head1
head3

കോര്‍ക്ക് യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വസിക്കാം… താമസ വാടക തിരികെ ലഭിക്കും…

ഡബ്ലിന്‍ : കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നാട്ടിലേക്ക് മടങ്ങേണ്ടി വന്ന കോര്‍ക്ക് യൂണിവേഴ്‌സിറ്റി കോളജിലെ വിദ്യാര്‍ത്ഥികള്‍ക്ക് താമസ വാടക തിരികെ നല്‍കാന്‍ തീരുമാനമായി.

കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് ക്ലാസുകള്‍ ഓണ്‍ലൈനായതോടെയാണ് കോളജിന്റെ ഉടമസ്ഥതയിലുള്ള താമസസ്ഥലത്ത് നിന്ന് മിക്ക വിദ്യാര്‍ത്ഥികളും സ്വന്തം വീടുകളിലേക്ക് മടങ്ങിയത്.

എന്നാല്‍, ഇവര്‍ നല്‍കിയ വാടക തുക അധികൃതര്‍ തിരികെ നല്‍കിയിരുന്നില്ല.

നിലവില്‍, ലാബുകളുടെ ഉപയോഗം ആവശ്യമായ സയന്‍സ് വിഷയങ്ങള്‍ക്കുള്ള ക്ലാസുകള്‍ മാത്രമാണ് നിലവില്‍ കാമ്പസില്‍ നടക്കുന്നത്.

ഇതിനാല്‍, നാട്ടിലേക്ക് മടങ്ങിയ വിദ്യാര്‍ത്ഥികള്‍ക്ക് വാടക തുക തിരികെ നല്‍കണമെന്ന ആവശ്യവുമായി യുസിസി സ്റ്റുഡന്റ്‌സ് യൂണിയന്‍ അധികൃതരെ സമീപിക്കുകയായിരുന്നു.

യുസിസി കാമ്പസ് അക്കോമഡേഷനുമായുള്ള ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായതായി സ്റ്റുഡന്റ്‌സ് യൂണിയന്‍ തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ വെളിപ്പെടുത്തിയത്.

അതേസമയം, എന്‍ഐയുജിയും, മെയ്‌നൂത്ത് യൂണിവേഴ്‌സിറ്റിയും വിദ്യാര്‍ത്ഥികളുടെ സമാനമായ തുക തിരിച്ച് നല്‍കുമെന്ന് പ്രഖ്യാപിച്ചതായി യൂണിയന്‍ ഓഫ് സ്റ്റുഡന്റ്‌സ് ഇന്‍ അയര്‍ലണ്ട് (യുഎസ്‌ഐ) അറിയിച്ചു.

കഴിഞ്ഞ അധ്യയന വര്‍ഷം താമസസൗകര്യത്തിനായി ഈടാക്കിയ തുക മറ്റ് യൂണിവേഴ്‌സിറ്റികളും മടക്കിനല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായും യുഎസ്‌ഐ പറഞ്ഞു.

കോവിഡ് മഹാമാരിയെ തുടര്‍ന്ന് മാര്‍ച്ചില്‍ കോളജുകള്‍ അടച്ചതുമുതല്‍ വിദ്യാര്‍ത്ഥികളുടെ താമസ വാടക മടക്കിനല്‍കുന്നതിനാവശ്യമായ ഇടപെടലുകള്‍ യുഎസ്‌ഐയും പ്രാദേശിക വിദ്യാര്‍ത്ഥി യൂണിയനുകളും നടത്തി വരുന്നതായി യുഎസ്‌ഐ പ്രസിഡന്റ് ലോണ ഫിറ്റ്‌സ്പാട്രിക്ക് പറഞ്ഞു.

കൂടുതല്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ഇനി വീടുകളിലേക്ക് മടങ്ങാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കും കോളജുകള്‍ റീഫണ്ട് നല്‍കണമെന്ന് ലോണ വ്യക്തമാക്കി.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.