head3
head1

ദൂബായില്‍ സര്‍ക്കാര്‍-പൊതുമേഖലാ തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ നാല് ദിവസം ജോലി

ദുബായ്: സര്‍ക്കാര്‍-പൊതുമേഖലാ തൊഴിലാളികള്‍ക്ക് ആഴ്ചയില്‍ നാല് ദിവസത്തെ ജോലി നിശ്ചയിച്ച് ദൂബായ് സര്‍ക്കാര്‍.പ്രവര്‍ത്തന സമയവും വെട്ടിക്കുറച്ചു.സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ കഴിഞ്ഞ വര്‍ഷം പരീക്ഷണമെന്ന നിലയില്‍ നടപ്പാക്കി വിജയമെന്ന് കണ്ട പദ്ധതിയാണ് ഈവര്‍ഷം കൂടുതല്‍ വകുപ്പുകളിലേയ്ക്കും സ്ഥാപനങ്ങളിലേയ്ക്കും വ്യാപിപ്പിച്ചത്.

ജൂലൈ ഒന്നിന് ആരംഭിക്കുന്ന ഔവര്‍ ഫ്ലെക്സിബിള്‍ സമ്മര്‍ പദ്ധതി സെപ്റ്റംബര്‍ 12 വെള്ളിയാഴ്ച വരെയുണ്ടാകും.മികച്ച ഉല്‍പ്പാദനക്ഷമതയും മെച്ചപ്പെട്ട തൊഴില്‍ അന്തരീക്ഷവും നല്‍കിയെന്നും മൊത്തത്തിലുള്ള ജീവനക്കാരുടെ സംതൃപ്തിയും സന്തോഷവും മെച്ചപ്പെടുത്തിയെന്നും കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് പൈലറ്റ് പദ്ധതി വിപുലീകരിച്ചത്.ഓഗസ്റ്റ് മുതല്‍ സെപ്റ്റംബര്‍ അവസാനം വരെ നീണ്ടുനിന്ന കഴിഞ്ഞ വര്‍ഷത്തെ ട്രയല്‍ പദ്ധതി 15 വകുപ്പുകളിലായിരുന്നു നടപ്പാക്കിയത്.ഈ വര്‍ഷമത് 21 സ്ഥാപനങ്ങളിലാണ്.

പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ ജീവനക്കാരെ രണ്ട് വ്യത്യസ്ത ഗ്രൂപ്പുകളായി വിഭജിക്കും. ആഴ്ചയില്‍ അഞ്ച് ദിവസമായിരിക്കും പ്രവൃത്തി സമയം.ആദ്യ ഗ്രൂപ്പ് തിങ്കള്‍ മുതല്‍ വ്യാഴം വരെ എട്ട് മണിക്കൂര്‍ ജോലി ചെയ്യും. വെള്ളി അവധിയാണ്. രണ്ടാമത്തെ ഗ്രൂപ്പ് തിങ്കള്‍ മുതല്‍ വ്യാഴം വരെ ഏഴ് മണിക്കൂര്‍ ജോലി ചെയ്യും.വെള്ളിയാഴ്ച നാലര മണിക്കൂറായിരിക്കും ജോലി സമയം.യുണൈറ്റഡ് അറബ് എമിറേറ്റ്‌സില്‍ നടക്കുന്ന ‘ഇയര്‍ ഓഫ് കമ്മ്യൂണിറ്റി’യുമായി യോജിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

സ്വകാര്യ മേഖലയിലെ തൊഴിലാളികള്‍ക്കും സമാനമായ നയം നിലവിലുണ്ട്. എന്നിരുന്നാലും കൂടുതല്‍ റിമോട്ട് വര്‍ക്കും ഫ്ളക്സിബിലിറ്റിയും അവതരിപ്പിക്കണമെന്ന് ദുബായ്, യുഎഇ സര്‍ക്കാരുകള്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.ഫ്ലെക്സിബിള്‍ ഹവേഴ്സും വിദൂര ജോലിയും റോഡ് ഗതാഗതത്തെ ഗണ്യമായി കുറയ്ക്കുമെന്ന് 2024 നവംബറില്‍ പുറത്തിറങ്ങിയ ദുബായ് സര്‍ക്കാര്‍ സര്‍വേയില്‍ കണ്ടെത്തി.ജനുവരിയില്‍ പുറത്തുവന്ന യുഎഇ ഗവണ്‍മെന്റ് ധവളപത്രവും രാജ്യത്തെ സ്വകാര്യ, പൊതു സ്ഥാപനങ്ങളിലെ ഫ്ളെക്സിബിള്‍ റിമോട്ട് വര്‍ക്കിംഗ് നയത്തിന്റെ വിവിധ നേട്ടങ്ങള്‍ വെളിപ്പെടുത്തിയിരുന്നു.

ജീവനക്കാര്‍ക്ക് തൊഴില്‍-ജീവിത സന്തുലിതാവസ്ഥ നല്‍കുന്നതിനായി ദുബായ് ഗവണ്‍മെന്റ് മാനവ വിഭവശേഷി വകുപ്പാണ് വേനല്‍ക്കാല പദ്ധതി നടപ്പാക്കുന്നത്.ജീവനക്കാരുടെ സംതൃപ്തിയും ഉല്‍പ്പാദനക്ഷമതയും വര്‍ദ്ധിപ്പിക്കുന്നതിനൊപ്പം സ്‌കൂള്‍ അവധിക്കാലത്ത് കുടുംബബന്ധങ്ങള്‍ ശക്തിപ്പെടുത്താനും ലക്ഷ്യമിടുന്നു.

കഴിഞ്ഞ വര്‍ഷത്തെ പൈലറ്റ് പദ്ധതിയുടെ വിജയമാണ് ഈ സംരംഭമെന്ന് ദുബായ് ഗവണ്‍മെന്റ് ഹ്യൂമന്‍ റിസോഴ്‌സസ് ഡിപ്പാര്‍ട്ട്‌മെന്റ് ഡയറക്ടര്‍ ജനറല്‍ അബ്ദുല്ല അലി ബിന്‍ സായിദ് അല്‍ ഫലാസി പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Comments are closed.