head3
head1

വെളുക്കാന്‍ തേച്ചത് പാണ്ടായി,വേപ്പിംഗ് പുതിയ തലമുറയെ പുകവലിയിലേയ്ക്ക് ആകര്‍ഷിക്കുന്നതായി ഗവേഷണ റിപ്പോര്‍ട്ട്

ഡബ്ലിന്‍ : വേപ്പിംഗ് പുതിയ തലമുറയെ പുകവലിയിലേയ്ക്ക് ആകര്‍ഷിക്കുന്നതായി തെളിവുകള്‍ ലഭിച്ചെന്ന് ഏറ്റവും പുതിയ പഠന റിപ്പോര്‍ട്ട്.ഇ സിഗരറ്റുകള്‍ പുകവലി ഉപേക്ഷിക്കാന്‍ ആളുകളെ സഹായിക്കുകയല്ല പകരം, പുതിയ തലമുറയെ നിക്കോട്ടിനിലേയ്ക്ക് ആകര്‍ഷിക്കുകയാണെന്ന് ദി ലാന്‍സെറ്റ് റീജിയണല്‍ ഹെല്‍ത്ത് യൂറോപ്പ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണം വെളിപ്പെടുത്തുന്നു.വേപ്പ് ഉപയോഗിക്കുന്നവരും വേപ്പിംഗ്, സ്മോക്കിംഗ് എന്നിവ രണ്ടും ഉപയോഗിക്കുന്നവരുടെയും എണ്ണം ഗണ്യമായി വര്‍ദ്ധിച്ചെന്നും പഠനം പറയുന്നു.

വേപ്പുകളുപയോഗിക്കുന്നതിലൂടെ സിഗരറ്റ് ഉപേക്ഷിക്കാനുള്ള ശ്രമം ദുര്‍ബലമായെന്ന് എച്ച് എസ് ഇ, ട്രിനിറ്റി കോളേജ്, ആര്‍ സി എസ് ഐ, കോര്‍ക്ക് യൂണിവേഴ്സിറ്റി കോളേജ് എന്നിവിടങ്ങളിലെ ഗവേഷകരാണ് കണ്ടെത്തിയത്.52,000ലധികം വിഷയങ്ങളുള്‍പ്പെടുത്തി ദേശീയതലത്തില്‍ ഹെല്‍ത്തി അയര്‍ലന്‍ഡ് നടത്തിയ സര്‍വേയില്‍ നിന്നുള്ള സെവന്‍ വേവ്സ് ഡാറ്റയെ അടിസ്ഥാനമാക്കിയാണ് ലാന്‍സെറ്റ് പഠനം നടത്തിയത്.

ഗവേഷണം ഉയര്‍ത്തുന്നത് ഗുരുതരമായ ആശങ്കകള്‍

പുകവലി ഉപേക്ഷിക്കാനോ ശീലം വിടാന്‍ ശ്രമിക്കുന്നതിനോ വേപ്പുകള്‍ സഹായിക്കുന്നില്ലെന്ന് ഗവേഷകര്‍ പറയുന്നു.ഗൗരവതരമായ പൊതുജനാരോഗ്യ ആശങ്കയിലേക്കാണ് ഈ കണ്ടെത്തലുകള്‍ വിരല്‍ ചൂണ്ടുന്നതെന്ന് ഗവേഷണം പറയുന്നു.18 വയസ്സിന് താഴെയുള്ളവര്‍ക്കുള്ള നിലവിലെ വില്‍പ്പന നിരോധനത്തിനപ്പുറം വാപ്പിംഗ് കുറയ്ക്കുന്നതിന് അടിയന്തിര നടപടികള്‍ സ്വീകരിക്കണം.

പ്രൊമോഷനും ഫ്ളേവറുകളും നിയന്ത്രിക്കാനും പദ്ധതി വേണം- ഗവേഷണം ആവശ്യപ്പെടുന്നു.ഫാര്‍മസികള്‍ക്ക് മാത്രമായി ഇ-സിഗരറ്റ് വില്‍പ്പന പരിമിതപ്പെടുത്തുന്ന ഓസ്‌ട്രേലിയന്‍ നിയമനിര്‍മ്മാണം ശ്രദ്ധാപൂര്‍വ്വം പരിഗണിക്കണമെന്ന നിര്‍ദ്ദേശവും ഗവേഷകര്‍ മുന്നോട്ടുവെച്ചു.

ഇ-സിഗരറ്റുമായി ബന്ധപ്പെട്ട ആരോഗ്യപരമായ ആശങ്കകള്‍ വര്‍ദ്ധിച്ചുവരികയാണെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു. ഹൃദയം, ശ്വസനം, ഓറല്‍ ഡിസീസ്, മെറ്റബോളിക് ഡിസ്ഫംഗ്ഷന്‍ എന്നിവയുടെ ഉയര്‍ന്ന അപകടസാധ്യതയിലേക്കാണ് ഇത് വിരല്‍ ചൂണ്ടുന്നത്.

പുകവലി ഉപേക്ഷിക്കുന്നതില്‍ ഇ-സിഗരറ്റുകളുടെ പങ്ക് സംശയകരമാണ്.പുകവലി ഉപേക്ഷിക്കുന്നതിനുള്ള ഫലപ്രദമായ ഉപകരണമാണ് വാപ്പിംഗ് എന്നതിന് ലഭിച്ച തെളിവുകള്‍ ദുര്‍ബലമാണ്.അതേ സമയം,കുട്ടികളുടെയും യുവാക്കളുടെയും പുകവലിക്കാനുള്ള സാധ്യത കൂട്ടുന്നുവെന്ന് കാണിക്കുന്ന തെളിവുകള്‍ ശക്തമാണ് താനും.

ഗവേഷണത്തിന്റെ പ്രധാന കണ്ടെത്തലുകള്‍:

കഴിഞ്ഞ ദശാബ്ദത്തില്‍ അയര്‍ലണ്ടിലെ പുകവലിക്കാരുടെ എണ്ണം കുറഞ്ഞു.എന്നാല്‍ 2019 മുതല്‍ കുറയുന്നത് നിലച്ചു.

2015നും 2023നുമിടയില്‍ 15-24 വയസ്സ് പ്രായമുള്ളവരില്‍ നിക്കോട്ടിന്‍ ഉപയോഗം 20 മടങ്ങ് വര്‍ദ്ധിച്ചു. ഡിസ്പോസിബിള്‍ വേപ്പുകള്‍ ആദ്യമായി വിപണിയില്‍ വന്ന 2019 മുതലാണ് ഉപയോഗം കുത്തനെ വര്‍ധിച്ചത്

2015ല്‍ അഞ്ച് യുവാക്കളിലൊരാളാണ് നിക്കോട്ടിന്‍ ഉപയോഗിച്ചിരുന്നത്. 2023 ആയപ്പോഴേക്കും ഇത് മൂന്നില്‍ ഒന്നായി വളര്‍ന്നു.2023 ആയപ്പോഴേക്കും 15-23 വയസ്സ് പ്രായമുള്ളവര്‍ വേപ്പിന്റെ ഏറ്റവും വലിയ ഉപയോക്താക്കളായി.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.