head1
head3

നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ കലാപം അടങ്ങിയില്ല, തെരുവില്‍ പോലീസും കലാപകാരികളും തമ്മില്‍ പൊരിഞ്ഞ യുദ്ധം

ബെല്‍ഫാസ്റ്റ് : നോര്‍ത്തേണ്‍ അയര്‍ലണ്ടില്‍ തിങ്കളാഴ്ച തുടങ്ങിയ കുടിയേറ്റ വിരുദ്ധ സംഘര്‍ഷം അക്രമാസക്തമായി തുടരുന്നു.ആന്‍ട്രിം കൗണ്ടിയിലെ ലാര്‍ണ്‍ വിശ്രമ കേന്ദ്രത്തിന് മുഖംമൂടിയ കലാപകാരികള്‍ തീയിട്ടു.ജനാലകളടക്കം നശിച്ചു.ഇവിടെയുണ്ടായിരുന്നവരെ മാറ്റിപ്പാര്‍പ്പിച്ചു.തുടര്‍ച്ചയായ മൂന്നാം ദിവസമാണ് ഈ മേഖലയില്‍ കലാപം തുടരുന്നത്.കലാപങ്ങളില്‍ പെട്രോള്‍ ബോംബുകളും മറ്റും ഉപയോഗിച്ചതിനെ തുടര്‍ന്ന് പരിക്കേറ്റ പിഎസ്എന്‍ഐ ഉദ്യോഗസ്ഥരുടെ എണ്ണം 32ആയി. മുഖംമൂടിയിട്ട യുവാക്കളാണ് പോലീസിനെ ആക്രമിച്ചത്.

നിരവധി പോലീസ് വാഹനങ്ങള്‍ക്കും നാശമുണ്ടായി.കുടിയേറ്റക്കാരായ ചെറുപ്പക്കാര്‍ ഒരു പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചതിനെ തുടര്‍ന്നാണ് നഗരത്തില്‍ തിങ്കളാഴ്ച വൈകിട്ട് കലാപം തുടങ്ങിയത്.പീഡന സംഭവത്തില്‍ ബലാത്സംഗ ശ്രമത്തിന് രണ്ട് കൗമാരക്കാരെ കോടതിയില്‍ ഹാജരാക്കിയിരുന്നു.

ബാലിമെനയിലെ അക്രമകാരികളായ ജനക്കൂട്ടത്തോട് പിരിഞ്ഞുപോയില്ലെങ്കില്‍ ബലം പ്രയോഗിക്കുമെന്ന് പോലീസ് മുന്നറിയിപ്പ് നല്‍കിയതോടെയാണ് അക്രമം തുടങ്ങിയത്.ടൗണ്‍ സെന്ററിനടുത്തുള്ള ഒരു പാലത്തിന് സമീപമായിരുന്നു ഇവര്‍ നിലയുറപ്പിച്ചിരുന്നത്.ഇവര്‍ പോലീസിന് നേരെ സ്ഫോടക വസ്തുകളും കല്ലുകളും പ്രയോഗിച്ചു.പോലീസ് ജലപീരങ്കി ഉപയോഗിച്ചു.സംഘര്‍ഷം ഒരു മണിക്കൂറിലേറെ നീണ്ടു.കഴിഞ്ഞ രണ്ട് ദിവസങ്ങളെ അപേക്ഷിച്ച് കലാപം രൂക്ഷമായിട്ടില്ലെന്ന ആശ്വാസമുള്ളപ്പോഴും രംഗം സംഘര്‍ഷഭരിതമായിത്തന്നെ തുടരുകയാണ്.ലാര്‍ണിലെ വിനോദ കേന്ദ്രത്തിന് തീയിട്ടതായി അലയന്‍സ് പാര്‍ട്ടി എംഎല്‍എ ഡാനി ഡൊണലി വ്യക്തമാക്കി.തുടര്‍ന്ന് ഇവിടെയുണ്ടായിരുന്നവരെ മാറ്റിപ്പാര്‍പ്പിച്ചതായി പിഎസ്എന്‍ഐ സ്ഥിരീകരിച്ചു.

കലാപത്തിനിടെ ബാലിമെനയിലെ ഒട്ടേറെ വീടുകളും സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടതായി പോലീസ് പറഞ്ഞു.കല്ലേറില്‍ പല വീടുകളുടെയും ജനാലകള്‍ തകര്‍ന്നു.ഒരു വീടിന് തീയിട്ടു.അതിനിടെ അക്രമം ഒഴിവാക്കാനായി ചില വീടുകള്‍ക്ക് മുമ്പില്‍ യൂണിയന്‍ പതാകകളും അള്‍സ്റ്റര്‍ പതാകകളും ലോയല്‍ ഓര്‍ഡേഴ്സ് പതാകകളും തൂക്കിയിട്ടിരുന്നു.കുടിയേറ്റക്കാരാവട്ടെ അവരുടെ രാജ്യത്തിന്റെ പേരെഴുതി വീടുകള്‍ക്ക് മുമ്പില്‍ തൂക്കിയിട്ടാണ് ഭയം മാറ്റിയത്.ചില രാജ്യക്കാരെ തിരഞ്ഞ് പിടിച്ചാക്രമിക്കുവാന്‍ കലാപകാരികള്‍ ശ്രമിച്ച സാഹചര്യത്തിലാണിത്.

നേരത്തേ ക്ലോണവോണ്‍ ടെറസ്, നോര്‍ത്ത് റോഡ്, ബ്രിഡ്ജ് സ്ട്രീറ്റ് പ്രദേശങ്ങളില്‍ അക്രമാസ്‌കതമായ ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ ജലപീരങ്കി ഉപയോഗിച്ചിരുന്നു.നിരവധി ബാറ്റണ്‍ റൗണ്ടുകളും പോലീസ് പ്രയോഗിച്ചു.വീടുകളും വ്യാപാര സ്ഥാപനങ്ങളും കലാപകാരികള്‍ ആക്രമിച്ചു.അതിനിടെ,തിങ്കളാഴ്ച രാത്രിയിലെ അക്രമത്തിന്റെ പേരില്‍ 29കാരനെ അറസ്റ്റ് ചെയ്തു.വടക്കന്‍ ബെല്‍ഫാസ്റ്റിലെ സംഭവങ്ങളെ തുടര്‍ന്ന് ന്യൂടൗണബെയിലും കാരിക്ഫെര്‍ഗസിലും അനിഷ്ട സംഭവങ്ങളെയും പോലീസിന് നേരിടേണ്ടി വന്നിരുന്നു.

അതേസമയം, വംശീയ പ്രേരിത അക്രമത്തെ ശക്തമായി അപലപിക്കുന്നതായും ശാന്തത പാലിക്കണമെന്നും സിന്‍ ഫെയ്ന്‍, ഡിയുപി, അലയന്‍സ് പാര്‍ട്ടി, യുയുപി എന്നിവ ഉള്‍പ്പെടുന്ന നോര്‍ത്തേണ്‍ അയര്‍ലണ്ട് സര്‍ക്കാരിലെ മന്ത്രിമാര്‍ സംയുക്ത പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു.പെണ്‍കുട്ടിക്കെതിരെയുണ്ടായത് തികച്ചും ഹീനമായ കുറ്റകൃത്യമാണ്. ഇതിലുള്‍പ്പെട്ടവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും.ഈ സാഹചര്യത്തെ വംശീയ സംഘര്‍ഷങ്ങള്‍ക്ക് ആയുധമാക്കാന്‍ ഉപയോഗിക്കരുത്. വിഭാഗീയതയും അക്രമവുമല്ലാതെ മറ്റൊന്നും ഇതില്‍ നിന്നും സമൂഹത്തിന് ലഭിക്കില്ലെന്നും പ്രസ്താവന തുടര്‍ന്നു.അക്രമം അനുവദിക്കില്ലെന്ന് പി എസ് എന്‍ ഐ ചീഫ് കോണ്‍സ്റ്റബിള്‍ ജോണ്‍ ബൗച്ചര്‍ പറഞ്ഞു.

വരും ദിവസങ്ങളില്‍ സ്‌കോട്ട്ലന്‍ഡില്‍ നിന്നും മറ്റ് യു കെ സേനകളില്‍ നിന്നുമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ കൂടി ലോക്കല്‍ പോലീസിനെ സഹായിക്കാനെത്തും. സ്‌കോട്ട്ലന്‍ഡ്, ഇംഗ്ലണ്ട്, വെയില്‍സ് എന്നിവിടങ്ങളില്‍ നിന്ന് പിഎസ്എന്‍ഐ നേരത്തെ സഹായം അഭ്യര്‍ത്ഥിച്ചിരുന്നുവെന്ന് അസിസ്റ്റന്റ് പിഎസ്എന്‍ഐ ചീഫ് കോണ്‍സ്റ്റബിള്‍ റയാന്‍ ഹെന്‍ഡേഴ്സണ്‍ പറഞ്ഞു.ഓഗസ്റ്റില്‍ പ്രൊട്ടസ്റ്റന്റ് യൂണിയനിസ്റ്റ് ഭൂരിഭാഗമുളള മേഖലകളില്‍ നടന്ന ആക്രമണങ്ങള്‍ മുസ്‌ളീം വിരുദ്ധ കലാപമായി മാറിയതു മുതല്‍ നോര്‍ത്തിലെങ്ങും അശാന്തി വ്യാപിക്കുകയാണ്.അതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ആക്രമണങ്ങള്‍ എന്ന് വിലയിരുത്തപ്പെടുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.