head1
head3

കുട്ടികളെ നാടുകടത്തിയതിനെച്ചൊല്ലി അയര്‍ലണ്ടില്‍ പുതിയ വിവാദം

ഡബ്ലിന്‍ : നൈജീരിയയിലേയ്ക്ക് നാടുകടത്തിയ അനധികൃത കുടിയേറ്റക്കാരിലുള്‍പ്പെട്ട കുട്ടികളെച്ചൊല്ലി അയര്‍ലണ്ടില്‍ പുതിയ വിവാദം.കുട്ടികളെ നാടുകടത്തിയത് ഒരു സ്‌കൂളിലെ കുട്ടികളെയാകെ മുറിപ്പെടുത്തിയെന്ന വിമര്‍ശനമുയര്‍ന്നതോടെയാണ് വിഷയം ചൂടുപിടിച്ചചത്.

കഴിഞ്ഞ ദിവസം ചാര്‍ട്ടേഡ് വിമാനത്തില്‍ നാടുകടത്തിയ 35 പേരില്‍ രണ്ട് കുട്ടികള്‍ ഡബ്ലിനിലെ സെന്റ് ജെയിംസ് സ്‌കൂളിലെ മിടുക്കരായ വിദ്യാര്‍ത്ഥികളായിരുന്നു.മൂന്നു വര്‍ഷമായി സ്‌കൂളിന്റെ ഭാഗമായിരുന്ന ഇവരെ നാടുകടത്തിയതിനെതിരെ സ്‌കൂള്‍ പ്രിന്‍സിപ്പലാണ് ആദ്യം വിമര്‍ശനമുയര്‍ത്തിയത്. ഇതേ തുടര്‍ന്ന് സോഷ്യല്‍ ഡമോക്രാറ്റ്സും സിന്‍ഫെയിനും അടക്കമുള്ള രാഷ്ട്രീയപ്പാര്‍ട്ടികളും വിവാദം ഏറ്റുപിടിച്ചു.

തുടര്‍ന്ന് റഫ്യൂജി കൗണ്‍സിലും വിവിധ അഭയാര്‍ത്ഥി സംഘടനകളും ഏറ്റെടുത്തു.അതോടെ കുട്ടികളെ നാടുകടത്തുന്നത് വലിയ ചര്‍ച്ചയായി.കുട്ടികളെ നാടുകടത്തുന്നത് വിലക്കണമെന്ന ആവശ്യവും വിവിധ കോണുകളില്‍ നിന്നുമുണ്ടായി.എന്നാല്‍ കുട്ടികളുടെ നാടുകടത്തല്‍ ഒഴിവാക്കുന്നത് അസാധ്യമാണെന്ന് സര്‍ക്കാര്‍ നിലപാട് ജസ്റ്റിസ് മന്ത്രി ജിം കല്ലഗന്‍ വ്യക്തമാക്കിയതോടെ വിഷയം രാഷ്ട്രീയവുമായി.

നാടുകടത്തലുണ്ടാകും,ഉണ്ടാകണം: മന്ത്രി

കുട്ടികളുടെ ഡിപ്പോര്‍ട്ടേഷന്‍ നിരോധിക്കുന്നത് ഈ സംവിധാനത്തെയാകെ തകര്‍ക്കുമെന്ന് മന്ത്രി ജിം ഒ കല്ലഗന്‍ വ്യക്തമാക്കി.നാടുകടത്തല്‍ സുഖകരമായ ഏര്‍പ്പാടല്ലെങ്കിലും അത് തുടര്‍ന്നേ പറ്റൂവെന്ന് മന്ത്രി പറഞ്ഞു.പലവിധ കാരണങ്ങളാല്‍ ആളുകളെ നാടുകടത്തേണ്ടതായി വരും. അത് ഒരു സര്‍ക്കാര്‍ സിസ്റ്റത്തിന്റെ ഭാഗമാണ്.വിമര്‍ശനം ഉയര്‍ന്നതിന്റെ പേരില്‍ പുതിയ നയവും നിയമവും വന്നാല്‍ ഈ സംവിധാനത്തിന് മുന്നോട്ടുപോകാനാവില്ല.കുട്ടികളെ കുടിയൊഴിപ്പിക്കില്ലെന്നു വന്നാല്‍ കുട്ടികളുമായി കുടിയേറുന്നവരുടെ കുത്തൊഴുക്കുണ്ടാകും.ഇത് രാജ്യത്തിന് ഒട്ടും ഗുണം ചെയ്യില്ല.നാടുകടത്തല്‍ ഉത്തരവുണ്ടായാല്‍ അത് പാലിക്കണം,നടപ്പാക്കണമെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ വിമര്‍ശനം

കുട്ടികളോടുള്ള ക്രൂരതയാണ് നാടുകടത്തലെന്ന ആരോപണവുമായി സോഷ്യല്‍ ഡമോക്രാറ്റ്സ് നേതാവ് ഗ്യാരി ഗാനോണ്‍ രംഗത്തുവന്നു. ഒരു വര്‍ഷമെങ്കിലും ഇവിടെ തുടരുന്ന കുട്ടികളെ നാടുകടത്തരുത്.അനധികൃതരെന്ന് കണ്ടെത്തുന്നവരെ ഉടന്‍തന്നെ നാടുകടത്തണം. മാസങ്ങളും വര്‍ഷങ്ങളും ഇവിടെ തുടരാന്‍ അനുവദിക്കരുത്. ഇങ്ങനെ സംഭവിക്കുന്നത് രാജ്യത്തിന്റെ പരാജയമാണ്. അതിന്റെ പേരില്‍ കുട്ടികളെ ശിക്ഷിക്കേണ്ട കാര്യമില്ലെന്നും ടി ഡി അഭിപ്രായപ്പെട്ടു.ഇപ്പോഴത്തെ സംഭവം രണ്ട് കുട്ടികളെ മാത്രമല്ല പ്രശ്നത്തിലാക്കിയത്.ഇവരോടൊപ്പം പഠിച്ച അയര്‍ലണ്ടിലെ 20ലേറെ വിദ്യാര്‍ത്ഥികളെയുമാണ്. ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാന്‍ നടപടികളുണ്ടാകണം.

മനുഷ്യാവകാശത്തിലൂന്നിയ ഇന്റര്‍നാഷണല്‍ പ്രൊട്ടക്ഷന്‍ സംവിധാനമാണുണ്ടാകണ്ടേതെന്ന് സിന്‍ഫെയിന്‍ ടി ഡി ഓയിന്‍ ഒ ബ്രോയിന്‍ ആവശ്യപ്പെട്ടു.സമയബന്ധിതമായി ഈ സംവിധാനം പ്രവര്‍ത്തിക്കണം.കുട്ടികളോടുള്ള ക്രൂരതയാണ് ഈ സമീപനം വെളിപ്പെടുത്തുന്നതെന്ന് പോള്‍ മര്‍ഫി അഭിപ്രായപ്പെട്ടു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</a

Comments are closed.