അടുത്ത മാസം മുതല്‍ ആരംഭിക്കുന്ന ഐസിസി ടി20 ലോകകപ്പിനുശേഷം ഇന്ത്യയുടെ ട്വന്റി 20 നായക പദവി ഒഴിയുമെന്ന് വിരാട് കോലി അറിയിച്ചു. ജോലി ഭാരത്തെക്കുറിച്ച് ചിന്തിച്ചതിനാലാണ് ഇത്തരമൊരു തീരുമാനമെന്ന് കോലി സോഷ്യല്‍ മീഡിയയിലൂടെ ഇന്ന് വൈകുന്നേരം പുറത്തുവിട്ടു.
ഒരു കളിക്കാരനെന്ന നിലയില്‍ താന്‍ ഇന്ത്യയുടെ ടി20 ടീമിന്റെ ഭാഗമായി തുടരുമെന്ന് സ്ഥിരീകരിച്ച അദ്ദേഹം, ഏകദിന, ടെസ്റ്റ് ക്രിക്കറ്റ് ക്യാപ്റ്റന്‍സി തുടരുമെന്നും വ്യക്തമാക്കി.
തീരുമാനമെടുക്കും മുന്‍പ് നിലവിലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഹെഡ് കോച്ചായ രവി ശാസ്ത്രിയുമായും വൈസ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുമായും കൂടിയാലോചിച്ചിരുന്നതായി അദ്ദേഹം പറഞ്ഞു. ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയെയും സെക്രട്ടറി ജയ് ഷായെയും സെലക്ടര്‍മാരെയും ഈ തീരുമാനം അറിയിച്ചിട്ടുണ്ടെന്നും കോലി കുറിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയിലും വാര്‍ത്തകളിലും വിരാട് കോലി ഇന്ത്യയുടെ ലിമിറ്റഡ് ഓവര്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍സി ഒഴിയുന്നതായി പരക്കെ അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ അതിലൊന്നും യാതൊരു വസ്തുതയും ഇല്ലെന്ന് ബിസിസിഐ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കോലി തന്നെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയുന്നതായി അറിയിച്ചത്.
2017-ല്‍ മഹേന്ദ്രസിങ് ധോണി ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം ഒഴിഞ്ഞതിനു പിന്നാലെയാണ് വിരാട് കോലി നായക സ്ഥാനത്തെത്തുന്നത്. അന്നുമുതല്‍ കളിക്കളത്തില്‍ ഊര്‍ജസ്വലയനായ ഒരു നായകനിലൂടെ ഇന്ത്യന്‍ ടീം മൂന്ന് ഫോര്‍മാറ്റുകളിലും പുതിയ ഉയരങ്ങിലേക്ക് കുതിച്ചെങ്കിലും ഇതുവരെ പ്രധാനപ്പെട്ട ഐസിസി ടൂര്‍ണമെന്റുകളിലൊന്നും ടീമിന് കിരീടം സമ്മാനിക്കാന്‍ കോലിക്ക് സാധിച്ചിട്ടില്ല.
ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ യുഎഇയിലും ഒമാനിലും നടക്കുന്ന ഐസിസി ടി20 ലോകകപ്പ് കിരീടം നേടിക്കൊണ്ട് തന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ വിരാട് കോലിക്ക് കഴിയട്ടെ എന്നാണ് ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികള്‍ ആഗ്രഹിക്കുന്നത്. അതേസമയം, കോലിക്കു പകരം രോഹിത് ശര്‍മ ക്യാപ്റ്റന്‍ സ്ഥാനത്തെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/LdLhE82ExfWGQlqDthwBdE


Comments are closed.