കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഇന്ത്യയിലും സ്ഥിരീകരിച്ചു. കര്‍ണാടകയില്‍ നിന്നുള്ള രണ്ട് പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരുമായി സമ്പര്‍ക്കത്തില്‍ വന്ന എല്ലാവരേയും ഇതിനോടകം നിരീക്ഷണത്തിലാക്കിയിട്ടുണ്ടെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.
66 വയസ്സും 46 വയസ്സുമുള്ള രണ്ട് പുരുഷന്മാര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ദക്ഷിണാഫ്രിക്കന്‍ സ്വദേശികളായ ഇരുവരും ബിസിനസ് ആവശ്യത്തിനായാണ് ഇന്ത്യയിലെത്തിയതെന്നാണ് വിവരം. നിരീക്ഷണത്തിലുള്ള അഞ്ച് പേരുടെ പരിശോധന ഫലം നിലവില്‍ നെഗറ്റീവാണെന്നും പത്ത് പേരുടെ പരിശോധനഫലം കാത്തിരിക്കുകയാണെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി ലവ് അഗര്‍വാള്‍ വ്യക്തമാക്കി. രോഗബാധിതരുടെ ആരോഗ്യനില തൃപ്തികരമാണെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഒമിക്രോണുമായി ബന്ധപ്പെട്ട് രാജ്യത്ത് നീരീക്ഷണം ശക്തമാക്കിയെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു. 29 രാജ്യങ്ങളിലായി 373 ഒമിക്രോണ്‍ കേസുകളാണ് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തതെന്നും, പുതിയ വകഭേദം സ്ഥിരീകരിക്കുന്ന 30-ാമത്തെ രാജ്യമാണ് ഇന്ത്യയെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.
നവംബര്‍ മാസം അവസാനമാണ് ദക്ഷിണാഫ്രിക്കന്‍ സ്വദേശികള്‍ ബംഗ്ലൂരുവിലെത്തിയത്. വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയില്‍ കോവിഡ് സ്ഥിരീകരിച്ചെങ്കിലും ഡെല്‍റ്റാ വൈറസ് അല്ല ബാധിച്ചതെന്ന് വ്യക്തമായിരുന്നു. ഇതുവരെ ഇന്ത്യയില്‍ കാണാത്ത തരം വകഭേദമാണ് എന്ന് മനസിലാക്കിയതിനാല്‍ കൂടുതല്‍ പരിശോധനയ്ക്കായി അയക്കുകയായിരുന്നു. ഒമിക്രോണ്‍ ഭീതി ലോകമെമ്പാടും നിലനില്‍ക്കുന്നതിനാല്‍ വിദേശത്ത് നിന്ന് ഇന്ത്യയില്‍ എത്തുന്നവര്‍ക്ക് ആര്‍ടിപിസിആര്‍ പരിശോധനയും ക്വാറന്റീനും നിര്‍ബന്ധമാക്കിയിരുന്നു.
അതേസമയം, രാജ്യത്ത് ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ കേരളത്തിലും അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് പറഞ്ഞു. അതിതീവ്ര വ്യാപന ശേഷിയുള്ള വകഭേദമായതിനാല്‍ കൂടുതല്‍ ശക്തമായ പ്രതിരോധം ആവശ്യമാണെന്നും നേരിടാന്‍ മുന്നൊരുക്കങ്ങള്‍ സംസ്ഥാനത്ത് സജ്ജമാക്കിയിട്ടുണ്ടെന്നും മന്ത്രി വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/IReDGTYjTSn9KVOI8mowCy


Comments are closed.