head1
head3

ഓറഞ്ച് വാണിംഗ്…! 130 കിലോമീറ്റര്‍ വേഗതയില്‍ ഐഡന്‍ കൊടുങ്കാറ്റ് വരുന്നൂ… ജാഗ്രതൈ…

ഡബ്ലിന്‍ : ഐഡന്‍ കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ വീശിയടിക്കാനും, വലിയ നാശനഷ്ടങ്ങളുണ്ടാക്കാനും സാധ്യതയുള്ളതിനാല്‍ ഓറഞ്ച് വാണിംഗുമായി മെറ്റ് ഏറന്‍.

ശനിയാഴ്ച പുലര്‍ച്ചയോടെ മണിക്കൂറില്‍ 130 കിലോമീറ്റര്‍ വേഗതയില്‍ തീരം തൊടുന്ന കൊടുങ്കാറ്റ് രാജ്യത്ത് വ്യാപക നാശനഷ്ടം ഉണ്ടാക്കിയേക്കുമെന്നാണ് മുന്നറിയിപ്പ്.

കാര്‍ലോ, കില്‍കെന്നി, വെക്‌സ്‌ഫോര്‍ഡ്, വിക്ലോ, കോര്‍ക്ക്, കെറി, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളില്‍ നാളെ രാവിലെ അഞ്ച് മുതല്‍ 10 വരെയാണ് ഓറഞ്ച് വാണിംഗ് പ്രഖ്യാപിച്ചിട്ടുള്ളത്.

ഡോണഗേല്‍, ഗോള്‍വേ, മേയോ, സ്ലൈഗോ ക്ലെയര്‍ എന്നിവടങ്ങളില്‍ രാവിലെ എട്ട് മണി മുതല്‍ വൈകുന്നേരം നാല് വരെയും ഓറഞ്ച് വാണിംഗുണ്ട്.

മണിക്കൂറില്‍ ശരാശരി 65 മുതല്‍ 80 കിലോമീറ്റര്‍ വരെ വേഗതയിലാണ് ഐഡന്‍ കൊടുങ്കാറ്റ് അയര്‍ലണ്ടില്‍ വീശിയടിക്കാന്‍ സാധ്യത. എന്നാല്‍, കാറ്റിന്റെ വേഗത മണിക്കൂറില്‍ 100 മുതല്‍ 130 കിലോമീറ്റര്‍ വരെ ഉയരുകയാണെങ്കില്‍ ഐഡൻ അയർലണ്ടിൽ കനത്ത നാശം വിതക്കുമെന്നും മെറ്റ് ഏറന്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, ശക്തമായ കാറ്റും മഴയുമുണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ നാളെ പുലര്‍ച്ചെ ഒരു മണിമുതല്‍ വൈകുന്നേരം മൂന്ന് മണിവരെ രാജ്യമെമ്പാടും യെല്ലോ വാണിംഗും നിലവിലുണ്ട്.

ഐഡന്‍ കൊടുങ്കാറ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീശിയടിക്കാനും, വ്യാപക നാശനഷ്ടങ്ങളുണ്ടാകാനും സാധ്യതയുള്ളതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്നും മെറ്റ് ഏറന്‍ മുന്നറിയിപ്പ് നല്‍കുന്നു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.