head3
head1

അമിതവേഗതയിലെത്തിയ മോട്ടോര്‍ ബൈക്കിടിച്ച് ഗാര്‍ഡയ്ക്ക് ദാരുണാന്ത്യം

സംഭവം സ്പീഡ് ചെക്ക്‌പോയിന്റില്‍ വേഗതാ പരിശോധനയ്ക്കിടെ

ഡബ്ലിന്‍ : നോര്‍ത്ത് കൗണ്ടിയിലെ സ്പീഡ് ചെക്ക്‌പോയിന്റില്‍ വേഗതാ പരിശോധനയ്ക്കിടെ മോട്ടോര്‍ ബൈക്കിടിച്ച് ഗാര്‍ഡ കൊല്ലപ്പെട്ടു. റോഡ്‌സ് പോലീസിംഗ് യൂണിറ്റംഗം കെവിന്‍ ഫ്ളാറ്റ്‌ലി(49)യെയാണ് അമിതവേഗതയിലെത്തിയ ബൈക്ക് ഇടിച്ചു തെറിപ്പിച്ചത്. മാരകമായി പരിക്കേറ്റ കെവിന്‍ ഫ്ളാറ്റ്‌ലി സംഭവ സ്ഥലത്ത് തന്നെ മരിച്ചു.ഫ്ളാറ്റ്‌ലിയുടെ മൃതദേഹം ഡബ്ലിന്‍ സിറ്റി മോര്‍ച്ചറിയിലേക്ക് മാറ്റി.രണ്ട് പെണ്‍കുട്ടികളുടെ പിതാവാണ് ഫ്ളാറ്റ്ലി.മോട്ടോര്‍ സൈക്കിള്‍ യാത്രികനും ഗുരുതരമായി പരിക്കേറ്റു.ഇയാളെ ബ്യൂമോണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഓള്‍ഡ് സ്വോര്‍ഡ്‌സില്‍ നിന്നും ബാല്‍ബ്രിഗന്‍ റോഡിലേക്കുള്ള ആര്‍ 132 ലിസെന്‍ഹാളിലെ ചെക്ക്‌പോയിന്റില്‍ ഉച്ചയ്ക്ക് ഒരു മണിയോടെ ദാരുണമായ സംഭവം നടന്നത്. സ്പീഡ് ഗണ്‍ ഉപയോഗിച്ച് വേഗ പരിശോധന നടത്തുകയായിരുന്നു ഫ്ളാറ്റ്ലി. അമിത വേഗതയിലെത്തിയ മോട്ടോര്‍ സൈക്കിള്‍ യാത്രക്കാരനെ തടയാന്‍ ശ്രമിക്കവെ ഫ്ളാറ്റ്ലിയെ ഇടിച്ചുവീഴ്ത്തുകയായിരുന്നു.

ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട 90ാമത്തെ ഗാര്‍ഡയാണ് കെവിന്‍ ഫ്ളാറ്റ്‌ലി.ഇദ്ദേഹത്തിന്റെ മരണത്തെ തുടര്‍ന്ന് ഫീനിക്സ് പാര്‍ക്കിലെ ഗാര്‍ഡ ആസ്ഥാനത്തും ഡ്യൂട്ടിക്കിടെ ജീവന്‍ നഷ്ടപ്പെട്ട ഗാര്‍ഡമാരുടെയും സ്മാരകത്തിലും പതാകകള്‍ പകുതി താഴ്ത്തിക്കെട്ടി.

സംഭവത്തില്‍ അഗാധ ദുഃഖിതനാണെന്ന്’ ഗാര്‍ഡ കമ്മീഷണര്‍ ഡ്രൂ ഹാരിസ് പറഞ്ഞു.ആന്‍ ഗാര്‍ഡയിലെ എല്ലാ ഉദ്യോഗസ്ഥരും കെവിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമുണ്ട്.സമര്‍പ്പണ ബുദ്ധിയോടെ 26 വര്‍ഷത്തിലേറെയായി ആന്‍ ഗാര്‍ഡയെയും പൊതുജനങ്ങളെയും സേവിച്ചിരുന്നയാളെയാണ് കെവിന്‍ ഫ്ളാറ്റ്ലിയുടെ മരണത്തിലൂടെ സേനയ്ക്ക് നഷ്ടമായതെന്ന് കമ്മീഷണര്‍ പറഞ്ഞു.ഏറ്റവും ദു:ഖകരമായ സംഭവം തകര്‍ത്തുകളഞ്ഞെന്ന് ഗാര്‍ഡ സര്‍ജന്റ്‌സ് ആന്‍ഡ് ഇന്‍സ്പെക്ടര്‍മാരുടെ അസോസിയേഷന്‍ വിശേഷിപ്പിച്ചു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ കൈവശമുള്ളവരും സാക്ഷികളും മുന്നോട്ട് വരണമെന്ന് ഗാര്‍ഡ അഭ്യര്‍ത്ഥിച്ചു.ഉച്ചയ്ക്ക് 12 മണി മുതല്‍ കൂട്ടിയിടിവരെയുള്ള ഈ മോട്ടോര്‍സൈക്കിളിന്റെ നീക്കങ്ങള്‍ ട്രാക്ക് ചെയ്യുന്നുണ്ടെന്നും ഗാര്‍ഡ പറഞ്ഞു.ഇത സംബന്ധിച്ച വിവരങ്ങളുള്ളവര്‍ 01 666 4700 എന്ന നമ്പറില്‍ സ്വോര്‍ഡ്സ് ഗാര്‍ഡ സ്റ്റേഷനിലോ 1800 666 111 എന്ന ഗാര്‍ഡ കോണ്‍ഫിഡന്‍ഷ്യല്‍ ലൈനിലോ ഏതെങ്കിലും ഗാര്‍ഡ സ്റ്റേഷനിലോ അറിയിക്കണം. ഗാര്‍ഡ കെവിന്‍ ഫ്ളാറ്റ്‌ലിയുടെ മരണത്തില്‍ അനുശോചന പ്രവാഹം

ഗാര്‍ഡയ്ക്കും രാജ്യത്തിനും തീരാ നഷ്ടം

ഡബ്ലിന്‍ : സ്പീഡ് പരിശോധന നടത്തുന്നതിനിടെ മോട്ടോര്‍ബൈക്കിടിച്ച് മരിച്ച ഗാര്‍ഡ കെവിന്‍ ഫ്ളാറ്റ്‌ലിയ്ക്ക് ആദരമ ര്‍പ്പിച്ച് രാജ്യം.പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ , പ്രസിഡന്റ് മീഹോള്‍ ഹിഗ്ഗിന്‍സ്,ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ്, നീതിന്യായ മന്ത്രി ജിം ഒ’കല്ലഗന്‍,ഗതാഗത മന്ത്രി ഡാരാഗ് ഒ’ബ്രിയന്‍ ,പ്രതിപക്ഷ നേതാവ് നേതാവ് മേരി ലൂ മക്‌ഡൊണാള്‍ഡ്,ഡബ്ലിന്‍-ഫിംഗല്‍ ടി ഡി സിന്‍ ഫെയിനിന്റെ ലൂയിസ് ഒ’റെയ്‌ലി,ഗാര്‍ഡാ കമ്മീഷണര്‍ ഡ്രു ഹാരിസ്,ഗാര്‍ഡ അസിസ്റ്റന്റ് കമ്മീഷണര്‍ പോള്‍ ക്ലിയറി തുടങ്ങിയ നിരവധി പ്രമുഖര്‍ ഫ്ളാറ്റ്ലിയുടെ വേര്‍പാടില്‍ നടുക്കവും ദുഖവും അറിയിച്ചു.

സംഭവം ശരിക്കും ഞെട്ടിച്ചുകളഞ്ഞതായി പ്രധാനമന്ത്രി മീഹോള്‍ മാര്‍ട്ടിന്‍ പറഞ്ഞു.പൊതുസേവനത്തിനും ആളുകളെ സുരക്ഷിതരാക്കുന്നതിനും വേണ്ടി ഫ്ളാറ്റ്ലി ജീവിതം സമര്‍പ്പിച്ചെന്ന് പ്രസിഡന്റ് മീഹോള്‍ ഡി ഹിഗ്ഗിന്‍സ് പറഞ്ഞു.ആദരണീയ വ്യക്തിത്വമായിരുന്നു ഫ്ളാറ്റ്ലിയുടേതെന്ന് ഉപപ്രധാനമന്ത്രി സൈമണ്‍ ഹാരിസ് പറഞ്ഞു.ഈ മരണം ഗാര്‍ഡയ്ക്കും രാജ്യത്തിനും തീരാ നഷ്ടമാണെന്ന് മന്ത്രി ജിം ഒ’കല്ലഗനും വന്‍ ദുരന്തമെന്ന് ഗതാഗത മന്ത്രി ഡാരാഗ് ഒ ബ്രിയനും സംഭവത്തെ വിവരിച്ചു.

ഫ്ളാറ്റ്‌ലിയുടെ കുടുംബത്തോടും സുഹൃത്തുക്കളോടും കൂടെയാണെന്ന് ഗാര്‍ഡാ കമ്മീഷണര്‍ ഡ്രൂ ഹാരിസ് പറഞ്ഞു.ഗാര്‍ഡാ കുടുംബാംഗത്തിന്റെ പെട്ടെന്നുള്ള വിയോഗത്തില്‍ തളര്‍ന്നുപോയെന്ന് ഗാര്‍ഡ റപ്രസെന്റേറ്റീവ് അസോസിയേഷന്‍ പ്രസിഡന്റ് മാര്‍ക്ക് ഒ മെയറ പറഞ്ഞു.സേനയുടെ ഇരുണ്ട ദിനമെന്ന് എജിഎസ്ഐ വിശേഷിപ്പിച്ചു.സംഭവത്തില്‍ ജനറല്‍ സെക്രട്ടറി റോണന്‍ ക്ലോഗര്‍ അഗാധമായ ദു:ഖം അറിയിച്ചു.

ഫ്ളാറ്റ്ലിയുടെ കുടുംബത്തിന് അസോസിയേഷന്‍ എല്ലാ പിന്തുണയും നല്‍കുമെന്ന് എജിഎസ്ഐ പ്രസിഡന്റ് ഡെക്ലാന്‍ ഹിഗ്ഗിന്‍സ് പറഞ്ഞു.ജിഡിഎ ഫ്ലാറ്റ്‌ലിയുടെ മരണവാര്‍ത്ത ഞെട്ടിച്ചുവെന്ന് പോലീസിംഗ് ആന്‍ഡ് കമ്മ്യൂണിറ്റി സേഫ്റ്റി അതോറിറ്റി പറഞ്ഞു.ഫ്ളാറ്റ്‌ലിയുടെ കുടുംബത്തെയും സുഹൃത്തുക്കളെയും സഹപ്രവര്‍ത്തകരെയും പിഎസ്എന്‍ഐ അനുശോചനമറിയിച്ചു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/JzpXB775jusJD1C2xHcFqm</

 

Comments are closed.