head1
head3

അയര്‍ലണ്ടിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ മദ്യവും , മയക്കുമരുന്നും,സിഗരറ്റും ഉപയോഗിക്കില്ലെന്ന് കണ്‍ഫെര്‍മേഷനില്‍ പ്രതിജ്ഞയെടുക്കും

ഡബ്ലിന്‍ : പ്രായപൂര്‍ത്തിയാകുന്നതുവരെ മദ്യം, മയക്കുമരുന്ന്, പുകവലി,വാപ്പിംഗ് എന്നിവയില്‍ നിന്നും അകന്നുനില്‍ക്കുമെന്ന പ്രതിജ്ഞയോടെയാകും അയര്‍ലണ്ടിലെ സ്‌കൂളുകളില്‍ അടുത്തവര്‍ഷം മുതല്‍ പഠനകാലം തുടങ്ങുക.ഇതു സംബന്ധിച്ച് സ്‌കൂളുകള്‍ക്കുള്ള പുതിയ ഓണ്‍ലൈന്‍ മൊഡ്യൂള്‍ സഭ തയ്യാറാക്കി.18 വയസ്സ് തികയുന്നതുവരെ നല്ല കുട്ടികളായിരിക്കുമെന്ന കണ്‍ഫര്‍മേഷന്‍ പ്രതിജ്ഞയാണ് കുട്ടികളെക്കൊണ്ട് എടുപ്പിക്കുക. അയര്‍ലണ്ടിലെ ആകെയുള്ള സ്‌കൂളുകളില്‍ 95 ശതമാനവും കത്തോലിക്കാ മാനേജ്മെന്റുകളുടെ കീഴിലാണ്.സ്‌കൂളുകളില്‍ തന്നെയാണ് ആദ്യകുര്‍ബാനയും ,സ്ഥൈര്യലേപനവും ( കണ്‍ഫര്‍മേഷന്‍) നടത്തപ്പെടുക.

ഡബ്ലിന്‍ അതിരൂപതയിലെ ഹോപ്പ് അപ്പോസ്തലനായ മാറ്റ് ടാല്‍ബോട്ടിന്റെ സ്മരണയ്ക്കായാണ് ഈ സംരംഭം തുടങ്ങുന്നത്.ഐറിഷ് ബിഷപ്പ്സ് ഡ്രഗ്സ് ആന്‍ഡ് ആല്‍ക്കഹോള്‍ ഇനിഷ്യേറ്റീവ് കാത്തലിക് പ്രൈമറി സ്‌കൂള്‍ മാനേജ്മെന്റ് അസോസിയേഷനുമായി സഹകരിച്ചാകും പുതിയ പദ്ധതി നടപ്പാക്കുക.പുതുക്കിയ കണ്‍ഫര്‍മേഷന്‍ പ്രതിജ്ഞയെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുടെ സ്‌കൂളുകള്‍ക്കെല്ലാം പുതിയ ഓണ്‍ലൈന്‍ മൊഡ്യൂള്‍ ലഭ്യമാക്കും.

കുട്ടികളുടെ 12ാം വയസ്സിലെ കണ്‍ഫര്‍മേഷനില്‍ 18 വയസ്സ് തികയുന്നതുവരെ മദ്യപിക്കില്ലെന്ന് പ്രതിജ്ഞയെടുക്കുന്നത് അയര്‍ലണ്ടിലെ ദീര്‍ഘകാല പാരമ്പര്യമാണ്.യുവജനങ്ങളില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുള്ള സഭാ നേതാക്കളുടെ പരശ്രമത്തിന്റെ ഭാഗമായാണിത് തുടങ്ങിയത്.ഇതിന്റെ ചുവടു പിടിച്ചാണ് സ്‌കൂള്‍ കുട്ടികളെ ലഹരിവിരുദ്ധരാക്കാനുള്ള സഭയുടെ പുതിയ ശ്രമം.

ഡബ്ലിന്‍ സ്വദേശിയായിരുന്നു ബിഷപ്പ് മാറ്റ് ടാല്‍ബോട്ട്. ആഴത്തിലുള്ള വിശ്വാസത്തിന്റെയും വ്യക്തിഗത പരിവര്‍ത്തനത്തിന്റെയും വ്യക്തിയെന്നാണ് ഇദ്ദേഹത്തെ ഐറിഷ് കത്തോലിക്കാ ബിഷപ്പുമാരുടെ സമ്മേളനം വിശേഷിപ്പിക്കുന്നത്.

ഇദ്ദേഹത്തിന്റെ പ്രാര്‍ത്ഥന, പ്രായശ്ചിത്ത, കൂദാശകളോടുള്ള ഭക്തി എന്നിവയുടെ പാരമ്പര്യം ഇന്നും ആസക്തിയോട് പോരാടുന്നവര്‍ക്ക് പ്രത്യാശ നല്‍കുന്നതാണ്.ബിഷപ്പ് ടാല്‍ബോട്ടിന്റെ ഈ പാരമ്പര്യത്തെ ആദരിക്കുന്നതിനും യുവാക്കളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തെ പരിപോഷിപ്പിക്കുന്നതിനുമാണ് കണ്‍ഫര്‍മേഷന്‍ പ്രതിജ്ഞയില്‍ വാപ്പിംഗ് ഉള്‍പ്പെടുത്തുന്നതെന്ന് സഭ പറഞ്ഞു.

അയര്‍ലണ്ടില്‍ ക്രൈസ്തവ വിശ്വാസം അതിവേഗം മടങ്ങിവരുന്നുവെന്നാണ് പുതിയ പഠനങ്ങള്‍ തെളിയിക്കുന്നത്. കുടിയേറ്റക്കാരുടെ വിശ്വാസ പ്രഖ്യാപനം ഇതിനൊരു കാരണമായിട്ടുണ്ട്. കൗണ്ടി കെറിയിലെ ട്രേലിയില്‍ അയര്‍ലണ്ടിലെ മുപ്പത്തിയൊമ്പതാമത്തെ വിശുദ്ധ കുര്‍ബാന സെന്ററാണ് സീറോ മലബാര്‍ സഭ കഴിഞ്ഞ ദിവസം ആരംഭിച്ചത്. സീറോ മലബാര്‍ സഭയ്ക്ക് നിര്‍ണായക സാന്നിധ്യമുള്ള മറ്റു മുപ്പതോളം കേന്ദ്രങ്ങളിലും ,അടുത്ത വര്‍ഷങ്ങളില്‍ പുതിയതായി കുര്‍ബാന സെന്ററുകള്‍ ആരംഭിക്കാന്‍ സഭ നിര്‍ബന്ധിതരാകും.സീറോ മലങ്കര സഭയ്ക്കും കൂടുതല്‍ കുര്‍ബാന കേന്ദ്രങ്ങള്‍ ആരംഭിക്കാന്‍  പദ്ധതിയുണ്ട് .

മാര്‍ത്തോമാസഭയും,യാക്കോബായ സഭയും, വിശ്വാസികള്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാന്‍ അയര്‍ലണ്ടില്‍ കൂടുതല്‍ സഭാ കേന്ദ്രങ്ങള്‍ ആരംഭിക്കാനുള്ള പരിശ്രമങ്ങളിലാണ്. യാക്കോബായ സഭയുടെ പരമാധ്യക്ഷന്‍ അഭിവന്ദ്യ കാതോലിക്കാ ആബൂന്‍ മോര്‍ ബസേലിയോസ് ജോസഫ് ബാവ അയര്‍ലണ്ടിലെ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുവാന്‍ അയര്‍ലണ്ടില്‍ എത്തിച്ചേരുന്നുണ്ട്.

ഇന്ത്യന്‍ ഓര്‍ത്തഡോക്‌സ് സഭയാകട്ടെ ടിപ്പററിയിലും ,ഡബ്ലിനിലും സ്വന്തമായ ആരാധനാലയങ്ങള്‍ ഒരുക്കി കഴിഞ്ഞു. അയര്‍ലണ്ടിലെ പ്രധാനകേന്ദ്രങ്ങളിലെല്ലാം സഭയ്ക്ക് ഇപ്പോള്‍ സാന്നിധ്യമുണ്ട്. അയര്‍ലണ്ടിലെ സി എസ് ഐ കോണ്‍ഗ്രിഗേഷനും ഗോള്‍വേ കേന്ദ്രമാക്കി പുതിയ ആരാധനാ കേന്ദ്രം ആരംഭിച്ചിട്ടുണ്ട്.

മീത്തിലെ മുന്‍ നൈറ്റ് ക്ലബ്ബ് പെന്തക്കോസ്ത് ദേവാലയമാകുന്നു

ലോകത്തിന്റെ എല്ലാ ഭാഗത്തുനിന്നുമുള്ള എല്ലാ പെന്തകോസ്റ്റ് ചര്‍ച്ചുകളുടെയുംതന്നെ അവാന്തരവിഭാഗങ്ങള്‍ വിവിധ ഭാഷകളിലുള്ള ആരാധനാകേന്ദ്രങ്ങള്‍ അയര്‍ലണ്ടില്‍ പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. മറ്റു സഭകള്‍ക്ക് സാന്നിധ്യമില്ലാത്ത ഗ്രാമതലങ്ങളില്‍ വേരുറപ്പിച്ചിരിക്കുന്ന പെന്തകോസ്റ്റ് ചര്‍ച്ചുകളിലെ ആരാധനയില്‍ പങ്കെടുക്കുന്നവരില്‍ ഏറെയും മറ്റു വിഭാഗങ്ങളില്‍ പെട്ട കുടിയേറ്റക്കാരാണെന്നതും ശ്രദ്ധേയമാണ്.

പെന്തക്കോസ്റ്റല്‍ ചര്‍ച്ച് മൗണ്ട് സിയോണ്‍ സിഎല്‍ജി മീത്ത് കൗണ്ടി കൗണ്‍സിലില്‍ പ്രദേശത്ത് മുമ്പ് പ്രവര്‍ത്തിച്ചിരുന്ന നൈറ്റ് ക്ലബ്ബിനെ, ഒരു പള്ളിയാക്കാന്‍ അനുമതി തേടി അപേക്ഷ നല്‍കിയിട്ടുണ്ട്..ഇതില്‍ ജൂലൈ 31 ന് തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്.അനുകൂല തീരുമാനം വന്നാല്‍ ഡണ്‍ഷോഗ്ലിനിലെ ഗ്രൗടൗണിലുള്ള പീറ്റേഴ്സ് ഫാമിലിയുടെ നൈറ്റ് ക്ലബ്ബ്, വൈകാതെ ആരാധാനാലയമാകും.

ചര്‍ച്ചിനൊപ്പം കമ്മ്യൂണിറ്റി റെസ്റ്റോറന്റിനുമുള്ള പ്ലാനിംഗ് പെര്‍മിഷനും ആവശ്യപ്പെട്ടിട്ടുണ്ട്.മുന്‍ നൈറ്റ്ക്ലബ് കെട്ടിടത്തിന്റെ ഒരു ഭാഗമാണ് പള്ളിയാക്കി മാറ്റുക.ബാറും റെസ്റ്റോറന്റ് ഏരിയയുമാണ് ലൈസന്‍സില്ലാത്ത കമ്മ്യൂണിറ്റി റെസ്റ്റോറന്റായി നവീകരിക്കുന്നത്. ഇവിടെ മദ്യം വിളമ്പില്ല.

പള്ളി വരിക നാലേക്കറോളം സ്ഥലത്ത്

ഡബ്ലിന്‍-നാവന്‍ റോഡരികില്‍ 3.8 ഏക്കര്‍ സ്ഥലത്ത് 17,405 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ളാണ് ഈ രണ്ട് നില കെട്ടിടം.മുന്‍ഭാഗത്ത് 125 മീറ്റര്‍ റോഡ് ഫ്രണ്ടേജുണ്ട്, പിന്നില്‍ 86 മീറ്ററും. ഈ സ്ഥലത്ത് 220 കാറുകള്‍ പാര്‍ക്ക് ചെയ്യാം.

പീറ്റേഴ്‌സ് ഫാമിലി നാല് പതിറ്റാണ്ടിലേറെയായി നല്ല നിലയില്‍ നടത്തിയ സ്ഥാപനമാണിത്.നല്ല തിരക്കും ഗുണനിലവാരമുള്ള ഭക്ഷണ പാനീയങ്ങളും ഡെബ്‌സ്, സാമൂഹിക പരിപാടികളുമെല്ലാമുള്ള ജനപ്രിയ വേദിയായിരുന്നു ഈ നൈറ്റ്ക്ലബ് .കഴിഞ്ഞ വര്‍ഷം 1.5 മില്യണില്‍ കൂടിയ വിലയ്ക്ക് പ്രോപ്പര്‍ട്ടി വില്‍പ്പനയ്ക്ക് വച്ചിരുന്നു.

നൈറ്റ്ക്ലബ് പള്ളിയാകുമ്പോള്‍

നൈറ്റ്ക്ലബിനെ പള്ളിയാക്കുമ്പോള്‍ കെട്ടിടത്തിന്റെ ഫ്ളാറ്റ് റൂഫ് ഉയര്‍ത്തും.പള്ളിയുടെ ഉള്‍ഭാഗം മെസാനൈന്‍ ലെവലിലേയ്ക്ക് എത്തിക്കുന്നതിനാണിത്.പള്ളികളുടേതായ രീതികളില്‍ കെട്ടിടത്തിന്റെ ജനാലകളിലും പള്ളിയുടെ എല്ലാ വശങ്ങളിലുമുള്ള ബാഹ്യനിര്‍മ്മിതികളിലും മാറ്റം വരുത്തും. പ്രത്യേക സൈഡ് എന്‍ട്രന്‍സ് ആട്രിയവും നിര്‍മ്മിക്കും.പള്ളിയുടെ പിന്‍ഭാഗത്തെ ഗ്രൗണ്ട് ഫ്ളോറും വിപുലീകരിക്കും.സ്റ്റീല്‍ ഫയര്‍-എസ്‌കേപ്പ് സ്റ്റെയര്‍കേസ് സ്ഥാപിക്കുന്നതിനും പദ്ധതിയുണ്ട്.പള്ളിയ്ക്കും റസ്റ്റോറന്റിനുമായി ഒരു മലിനജല ശുദ്ധീകരണ സംവിധാനവും സ്ഥാപിക്കും.നിലവിലുള്ള രണ്ട് വാഹന പ്രവേശന കവാടങ്ങളില്‍ മാറ്റമുണ്ടാകില്ല.കാര്‍ പാര്‍ക്കിംഗ് സ്ഥലങ്ങളും നിലനിര്‍ത്തും.

കുടിയേറ്റക്കാരുടെ വിശ്വാസ പ്രഖ്യാപനം ,അയര്‍ലണ്ടിലെ പഴയതലമുറയെയും ആവേശഭരിതരാക്കുന്നുണ്ട്. ഇടയ്ക്ക് കൈവിട്ടുപോയ വിശ്വാസത്തിന്റെ ദീപശിഖ ,വീണ്ടുമുയര്‍ത്തി അധിനിവേശങ്ങൾക്കെതിരെ ഒരു ഫീനിക്‌സ് പക്ഷിയെപ്പോലെ പറക്കാനാണ് അയര്‍ലണ്ടിലെ ക്രൈസ്തവ വിശ്വാസികള്‍ തയാറെടുക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</</a

Comments are closed.