head1
head3

ഗാര്‍ഡാ വേണ്ട , ട്രാഫിക് നിയമലംഘനത്തിന് ഇനി ഓട്ടോമാറ്റിക്കായി പിഴ

ഡബ്ലിന്‍ : അയര്‍ലണ്ടിലെ പ്രധാന ലെവല്‍ ക്രോസിംഗുകളില്‍ ട്രാഫിക് നിയമലംഘനത്തിന് ഓട്ടോമാറ്റിക്കായി പിഴ ചുമത്തുന്നതിന് ശേഷിയുള്ള ഗോ സേഫ് ക്യാമറകള്‍ പ്രവര്‍ത്തനസജ്ജമാകും. അതോടെ ഗാര്‍ഡയുടെ പരിശോധനയോ സാന്നിധ്യമോ ഇല്ലാതെ തന്നെ ഡ്രൈവര്‍മാര്‍ക്ക് 160 പിഴ ചുമത്തുന്ന സംവിധാനമാണ് നടപ്പാവുക.അമിതവേഗത്തിന് 160 യൂറോയും റെഡ് സിഗ്നല്‍ ലംഘിച്ചാല്‍ 80 യൂറോയും മോട്ടോര്‍ വാഹന ഉടമയ്ക്ക് മൂന്ന് പെനാല്‍റ്റി പോയിന്റുകളുമാണ് പിഴ ലഭിക്കുക.

സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും അപകടം വരുത്തുന്ന വിധത്തിലുള്ള ഡ്രൈവര്‍മാരുടെ പെരുമാറ്റം തടയുന്നതിനുമാണ് രാജ്യത്തുടനീളമുള്ള ലെവല്‍ ക്രോസിംഗുകളില്‍ പുതിയ ഗോ സേഫ് ക്യാമറകള്‍ സ്ഥാപിക്കുന്നത്.

ലെവല്‍ ക്രോസിംഗുകളില്‍ അപകടകരമായ ഡ്രൈവിംഗ് ആശങ്കയുണ്ടാക്കുന്നതിനെ തുടര്‍ന്നാണ് ക്യാമറകള്‍ സ്ഥാപിക്കുന്നത്.ഈ വര്‍ഷം ഇതുവരെ ഇത്തരത്തിലുള്ള 30 സംഭവങ്ങളുണ്ടായി.ഇതില്‍ 11 എണ്ണത്തിലും റോഡ് ഉപയോക്താക്കള്‍ക്ക് പരിക്കേറ്റു. ലെവല്‍ ക്രോസിംഗുകള്‍ക്കും നാശമുണ്ടായി. മുന്‍ സ്പീഡ് സര്‍വേയിലും അമിത വേഗതയുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്തുവന്നിരുന്നു.

50 കിലോമീറ്റര്‍/മണിക്കൂര്‍ വേഗതാ മേഖലയില്‍ മണിക്കൂറില്‍ 152 കിലോമീറ്റര്‍/മണിക്കൂര്‍ വരെ വേഗതയിലാണ് ആളുകള്‍ പറക്കുന്നത്.മുമ്പ് ഗോ സേഫ് ക്യാമറകള്‍ ഉണ്ടായിരുന്നിടത്തെല്ലാം നിയമലംഘനം നാമമാത്രമായി കുറഞ്ഞിരുന്നു. 98.5% ആളുകളും നിയമം പാലിച്ചിരുന്നതായും വെളിപ്പെട്ടു.ഇതേ തുടര്‍ന്നാണ് ലെവല്‍ ക്രോസിംഗുകളില്‍ അപകടം കുറയ്ക്കുന്നതിന് പരീക്ഷണ പദ്ധതി നടപ്പാക്കുന്നത്.

പരീക്ഷണാടിസ്ഥാനത്തിലാകും തുടക്കത്തില്‍ ക്യാമറകള്‍ പവര്‍ത്തിക്കുക. ആവശ്യാനുസരണം വിവിധ ക്രോസിംഗുകളില്‍ സ്ഥാപിക്കാന്‍ കഴിയുന്ന തരത്തില്‍ എളുപ്പത്തില്‍ മാറ്റിസ്ഥാപിക്കാവുന്ന തരത്തിലാണ് ക്യാമറകളുടെ രൂപകല്‍പ്പന. ഡ്രൈവര്‍മാരുടെ പെരുമാറ്റത്തെ ആശ്രയിച്ചാകും ഇവ വിന്യസിക്കുകയെന്ന് റോഡ് ട്രാന്‍സ്പോര്‍ട്ട് അധികൃതര്‍ പറഞ്ഞു.റിസ്‌ക് എടുക്കുന്ന സ്വഭാവം തടയുന്നതിലൂടെ കാല്‍നടയാത്രക്കാരും സൈക്കിള്‍ യാത്രക്കാരും ഉള്‍പ്പെടെയുള്ള റെയില്‍, റോഡ് ഉപയോക്താക്കളുടെ സുരക്ഷ വര്‍ദ്ധിപ്പിക്കുകയാണ് ക്യാമറകള്‍ ലക്ഷ്യമിടുന്നതെന്ന് റെയില്‍വേ ഓപ്പറേറ്റര്‍മാരും പറഞ്ഞു.

ലെവല്‍ ക്രോസിംഗുകളിലോ പാലങ്ങളിലോ വാഹനങ്ങള്‍ ഇടിക്കുന്ന സാഹചര്യങ്ങളുണ്ടായാല്‍ ഗോ സേഫ് ക്യാമറകളുടെ സേവനം വളരെ പ്രയോജനകരമാകുമെന്ന് ഇയര്‍റോഡ് ഏറാനിലെ കോര്‍പ്പറേറ്റ് കമ്മ്യൂണിക്കേഷന്‍സ് മേധാവി ബാരി കെന്നി പറഞ്ഞു. കാല്‍നടയാത്രക്കാര്‍, സൈക്ലിസ്റ്റുകള്‍ തുടങ്ങിയ ദുര്‍ബലരായ റോഡ് ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനും റെയില്‍ സേവനത്തിലെ കാലതാമസവും തടസ്സവും ഒഴിവാക്കുന്നതിലും കൂടുതല്‍ സുരക്ഷയൊരുക്കുന്നത് നിര്‍ണായകമാണ്- ബാരി കെന്നി വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.