാനത്തില്‍ 35 നൈജീരിയക്കാരെ നാടുകടത്തി; ചെലവ് 3,25 ലക്ഷം യൂറോ

ഡബ്ലിന്‍ : അനധികൃതമായി അയര്‍ലണ്ടിലെത്തിയെന്ന് കണ്ടെത്തിയ 35 പേരെ നൈജീരിയയിലേക്ക് നാടുകടത്തി.നേരത്തേ നാടുകടത്തല്‍ ഉത്തരവ് നല്‍കിയിട്ടും അത് പാലിക്കാതെ രാജ്യത്ത് തങ്ങിയവരെയാണ് ജസ്റ്റിസ് വകുപ്പ് നാടുകടത്തിയത്. 325,000 യൂറോ ചെലവിട്ടാണ് 21 പുരുഷന്മാരും ഒമ്പത് സ്ത്രീകളും അഞ്ച് കുട്ടികള്‍ ഉള്‍പ്പെടെയുള്ള സംഘത്തെ അയര്‍ലണ്ടില്‍ നിന്ന് പുറത്താക്കിയത്.

ഡബ്ലിന്‍ വിമാനത്താവളത്തില്‍ നിന്ന് ലാഗോസിലേക്കുള്ള ചാര്‍ട്ടേഡ് വിമാനത്തിലാണ് ഇവരെ കയറ്റിവിട്ടത്. വിട്ടു.അയര്‍ലണ്ട് നടത്തുന്ന മൂന്നാമത്തെ ചാര്‍ട്ടേഡ് നാടുകടത്തലാണെന്നും ഇതിനായി 3,24,714യൂറോ ചെലവിട്ടെന്നും ജസ്റ്റിസ് മന്ത്രി ജിം ഒ കല്ലഗന്‍ സ്ഥിരീകരിച്ചു.ആന്‍ ഗാര്‍ഡ , നീതിന്യായ വകുപ്പ് ജീവനക്കാര്‍ എന്നിവരും വിമാനങ്ങളില്‍ ഇവരെ അനുഗമിച്ചു.

ഈ വര്‍ഷം ഇതുവരെ 1,940 പേര്‍

ഈ വര്‍ഷം ഇതുവരെ 1,940 പേരെ നാടുകടത്താന്‍ ഉത്തരവിട്ടതായി മൈഗ്രേഷന്‍ സഹമന്ത്രി കോളം ബ്രോഫി.ഇവരില്‍ 888 പേര്‍ രാജ്യം വിട്ടതായും മന്ത്രി പറഞ്ഞു.ഫെബ്രുവരിയിലാണ് നാടുകടത്തലിനായി ചാര്‍ട്ടര്‍ വിമാനങ്ങള്‍ ഏര്‍പ്പാടാക്കുന്ന നടപടി സര്‍ക്കാര്‍ പുനരാരംഭിച്ചത്. ഇതിന് ശേഷം നടത്തുന്ന മൂന്നാമത്തെ നാടുകടത്തലാണിത്.ചാര്‍ട്ടര്‍ വിമാനങ്ങളുപയോഗിച്ച് 106 പേരെയാണ് ഇതുവരെ നാടുകടത്തിയത്.2024ല്‍ 2,403 നാടുകടത്തല്‍ ഉത്തരവുകള്‍ ഒപ്പുവച്ചതായി നീതിന്യായ വകുപ്പ് അറിയിച്ചു, 2023 നെ അപേക്ഷിച്ച് 180% വര്‍ദ്ധനവാണിത്.

നാടുകടത്തല്‍ ഉത്തരവിന് വില ലഭിക്കണമെങ്കില്‍ അത് നടപ്പാക്കണം. സ്വമേധയാ വിട്ടുപോവുക എന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്..എന്നാല്‍ അതിന് തയ്യാറാകാത്തവരെ പുറത്താക്കുമെന്നും സഹമന്ത്രി കോളം ബ്രോഫി പറഞ്ഞു.താമസിക്കാന്‍ അനുവാദമില്ലെങ്കിലോ വര്‍ക്ക് വിസ കാലാവധി അവസാനിച്ചാലോ അഭയാര്‍ത്ഥി സ്റ്റാറ്റസ് നഷ്ടമാകുന്ന സാഹചര്യത്തിലോ നാടുവിട്ടുപോകണം- മന്ത്രി വിശദീകരിച്ചു.

അതേ സമയം, നാടുകടത്തലില്‍ മാത്രം പ്രത്യേക ശ്രദ്ധ കേന്ദ്രീകരിക്കുന്നത് ആശങ്കാജനകമാണ്’ എന്ന് ഐറിഷ് അഭയാര്‍ത്ഥി കൗണ്‍സില്‍ പറഞ്ഞു.നിര്‍ബന്ധിത നാടുകടത്തല്‍ ചെലവേറിയതും ഫലപ്രദമല്ലാത്തതുമാണെന്നും സംഘടന പറയുന്നു.

സങ്കടത്തോടെ സഹപാഠികള്‍, നാടുകടത്തിയത് മിടുക്കരായ രണ്ട് കൊച്ചുകുട്ടികളെ

അനധികൃതരെന്ന് കണ്ടെത്തി അയര്‍ലണ്ട് നാടുകടത്തിയതിലൂടെ റെഡ് കൗ സെന്റ് ജെയിംസ് പ്രൈമറി സ്‌കൂളിന് നഷ്ടമായത് മിടമിടുക്കരായ രണ്ട് കുട്ടികളെ. ഇവരെ നഷ്ടമായതിലുള്ള വലിയ നിരാശയാണ് സ്‌കൂള്‍ പ്രിന്‍സിപ്പലും അധ്യാപകരും പങ്കുവെച്ചത്.കഴിഞ്ഞ ദിവസം നൈജീരിയയിലേക്കാണ് ഈ കുട്ടികളുടെ കുടുംബമടക്കം 35പേരെ സര്‍ക്കാര്‍ നാടുകടത്തിയത്.

ഇവരില്‍ രണ്ട് കുട്ടികള്‍ മൂന്ന് വര്‍ഷമായി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായിരുന്നുവെന്ന് പ്രിന്‍സിപ്പല്‍ സിയാരന്‍ ക്രോണിന്‍ പറഞ്ഞു.സ്‌കൂളിന്റെ അവിഭാജ്യ ഘടകമായിരുന്നു ഇവര്‍.മികച്ച ഫുട്ബോളര്‍മാരായിരുന്നു ഈ കുട്ടികള്‍. എല്ലാ വിധത്തിലും സ്‌കൂള്‍ ജീവിതത്തിന്റെ അവിഭാജ്യ ഭാഗമായിരുന്ന കുട്ടികളെയാണ് നഷ്ടമായതെന്നും പ്രിന്‍സിപ്പല്‍ വിശദീകരിച്ചു.

ഡബ്ലിനിലെ റെഡ് കൗ ഐപിഎഎസ് സെന്ററിലായിരുന്നു ഈ കുട്ടികള്‍ താമസിച്ചിരുന്നത്. അവിടെ നിന്നാണ് നാടുകടത്തിയതും. സ്‌കൂളിലെ മറ്റ് വിദ്യാര്‍ത്ഥികള്‍ അവരുടെ നാടുകടത്തലിന് സാക്ഷിയായി.യാത്ര പറഞ്ഞ് പിരിയാന്‍ പോലും അവസരം ലഭിച്ചില്ല. കണ്ണീരോടെയാണ് സഹപാഠികളെ യാത്രയാക്കിയതെന്നും പ്രിന്‍സിപ്പല്‍ സിയാരന്‍ ക്രോണിന്‍ പറഞ്ഞു.ആരോ മരിച്ചുപോയെന്ന പോലെയാണ് സ്‌കൂളിലെ അന്തരീക്ഷമെന്നും ക്രോണിന്‍ പറഞ്ഞു.

നീതിന്യായ മന്ത്രിയോടും പ്രാദേശിക രാഷ്ട്രീയക്കാരോടും ഈ സ്‌കൂള്‍ കുട്ടികള്‍ക്കായി വാദിച്ചിരുന്നു. എന്നാല്‍ആരുടേയും പിന്തുണ സ്‌കൂളിന് ലഭിച്ചിട്ടില്ലെന്നും ക്രോണിന്‍ പറഞ്ഞു.ഐ പി എസ് എ സെന്ററില്‍ കഴിയുന്ന മറ്റ് കുട്ടികളും ഇതോടെ ഭീതിയിലായി.അടുത്ത ഇര അവരാകുമോയെന്ന ഭീതിയിലാണ് കുട്ടികളെന്ന് സെന്ററില്‍ കഴിയുന്നവര്‍ പറയുന്നു.ആദ്യം സ്‌കൂളിലെത്തിയപ്പോള്‍ സംസാരിക്കാനൊക്കെ മടിയായിരുന്നു.അപരിചിതത്വം മാറിയതോടെ അവന്‍ സ്‌കൂളിന്റെ ശ്രദ്ധേയ താരമായി-പ്രിന്‍സിപ്പല്‍ കൂട്ടിച്ചേര്‍ത്തു.

മന്ത്രിതല ഉത്തരവ് നടപ്പിലാക്കുകയായിരുന്നുവെന്നും രണ്ട് കുട്ടികളുടെയും കുടുംബങ്ങള്‍ക്ക് തീയതിയും സമയവും നേരത്തേ നല്‍കിയിരുന്നുവെന്നും ഗാര്‍ഡ വിശദീകരിച്ചു. അവിടെ എത്തുമ്പോള്‍ പോകാന്‍ തയ്യാറായി നില്‍ക്കുകയായരുന്നുവെന്നും ഗാര്‍ഡ പറഞ്ഞു.നാടുകടത്തേണ്ട എല്ലാ പുരുഷന്മാരെയും നേരത്തെ പിടികൂടിയിരുന്നു.ആഴ്ചകളോളം ഇവര്‍ കസ്റ്റഡിയിലായിരുന്നു.നാടുകടത്തപ്പെട്ടവര്‍ക്ക് സ്വമേധയാ രാജ്യം വിടാന്‍ മുമ്പ് സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തിരുന്നു.എന്നാല്‍ അവരത് പ്രയോജനപ്പെടുത്തിയില്ലെന്നും ഗാര്‍ഡ പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.