ടെല്‍അവീവ് :പശ്ചിമേഷ്യയെ സമ്പൂര്‍ണ യുദ്ധഭീതിയിലാഴ്ത്തി ഇസ്രയേലും ഇറാനും തമ്മില്‍ യുദ്ധസമാനമായ ഏറ്റുമുട്ടലുകള്‍. ഇന്നലെ ഇറാനില്‍ നടത്തിയ ആക്രമണങ്ങള്‍ക്ക് ഇന്ന് രാവിലെ ഇറാന്‍ തിരിച്ചടി നല്‍കി. . ഇസ്രായേലിന്റെ വലിയതോതിലുള്ള സൈനിക ഇടപെടലിന് പ്രതികാരമായി, ഇറാന്‍ ഇസ്രായേലിലെ പ്രധാന നഗരങ്ങളായ ടെല്‍ അവീവ്, ജറുസലേം എന്നിവയെ ലക്ഷ്യമാക്കി 150 ബാലിസ്റ്റിക് മിസൈലുകളും നൂറിലധികം ഡ്രോണുകളും പ്രയോഗിച്ചു.
ഇന്നലെ അതിശക്തമായ ആക്രമണം നടത്തിയ ഇസ്രായേല്‍, ഇറാന്റെ ആണവപദ്ധതിയുടെ ശില്‍പ്പിയും ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡ് കോറിന്റെ തലവനുമായ ജനറല്‍ ഹൊസ്സൈന്‍ സലാമി, സംയുക്ത സൈനികമേധാവി മേജര്‍ ജനറല്‍ മുഹമ്മദ് ബഘാരി, മുന്‍ സുരക്ഷാ ഉപ ദേഷ്ടാവ് അലി ഷംഖാനി എന്നിവരുടെയൊക്കെ ജീവനെടുത്തു. ആണവോര്‍ജ ഏജന്‍സിയുടെ മുന്‍ തലവന്‍ മുഹമ്മദ് മഹ്ദി ടെഹ്രാഞ്ചി അടക്കമുള്ള ആറോളം ആണവ ശാസ്ത്രജ്ഞരും ആക്രമണത്തില്‍ കൊല്ലപ്പെട്ടെന്ന് ഇസ്രയേല്‍ അറിയിച്ചു. എന്നാല്‍, എല്ലാവരുടെയും മരണം ഇറാന്‍ സ്ഥിരീകരിച്ചിട്ടില്ല. ഇറാന്റെ ആണവപദ്ധതിയുടെ ആണിക്കല്ലായി പ്രവര്‍ത്തിക്കുന്ന നതാന്‍സിലെ ആണവസമ്പുഷ്ടീകരണശാലയുള്‍പ്പെടെ ആറോളം ആണവകേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടു.
പ്രാദേശികസമയം വെള്ളിയാഴ്ച പുലര്‍ച്ചെ 3.30ഓടെയായിരുന്നു ആക്രമണം. തലസ്ഥാനമായ ടെഹ്റാനിലേതുള്‍പ്പെടെ ഇറാന്റെ വിവിധ ആണവ -സൈനികകേന്ദ്രങ്ങളില്‍ ഒരേസമയം, 200-ലേറെ യുദ്ധ വിമാനങ്ങള്‍ ബോംബിട്ടെന്ന് ഇസ്രയേല്‍ സേനാവക്താവ് എഫി ഡെഫ്രിന്‍ അറിയിച്ചു. ഇന്നലെ നൂറോളം പേര്‍ ഇറാനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇസ്രയേല്‍ ആക്രമണത്തിനു പിന്നാലെ ടെല്‍ അവീവിലേക്ക് നൂറിലേറെ ഡ്രോണുകള്‍ ഇറാന്‍ തൊടുത്തു. ഇവയെല്ലാം തങ്ങളുടെ വ്യോമപ്രതിരോധസംവിധാനം തകര്‍ത്തെന്ന് ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസ്രായേലിന്റെ മിസൈല്‍ പ്രതിരോധ സംവിധാനം ഭൂരിഭാഗം ആക്രമണങ്ങളും തടയുകയും, അമേരിക്ക സൈനിക സഹായം നല്‍കുകയും ചെയ്തുവെന്നാണ് സ്ഥിരീകരണം. ഇറാനിയന്‍ ജനത ഈ അക്രമ ഭരണകൂടത്തിനെതിരെ ഉണരണം എന്നായിരുന്നു ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ സന്ദേശം.
20 മാസമായി പശ്ചിമേഷ്യയില്‍, ഇസ്രയേലും ഹമാസുള്‍പ്പെടെയുള്ള ഇറാന്‍ അനുകൂല സായുധസംഘടനകളും തമ്മിലായിരുന്നു യുദ്ധം. ഈ ആക്രമണത്തോടെ അത് രണ്ട് രാജ്യങ്ങള്‍ തമ്മിലുള്ളതായി പരിണമിച്ചു.
സംഘര്‍ഷം മൂര്‍ച്ഛിച്ച സാഹചര്യത്തില്‍ ഇസ്രയേലില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. സംഘര്‍ഷം രൂക്ഷമായ പശ്ചാത്തലത്തില്‍ ഇറാന്‍ വ്യോമാതിര്‍ത്തി അടച്ചു.ഇതുവഴിയുള്ള സര്‍വീസുകള്‍ എയര്‍ ഇന്ത്യ ഉള്‍പ്പെടെ ഭൂരിഭാഗം വിമാനക്കമ്പനികളും റദ്ദാക്കുകയോ വഴി തിരിച്ചുവിടുകയോ ചെയ്തു. ആണവ പദ്ധതി ഉപേക്ഷിക്കാന്‍ ഇറാനോട് യു എസും ഇസ്രയേലും നിരന്തരം മുന്നറിയിപ്പു നല്‍കിയിരുന്നു.
ഇസ്രയേലിന് കയ്പ്പേറിയതും വേദനാജനകവുമായ വിധിയുണ്ടാകുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അയത്തൊള്ള അലി ഖമീനി മുന്നറിയിപ്പ് നല്‍കി.ഇസ്രയേലിന്റെ കുറ്റകൃത്യത്തിന് നേരെ രാജ്യം നിശ്ശബ്ദതപാലിക്കില്ല.അവര്‍ക്കെതിരെ നിയമാനുസൃതമായ രീതിയില്‍ ശക്തമായി തിരിച്ചടിക്കും.ഇറാന്‍ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ പറഞ്ഞു.രാജ്യം ഐക്യത്തോടെയും വിശ്വാസ പൂര്‍വ്വവുമായി നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം പറഞ്ഞു.ഇസ്രയേല്‍ ആക്രമണം : ലോകം രണ്ടുതട്ടില്‍
ആക്രമണത്തെ അപലപിച്ച് റഷ്യയും ഗള്‍ഫ് രാജ്യങ്ങളും
ദുബായ്: ആണവ നിര്‍വ്യാപന കരാറിലെത്തിയില്ലെങ്കില്‍ ഇസ്രയേല്‍ ആക്രമണം രൂക്ഷമാകുമെന്ന് ഇറാന് യു എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്. കൂട്ടക്കൊല അവസാനിപ്പിക്കാന്‍ ഇനിയും മുമ്പില്‍ സമയമുണ്ടെന്നും അല്ലെങ്കില്‍ നിശ്ചയിച്ചപ്രകാരം ഇസ്രയേല്‍ ആക്രമണത്തെ നേരിടേണ്ടിവരുമെന്നും ട്രംപ് പറഞ്ഞു. അതേസമയം ഇസ്രയേലിന്റേത് ഏകപക്ഷീയമായ ആക്രമണമായിപ്പോയെന്ന് യുഎസ് വിദേശകാര്യസെക്രട്ടറി മാര്‍ക്കോ റൂബിയോ അഭിപ്രായപ്പെട്ടു.
ഇറാനുനേരേ സൈനിക നടപടിയുണ്ടാകുമെന്ന് പൊതുഇടത്തില്‍ ഭീഷണി മുഴക്കരുതെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിനെ വ്യാഴാഴ്ച ട്രംപ് ഉപദേശിച്ചിരുന്നു. ഇത് കണക്കിലെടുക്കാതെയാണ് വെള്ളിയാഴ്ചത്തെ ഇസ്രയേല്‍ ആക്രമണം. അതേസമയം, ആക്രമണത്തെ ക്കുറിച്ച് ഇസ്രയേല്‍ യുഎസിനെ ധരിപ്പിച്ചെന്നാണ് വിവരം. ഇറാന്റെ ആണവാഭിലാഷണങ്ങള്‍ക്ക് തടയിടുന്നതിനായി 2015ലാണ് യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന, യൂറോപ്യന്‍ യൂണിയന്‍ എന്നീ രാജ്യങ്ങള്‍ചേര്‍ന്ന് കരാറുണ്ടാക്കിയത്. 2018ല്‍ ഡൊണാള്‍ഡ് ട്രംപിന്റെ ആദ്യ സര്‍ക്കാരിന്റെ കാലത്ത് യു എസ് ഉടമ്പടിയില്‍നിന്ന് പിന്മാറുകയായിരുന്നു.
പ്രകോപനമില്ലാതെയുള്ള ആക്രമണമെന്ന് റഷ്യ
മോസ്‌കോ :ആക്രമണത്തില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തിയ റഷ്യന്‍ പ്രതിരോധ വകുപ്പ് യാതൊരു പ്രകോപനവുമില്ലാതെ നടത്തിയ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് വ്യക്തമാക്കി. അപ്രതീക്ഷിതമായ ആക്രമണം ഈ മേഖലയിലെ സമാധാനാന്തരീക്ഷത്തിനാകെ ഭീഷ ണിയാണെന്നും സ്ഥിതിഗതികള്‍ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടെന്നും റഷ്യന്‍ പ്രതിരോധ വകുപ്പ് പറഞ്ഞു.
അപലപിച്ച് യു എ ഇ
ഇസ്രയേലിന്റെ ആക്രമണത്തില്‍ ആശങ്കയറിയിച്ച് ലോകം. ആക്രമണത്തെ ശക്തമായി അപലപിച്ച് യുഎഇ, വര്‍ധിച്ചുവരുന്ന സംഘര്‍ഷാവസ്ഥയില്‍ ആശങ്ക പ്രകടിപ്പിച്ചു. വെടിനിര്‍ത്തല്‍ നടപ്പാക്കാനും അന്താരാഷ്ട്ര സമാധാനവും സുരക്ഷയും ശക്തിപ്പെടുത്താനും അടിയന്തരനടപടി സ്വീ കരിക്കണമെന്ന് ഐക്യരാഷ്ട്രസഭാ രക്ഷാകൗണ്‍സിലിനോട് ആവശ്യപ്പെട്ടു.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.


Comments are closed.