head1
head3

കളം നിറഞ്ഞൊഴുകി കണ്ണീര്‍ : ബെംഗളൂരുവില്‍ ഐപിഎല്‍ ജേതാക്കളുടെ സ്വീകരണച്ചടങ്ങില്‍ തിക്കും തിരക്കും: 11 പേര്‍ മരിച്ചു

ബെംഗളൂരു:റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു ഐപിഎല്‍ കിരീടം ആദ്യമായി നേടിയതിന്റെ ആഘോഷം ദുരന്തമായി. ബെംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിരാട് കോലി ഉള്‍പ്പെടെയുള്ള താരങ്ങളെ കാത്തുനിന്ന ആരാധകരുടെ തിക്കിലും തിരക്കിലും 11 പേര്‍ മരിച്ചു. 47 പേര്‍ക്ക് പരിക്കേറ്റു. നാലുപേരുടെ നില ഗുരുതരമാണ്.35000 പേര്‍ക്ക് പരമാവധി ഇരിക്കാവുന്ന സ്റ്റേഡിയത്തിലേക്ക് രണ്ട് ലക്ഷത്തോളം പേരാണ് പ്രവേശനം അനുവദിച്ചത്. ഇതാണ് ഇന്ത്യന്‍ കായിക ചരിത്രത്തിലെ തന്നെ വലിയ ഒരു ദുരന്തത്തിന് കാരണമായത്,

ബുധനാഴ്ച വൈകുന്നേരം അഞ്ചുമണിയോടെ വിധാന്‍ സൗധയിലേക്കാണ് കോലിയും സഹതാരങ്ങളും ആദ്യമെത്തിയത്. സംസ്ഥാനസര്‍ക്കാരിന്റെ സ്വീകരണമായിരുന്നു അവിടെ. റോഡിലും പരിസരങ്ങളിലും ആയിരങ്ങള്‍ തിങ്ങിനിറഞ്ഞിരുന്നു. സ്വീകരണപരിപാടി കഴിയാറായപ്പോഴേക്കും മഴ പെയ്തു.

തുടര്‍ന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് പോകാനിരിക്കേയാണ് സ്റ്റേഡിയത്തിന്റെ കവാടത്തിനുമുന്നില്‍ തിക്കുംതിരക്കുമുണ്ടായത്. പലരും കുഴഞ്ഞുവീണു. ഇവര്‍ക്കു മുകളിലേക്ക് കൂടുതല്‍ ആളുകള്‍ വീണതോടെ സ്ഥിതി ഗുരുതരമായി. ആളുകള്‍ തിങ്ങിക്കൂടിയതിനാല്‍ ആംബുലന്‍സ് അപകടസ്ഥലത്തേക്കെത്താന്‍ പ്രയാസപ്പെട്ടു. പലരേയും എടുത്തുകൊണ്ടുപോയി ആംബുലന്‍സില്‍ കയറ്റുകയായിരുന്നു. ദുരന്തമുണ്ടായിട്ടും സ്റ്റേഡിയത്തിലെ ആഘോഷത്തിന് മുടക്കമുണ്ടായില്ല. ആളുകളുടെ തിരക്ക് നിയന്ത്രിക്കാന്‍ പേലീസിനായില്ലെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ പറഞ്ഞു. സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷനേതാവ് ആര്‍. അശോക ആവശ്യപ്പെട്ടു.

18 വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ലഭിച്ച ഐപിഎല്‍ കിരീടനേട്ടം തുറന്ന ബസില്‍ വിക്ടറി പരേഡ് നടത്തി ആഘോഷിക്കാനാണ് ആര്‍സിബി ടീം രാവിലെ നിശ്ചയിയിച്ചത്. വിധാന്‍ സൗധയില്‍നിന്ന് ചിന്നസ്വാമി സ്റ്റേഡിയത്തിലേക്ക് തിരക്കേറിയ റോഡിലൂടെ പരേഡ് നടത്താനായിരുന്നു പദ്ധതി.ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ബുദ്ധിമുട്ടാണെന്നുപറഞ്ഞ് പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. തുടര്‍ന്നാണ് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ വിജയാഘോഷം നടത്താന്‍ തീരുമാനിച്ചത്.

വിജയാഘോഷത്തിനിടെ ചൊവ്വാഴ്ച രാത്രി വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് ആരാധകര്‍ മരിച്ചിരുന്നു. ശിവമോഗയില്‍ ബൈക്ക് റാലിക്കിടെ ബൈക്കുകള്‍ കുട്ടിയിടിച്ച് യുവാവ് മരിച്ചു. ബെളഗാവിയില്‍ അവരാഡി ഗ്രാമത്തില്‍ ആഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ കുഴഞ്ഞുവീണും ഒരാള്‍ മരിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Comments are closed.