head3
head1

ജിപി കരാര്‍ രേഖ ചോർത്തി… വരദ്കര്‍ പ്രതിസന്ധിയിലേക്കോ…?

ഡബ്ലിന്‍ : ജിപി കരാറിന്റെ വിശദാംശങ്ങള്‍ ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ മെഡിക്കല്‍ ലോബിക്ക് ചോർത്തിയെന്ന വിവാദം അയര്‍ലണ്ടില്‍ പുകയുന്നു.

ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷനുമായി സമ്മതിച്ച ശമ്പള ഇടപാടിന്റെ ഒരു രഹസ്യ സര്‍ക്കാര്‍ രേഖ വരദ്കര്‍ ഡോക്ടര്‍മാരുടെ മറ്റൊരു സംഘത്തിന് കൈമാറിയതാണ് വിവാദമായത്.

വില്ലേജ് മാഗസിനിലെ ഒരുലേഖനത്തിലാണ് ഇത് സംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവന്നത്.

രേഖകള്‍ കൈമാറിയതായി വരദ്കര്‍ സമ്മതിച്ചിട്ടുണ്ട്. എന്നാല്‍, ലേഖനത്തിലെ പല പരാമര്‍ശങ്ങളും വ്യക്തിഹത്യ ചെയ്യുന്നതാണെന്നാണ് വരദ്കറിന്റെ ആരോപണം.

അതേസമയം, രേഖകള്‍ കൈമാറിയ സംഭവത്തില്‍ അതൃപ്തി അറിയിച്ച് പ്രധാനമന്ത്രി മൈക്കല്‍ മാര്‍ട്ടിനും രംഗത്തെത്തി.

എങ്കിലും ലിയോ വരദ്കറില്‍ തനിക്ക് വിശ്വാസമുണ്ടെന്ന് പറഞ്ഞ മൈക്കിള്‍ മാര്‍ട്ടിന്‍, ഇത് ചെയ്തത് വഴി വരദ്കര്‍ ഒരു നിയമവും ലംഘിച്ചുവെന്ന് വിശ്വസിക്കുന്നില്ലെന്നും പറഞ്ഞു.

വരദ്കര്‍ നാളെ ഈ വിഷയത്തില്‍ ഡയലിനെനേരിടേണ്ടി വരുമ്പോള്‍ സംഭവം.ആളിക്കത്തിക്കാനാണ് പ്രതിപക്ഷ ശ്രമം.

  • വിവാദത്തിന്റെ നാള്‍ വഴികള്‍….

ഒക്ടോബര്‍ 12, 2018 : ജനറല്‍ പ്രാക്ടീസിലെ പ്രതിസന്ധി സംബന്ധിച്ച് ആരോഗ്യവകുപ്പുമായി ചര്‍ച്ച നടത്താന്‍ ഐറിഷ് മെഡിക്കല്‍ ഓര്‍ഗനൈസേഷന്റെ (ഐഎംഒ) ജിപി കമ്മിറ്റി തീരുമാനിക്കുന്നു.

ജിപികള്‍ക്കുള്ള ധനസഹായം, 50 വര്‍ഷം പഴക്കമുള്ള കരാറിന്റെ അപ്‌ഡേറ്റ്, ഫെംപി നടപ്പാക്കിയ സാമ്പത്തിക വെട്ടിക്കുറവുകള്‍ തുടങ്ങിയ വിഷയങ്ങളിലായിരുന്നു ചര്‍ച്ച.

സാമ്പത്തിക മാന്ദ്യകാലത്ത് ജിപിമാര്‍ക്കുള്ള ഫെംപി വെട്ടിക്കുറവ് ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നു. ഇത് ഡയിലിന് മുന്നില്‍ വലിയ പ്രതിഷേധം നടക്കുന്നതിനും കാരണമായി.

അതേസമയം, നാഷണല്‍ അസോസിയേഷന്‍ ഓഫ് ജനറല്‍ പ്രാക്ടീഷണേഴ്‌സ് (എന്‍എജിപി) ജിപി കരാര്‍ ചര്‍ച്ചകളില്‍ ഉള്‍പ്പെട്ടിരുന്നില്ല. 2013ല്‍ സ്ഥാപിക്കപ്പെട്ട രണ്ടായിരത്തോളം ജിപിമാരടങ്ങുന്ന സംഘടനയാണ് എന്‍എജിപി.

ഐഎംഒ യുമായുള്ള എതിര്‍പ്പായിരുന്നു സംഘടനയുടെ പിറവിക്ക് കാരണമായത്.

ഏപ്രില്‍ 5, 2019 : സര്‍ക്കാര്‍ അംഗീകരിച്ച കരാര്‍ പത്രക്കുറിപ്പിലൂടെ ഐഎംഒ പരസ്യമായി പ്രഖ്യാപിച്ചു.ഐഎംഒയും സര്‍ക്കാരും നടത്തിയ ചര്‍ച്ചയുടെ ഭാഗമായി ജനറല്‍ പ്രാക്ടീസിന് വരും വര്‍ഷങ്ങളില്‍ 210 മില്ല്യണ്‍ യൂറോ അധിക ധനസഹായം ലഭിക്കുമെന്നായിരുന്നു പ്രസ്താവന.

2019 ഏപ്രില്‍ 11 നും ഏപ്രില്‍ 16 നും ഇടയില്‍ അന്നത്തെ പ്രധാനമന്ത്രി ലിയോ വരദ്കര്‍ കരാറിന്റെ ഒരു പകര്‍പ്പ് സുഹൃത്തും എന്‍എജിപിയുടെ തലവനുമായ ഡോ. മൈതി ഒ തുവൈലിന് നല്‍കി.

ഏപ്രില്‍ 16, 2019 : കരാറിനെക്കുറിച്ച് ഡയിലില്‍ ചര്‍ച്ച നടന്നു.

രണ്ടാഴ്ച മുമ്പാണ് കരാറിന്റെ രൂപരേഖ അംഗീകരിച്ചതെന്നും ജിപിമാരും പൊതുജനങ്ങളും തങ്ങളും ഇത് കണ്ടിട്ടില്ലെന്ന് ഫിനാ ഫാളിന്റെ അന്നത്തെ ആരോഗ്യ വക്താവ് സ്റ്റീഫന്‍ ഡൊണല്ലി പറയുന്നു.

സിന്‍ ഫെയ്‌നിന്റെ ലൂയിസ് ഓ റെയ്‌ലിയും കരാര്‍ കണ്ടിട്ടെന്ന് പറഞ്ഞു. ഇതാദ്യമായാണ് കരാര്‍ സംബന്ധിച്ച വിശദാംശങ്ങള്‍ കേള്‍ക്കുന്നതെന്നാണ് അലന്‍ കെല്ലി പറഞ്ഞത്.

ഏപ്രില്‍ 17, 2019 : കരാര്‍ മികച്ച പ്രഖ്യാപനമാണെന്നും എന്നാല്‍ ഇത് ജിപികള്‍ ശരിക്കും ആശയക്കുഴപ്പത്തിലാക്കുന്നുവെന്നും ജിപിമാര്‍ ഇത് കാണാന്‍ ആഗ്രഹിക്കുന്നുവെന്നും അറിയിച്ച് എന്‍എജിപി മുന്‍ ചെയര്‍മാന്‍ ആന്‍ഡ്രൂ ജോര്‍ദാന്‍ ട്വീറ്റ് ചെയ്തു.

അതേസമയം, കരാറിന്റെ ഒരു കോപ്പിയില്‍ ആവശ്യമായ ഭേദഗതികള്‍ തന്റെ കൈപടയില്‍ രേഖപ്പെടുത്തി ഡോ. ഓ തുവൈല്‍ എന്‍എജിപി അംഗങ്ങളുടെ ഒരു ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്തു. കരാറിന്റെ പകര്‍പ്പില്‍ കോണ്‍ഫിഡന്‍ഷ്യല്‍ എന്നും കൈമാറരുതെന്നും രേഖപ്പെടുത്തിയിരുന്നു.
കരാര്‍ വിവരങ്ങള്‍ എവിടെ നിന്ന് ലഭിച്ചെന്നുള്ള അംഗങ്ങളുടെ ചോദ്യത്തിന് വെളുപ്പെടുത്താന്‍ സാധിക്കില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

മെയ് 17, 2019: ജിപി കരാര്‍ പരിഷ്‌കരണത്തിനുള്ള കരാര്‍ ആരോഗ്യവകുപ്പ് പ്രസിദ്ധീകരിച്ചു.

2020ല്‍ ആരംഭിക്കുന്ന രോഗനിര്‍ണയ പരിപാടി ഉള്‍പ്പെടെയുള്ള പുതിയ സേവനങ്ങള്‍ സംബന്ധിച്ച വിശദാംശങ്ങളാണ് ആരോഗ്യവകുപ്പും എച്ച്എസ്ഇയും ഐഎംഒയും തമ്മില്‍ ധാരണയിലെത്തിയ കരാറിലുണ്ടായിരുന്നത്.

ഒക്ടോബര്‍ 31, 2020: കരാര്‍ വിവരങ്ങള്‍ വരദ്കര്‍ ഡോ. ഓ തുവാതിലിന് കൊറിയര്‍ ചെയ്ത് കാണിക്കുന്ന സ്‌ക്രീന്‍ ഷോട്ടുകള്‍ സഹിതം വില്ലേജ് മാഗസിന്‍ ഒരു ലേഖനം പ്രസിദ്ധീകരിച്ചു.

തുടര്‍ന്ന്, താന്‍ കരാര്‍ പങ്കിട്ടെന്ന് സ്ഥിരീകരിച്ച് വരദ്കര്‍ ഒരു പ്രസ്താവന പുറത്തിറക്കി. കരാര്‍ അംഗീകരിക്കുകയും അതിന്റെ അവശ്യ വിശദാംശങ്ങള്‍ പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തതിനാല്‍ ലേഖനത്തിലെ പരാമര്‍ശങ്ങള്‍ കൃത്യമല്ലെന്നും കടുത്ത അപകീര്‍ത്തികരവുമാണെന്നും വരദ്കര്‍ പ്രതികരിച്ചു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.