വെട്ടിക്കുറച്ച ശമ്പളം എന്ന് തിരികെ വരും ? ശമ്പള പുന സ്ഥാപനമാവശ്യപ്പെട്ട് ഐ എന്‍ എം ഓ അടക്കമുള്ള സംഘടനകള്‍ സമരത്തിനൊരുങ്ങുന്നു
ഡബ്ലിന്‍ :സാമ്പത്തിക മാന്ദ്യകാലത്ത് വെട്ടിക്കുറച്ച ശമ്പളം പുനസ്ഥാപിക്കാത്തതിന്റെ പേരില്‍ രാജ്യത്തെ ആരോഗ്യമേഖലയുള്‍പ്പടെയുള്ള തൊഴിലിടങ്ങളില്‍ അസ്വസ്ഥതകള്‍ പുകയുന്നു. വെട്ടിക്കുറച്ച ശമ്പള പുന സ്ഥാപനമാവശ്യപ്പെട്ട് സെക്ഷന്‍ 39 വിഭാഗങ്ങളിലടക്കം ജീവനക്കാര്‍ സമരത്തിലേയ്ക്ക് നീങ്ങുമെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്.
കോവിഡ് പകര്‍ച്ച വ്യാധിയും വിന്ററുമൊക്കെ ഭീഷണി ഉയര്‍ത്തുന്ന ഈ വേളയില്‍ രൂപപ്പെട്ടിരിക്കുന്ന തൊഴിലിടങ്ങളിലെ അസ്വസ്ഥതകള്‍ സ്ഥിതി കൂടുതല്‍ സങ്കീര്‍ണ്ണമാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
ആരോഗ്യ-സാമൂഹിക സേവനങ്ങള്‍ നല്‍കുന്ന പൊതുമേഖലാ ജീവനക്കാര്‍ക്കടക്കം ശമ്പള പുനസ്ഥാപനമുണ്ടായില്ലെങ്കില്‍ വ്യാവസായിക നടപടികള്‍ ഉണ്ടാകുമെന്ന് ട്രേഡ് യൂണിയനുകള്‍ സംയുക്തമായി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സെക്ഷന്‍ 39 ബോഡികളിലെ സ്റ്റാഫുകളെ പ്രതിനിധീകരിക്കുന്ന ഫോര്‍സ, സിപ്ടു, ഐറിഷ് നഴ്‌സസ് ആന്റ് മിഡൈ്വവ്സ് ഓര്‍ഗനൈസേഷന്‍, യൂണൈറ്റ് എന്നിവയുള്‍പ്പെടെയുള്ള ട്രേഡ് യൂണിയനുകള്‍ നാളെ യോഗം ചേരുന്നുണ്ട്. ഈ യോഗത്തില്‍ തുടര്‍ നടപടികള്‍ പരിഗണിക്കും.ചൊവ്വാഴ്ച നടന്ന ആരോഗ്യ വകുപ്പും എച്ച് എസ് ഇയുമായി നടന്ന ചര്‍ച്ചകള്‍ ഫലപ്രദമാകാത്ത സാഹചര്യത്തിലാണ് ട്രേഡ് യൂണിയനുകളുടെ പുതിയ നീക്കം.
ഡബ്ല്യു ആര്‍ സിയുമായി ബന്ധപ്പെട്ട നടപടികളിലും സിപ്റ്റു ഉള്‍പ്പടെയുള്ള സംഘടനകള്‍ നിരാശയിലാണ്.ഒരു പതിറ്റാണ്ട് മുമ്പുണ്ടായ സാമ്പത്തിക തകര്‍ച്ചയെത്തുടര്‍ന്ന് വെട്ടിക്കുറച്ച ശമ്പളം പുന സ്ഥാപിക്കാന്‍ സെക്ഷന്‍ 39 ഓര്‍ഗനൈസേഷനുകളിലെ ജീവനക്കാര്‍ ശ്രമിച്ചുവരികയാണ്.
എച്ച് എസ് ഇ നല്‍കുന്ന ഗ്രാന്റുകളിലുടെ സേവനങ്ങള്‍ നല്‍കുന്ന 300 ഓളം സെക്ഷന്‍ 39 ഓര്‍ഗനൈസേഷനുകള്‍ രാജ്യത്തുണ്ട്. ഇവയില്‍ 50 ബോഡികളുടെ ജീവനക്കാര്‍ക്ക് ശമ്പളം പുനസ്ഥാപിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ് ഒരു കരാറിലെത്തിയിരുന്നു.
എന്നാല്‍ ബാക്കിയുള്ളവരുടെ കാര്യത്തില്‍ നടപടികള്‍ എങ്ങുമെത്തിയില്ല.ബാക്കി 250 ഓര്‍ഗനൈസേഷനുകളിലെ തൊഴിലാളികളുടെ ശമ്പളം പുനസ്ഥാപിക്കുന്നതിനുള്ള ചെലവ് സംബന്ധിച്ച വിവരങ്ങള്‍ ചൊവ്വാഴ്ചത്തെ യോഗത്തില്‍ ആരോഗ്യ വകുപ്പും എച്ച് എസ് ഇയും ഹാജരാക്കുമെന്ന് യൂണിയനുകള്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ അതുണ്ടായില്ല. ഇതിന് 7 മില്യണ്‍ യൂറോ വരെ ചെലവാകുമെന്ന് ചില സര്‍ക്കാര്‍ വൃത്തങ്ങള്‍ മുമ്പ് കണക്കാക്കിയിരുന്നു.
ഈ കണക്കുവിവരം പൊതുചെലവ് വകുപ്പിന് കൈമാറിയാല്‍ മാത്രമേ ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ തുടങ്ങാനാവൂ. എന്നാല്‍ ഈ വിവരങ്ങള്‍ ശേഖരിക്കുന്നതിനുള്ള ഈ പ്രക്രിയയ്ക്ക് നാമമാത്രമായി തുടക്കമിടാന്‍ മാത്രമേ ആരോഗ്യവകുപ്പിനും എച്ച്എസ്ഇയ്ക്കും കഴിഞ്ഞിട്ടുള്ളുവെന്ന് കഴിഞ്ഞ ദിവസത്തെ ചര്‍ച്ചയില്‍ വെളിപ്പെടുത്തിയതായി ഫോര്‍സയുടെ വക്താവ് പറഞ്ഞു.ആരോഗ്യവകുപ്പിന്റെയും എച്ച് എസ് ഇയുടെയും ഈ ഇഴഞ്ഞുനീങ്ങല്‍ നിലപാട് അപമാനകരമാണെന്ന് ഫോര്‍സ പറഞ്ഞു. മനപ്പൂര്‍വ്വം നടപടികള്‍ വൈകിപ്പിക്കുന്നതിനുള്ള ശ്രമമാണിതെന്ന് ഫോഴ്സ ആരോപിക്കുന്നു.
സെക്ഷന്‍ 39 ഓര്‍ഗനൈസേഷനുകളിലെ ആയിരത്തിലധികം ജീവനക്കാര്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ ശമ്പള പുന സ്ഥാപനമാവശ്യപ്പെട്ട് 24 മണിക്കൂര്‍ സൂചനാ പണിമുടക്ക് നടത്തിയിരുന്നു. എന്നാല്‍ അതിനിടെ കോവിഡ് -19വന്നതോടെ കാമ്പെയ്ന്‍ നിര്‍ത്തിവെയ്ക്കുകയായിരുന്നു.
ശേഷിക്കുന്ന സെക്ഷന്‍ 39 ബോഡികളുടെ ശമ്പള പുന സ്ഥാപനവുമായി ബന്ധപ്പെട്ട് ഡബ്ല്യു ആര്‍
സി ചര്‍ച്ചകളുമായി മുന്നോട്ടുപോകാന്‍ പ്രതിജ്ഞാബദ്ധമാണെന്നാണ് ആരോഗ്യ വകുപ്പ് നിലപാട്.
എച്ച്.എസ്.ഇ ഇക്കാര്യവുമായി ബന്ധപ്പെട്ട ചെലവുകള്‍ കണക്കാക്കി വരികയാണ്.ചെലവുകളുടെ പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമാകുന്ന മുറയ്ക്ക് പബ്ലിക് എക്സ്പെന്‍ഡിച്ചര്‍ വകുപ്പുമായി ബന്ധപ്പെട്ട് ഇക്കാര്യത്തില്‍ കൂടിയാലോചന നടക്കുമെന്നും അവര്‍ പറയുന്നു.
ആരോഗ്യ വകുപ്പ് 2018 ഒക്ടോബറില്‍ 50 സെക്ഷന്‍ 39 ഓര്‍ഗനൈസേഷനുകളിലെ ജീവനക്കാര്‍ക്ക് ശമ്പളം പുനസ്ഥാപിക്കുന്നത് പൈലറ്റ് അടിസ്ഥാനത്തില്‍ നടപ്പാക്കുന്നതിന് വര്‍ക്ക് പ്ലേസ് റിലേഷന്‍സ് കമ്മീഷനില്‍ (ഡബ്ല്യുആര്‍സി) കരാറിലെത്തിയിരുന്നു. 2019 ഏപ്രിലില്‍ ഈ പ്രക്രിയ ആരംഭിച്ചു.2020 ഒക്ടോബറിലും 2021 ഒക്ടോബറിലുമായി അത് പൂര്‍ത്തിയാകും.എന്നാല്‍ മറ്റ് 250 ഓളം സെക്ഷന്‍ 39 ഓര്‍ഗനൈസേഷനുകളിലെ ജീവനക്കാരുടെ കാര്യത്തില്‍ ‘വഞ്ചി ഇപ്പോഴും തിരുനക്കരയില്‍’ തന്നെയാണ്.
ഐറിഷ് മലയാളി ന്യൂസ്


Comments are closed.