സീറോ കോവിഡ് പദ്ധതി നടപ്പാവില്ല… കാരണങ്ങള്‍ വ്യക്തമാക്കി ആരോഗ്യമന്ത്രി
ഡബ്ലിന്‍ : സീറോ കോവിഡ് പദ്ധതി നടപ്പാവാത്ത ആശയമാണോ…അതെയെന്നാണ് ആരോഗ്യമന്ത്രി സ്റ്റീഫന്‍ ഡോണെല്ലി പോലും കരുതുന്നതും പറയുന്നതും. മാസങ്ങള്‍ നീണ്ട 5 ലെവല്‍ നിയന്ത്രണങ്ങള്‍ക്കൊടുവില്‍ മാത്രമേ അത് പ്രാവര്‍ത്തികമാകൂവെന്ന് ആരോഗ്യമന്ത്രി പറയുന്നു. സ്‌കൂളുകള്‍ അടച്ചിടുകയും 5 കിലോമീറ്റര്‍ യാത്രാ പരിധി 2 കിലോമീറ്ററായി കുറയ്ക്കുകയും ചെയ്യണമെന്നും ആരോഗ്യമന്ത്രി സീനഡില്‍ പറഞ്ഞു.ഇതൊന്നും നടപ്പാകുന്ന സംഗതിയല്ലെന്നും മന്ത്രി വ്യക്തമാക്കി.
നിര്‍ബന്ധിത ക്വാറന്റൈയ്ന്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നിയമനിര്‍മ്മാണത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്കിടെയാണ് ന്യൂസിലാന്റ് പോലുള്ള രാജ്യങ്ങളുടേതുപോലെ സീറോ കോവിഡ് പദ്ധതി എന്തുകൊണ്ടാണ് അയര്‍ലണ്ട് പിന്തുടരാത്തതെന്ന് മന്ത്രി വിശദീകരിച്ചത്.
സീറോ കോവിഡ് പദ്ധതിയ്ക്ക് തന്റെ പാര്‍ട്ടി ഉള്‍പ്പെടെ നിരവധിയാളുകളുടെ പിന്തുണയുണ്ടെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. എന്നാല്‍ അതുകൊണ്ടൊന്നും സീറോ കോവിഡ് നേടാന്‍ സാധ്യമല്ല.ഈ പദ്ധതി യാഥാര്‍ഥ്യമാകാന്‍ നിര്‍മ്മാണമോ വിദ്യാഭ്യാസമോ ബിസിനസ്സുകളോ ഒന്നും ഉണ്ടാകാന്‍ പാടില്ല. കോഫി ഷോപ്പില്ലാത്ത, കായിക വിനോദമോ കലകളോ ഇല്ലാത്ത ഒരു തലത്തിലേയ്ക്ക് നമ്മള്‍ പോകണം. അതിനായി 5ലെവല്‍ നിയന്ത്രണങ്ങള്‍ മാസങ്ങളോളം തുടരേണ്ടി വരും. എത്രനാളെന്ന് വ്യക്തമാക്കാനാവില്ല.സെപ്റ്റംബര്‍, ഒക്ടോബര്‍ അല്ലെങ്കില്‍ നവംബര്‍… ചിലപ്പോള്‍ അങ്ങനെ നീണ്ടുപോയേക്കാം.സ്‌കൂളുകള്‍ തുറക്കാനാവില്ല. വീടുകള്‍ക്ക് 2 കിലോമീറ്റര്‍ ദൂരത്തേക്ക് പോകാനാവില്ല… അങ്ങനെ നിയന്ത്രണങ്ങള്‍ വന്നുകൊണ്ടേയിരിക്കും.
ഇതിനൊടുവിലേ സീറോ കോവിഡ് പദ്ധതിയിലേയ്ക്കെത്താനാവൂ- മന്ത്രി വ്യക്തമാക്കി.
നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈയ്ന്‍ നിയമത്തിന് സെനഡിന്റെ അനുമതി
ചര്‍ച്ചകള്‍ക്കൊടുവില്‍ നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈയ്ന്‍ ഏര്‍പ്പെടുത്തുന്നതിനുള്ള നിയമം സെനഡ് പാസാക്കി. ഇതുസംബന്ധിച്ച ആരോഗ്യ ഭേദഗതി ബില്‍ 2021 പ്രസിഡന്റ് മൈക്കല്‍ ഡി ഹിഗ്ഗിന്‍സ് ഉടന്‍ ഒപ്പിടും.കോവിഡ് -19 പകരുന്നതിനും രോഗത്തിന്റെ പരിവര്‍ത്തനത്തിനും സാധ്യത കൂടുതലുള്ള കാറ്റഗറി 2 പട്ടികയിലുള്ള നിലവില്‍ 33 രാജ്യങ്ങള്‍ക്ക് ഈ നിയമം ബാധകമാകും.നിയമം ലംഘിച്ചാല്‍ 4,000 യൂറോ വരെ പിഴയും ആദ്യത്തെ കുറ്റത്തിന് ഒരു മാസം തടവും ലഭിക്കും. അനിവാര്യമല്ലാത്ത യാത്രകള്‍ക്ക് നിശ്ചിത നോട്ടീസ് പിഴ 500 യൂറോയില്‍ നിന്ന് 2,000 യൂറോയായി വര്‍ദ്ധിക്കും.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.