head3
head1

ചരിത്ര വിജയം നേടി ഷാല്‍ബിന്‍ ജോസഫ് ഐറിഷ് നഴ്സിംഗ് ബോര്‍ഡിലേക്ക്

ഡബ്ലിന്‍: അയര്‍ലണ്ടിലെ നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി ബോര്‍ഡിന്റെ (എന്‍ എം ബി ഐ ) മാനേജിങ് ബോര്‍ഡിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ മലയാളിയായ ഷാല്‍ബിന്‍ ജോസഫിന് വന്‍ വിജയം.

ഓവര്‍സീസ് നഴ്സുമാരെ സംബന്ധിച്ചിടത്തോളം ചരിത്രം കുറിയ്ക്കുന്ന വന്‍ നേട്ടമായാണ് ഷാല്‍ബിന്റെ വിജയം വിലയിരുത്തപ്പെടുന്നത്.1383 വോട്ടുകള്‍ ഷാല്‍ബിന് അനുകൂലമായി രേഖപ്പെടുത്തി.

തൊട്ടടുത്ത സ്ഥാനത്ത് എത്തിയ ഐറിഷ് സ്ഥാനാര്‍ത്ഥികള്‍ക്ക് യഥാക്രമം 1156 , 1100 വോട്ടുകള്‍ ലഭിച്ചപ്പോള്‍ മത്സര രംഗത്തുണ്ടായിരുന്ന മറ്റൊരു മലയാളി സ്ഥാനാര്‍ത്ഥിയായ രാജിമോള്‍ മോള്‍ കെ മനോജിന് 864 വോട്ടുകള്‍ ലഭിച്ചു.

അയര്‍ലണ്ടിലെ മലയാളി സമൂഹത്തിന്റെയും,ഇതര വിദേശിയ നഴ്സുമാരുടെയും സജീവമായ പിന്തുണയോടെയാണ് ഷാല്‍ബിന്‍ ജയിച്ചുകയറിയത്.

എറണാകുളം പറവൂര്‍ പുത്തന്‍വേലിക്കര സ്വദേശിയും , ഐ എന്‍ എം ഓ ഇന്റര്‍നാഷണല്‍ സെക്ഷന്റെ വൈസ് പ്രസിഡണ്ടുമാണ് ഷാല്‍ബിന്‍ ജോസഫ്.

നഴ്സുമാരുടെ ട്രേഡ് യൂണിയനായ ഐ എന്‍ എം ഓയുടെ സ്വന്തം സ്ഥാനാര്‍ത്ഥിയെകൂടി പരാജയപ്പെടുത്തിയാണ് ഷാല്‍ബിന്‍ ചരിത്രവിജയത്തിലേയ്ക്ക് നടന്നടുത്തത്.

നിരന്തരം പൊരുതിനേടി കരുത്ത് തെളിയിച്ച് ഷാല്‍ബിന്‍ ജോസഫ്

ക്രിട്ടിക്കല്‍ സ്‌കില്‍സ് എംപ്ലോയ്മെന്റ് പെര്‍മിറ്റ് ഉള്ള നഴ്സുമാര്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും, ജനറല്‍ വര്‍ക്ക് പെര്‍മിറ്റില്‍ അയര്‍ലണ്ടില്‍ ജോലിയ്ക്ക് പ്രവേശിക്കുന്ന നഴ്‌സുമാര്‍ക്കും ലഭ്യമാക്കണം എന്നാവശ്യപ്പെട്ടു കൊണ്ടുള്ള കാമ്പയിന്‍ ആരംഭിച്ച് വെറും ആറു മാസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാരിനെ കൊണ്ട് അംഗീകരിപ്പിച്ച ധീര മുന്നേറ്റത്തിന് നേതൃത്വം നല്‍കിയ ഷാല്‍ബിന്‍ ജോസഫ് അയര്‍ലണ്ടിലെ മലയാളികള്‍ അടക്കമുള്ള വിദേശ നഴ്സുമാര്‍ക്ക് അപ്രതീക്ഷിതമായ നേട്ടങ്ങളാണ് നേടിക്കൊടുത്തത്.2015 മുതല്‍ നിലവില്‍ വന്ന ജനറല്‍ വര്‍ക്ക്പെര്‍മിറ്റ്, ക്രിട്ടിക്കല്‍ സ്‌കില്‍ വര്‍ക്ക് പെര്‍മിറ്റ് എന്നീ വേര്‍ത്തിരിവിനെതിരെ സജീവമായി പ്രതീകരിച്ച്,സര്‍ക്കാരിന്റെ എല്ലാ തലങ്ങളില്‍ കൂടിയും, പോളിസി മാറ്റാനും,അങ്ങനെ നിയമ നിര്‍മ്മാണമൊരുക്കാനും, നേതൃത്വം വഹിക്കാന്‍ ഷാല്‍ബിനായി.

നാല് കൊല്ലക്കാലം ജനറല്‍ നഴ്സുമാര്‍ അയര്‍ലണ്ടില്‍ അനുഭവിച്ചു കൊണ്ടിരുന്ന ദുരിതത്തില്‍ നിന്നും സ്വപ്നതുല്യമായ മോചനം നേടി കൊടുക്കാനായതിന്റെ കരുത്തുമാണ് ഷാല്‍ബിന്‍ ജോസഫ് നഴ്സിംഗ്ബോര്‍ഡിലേക്ക് അവസരം തേടുന്നത്.ജനറല്‍ നഴ്സുമാര്‍ക്ക് തുല്യ അവസരം നേടിക്കൊടുത്ത നിയമനിര്‍മാണത്തിന് വേണ്ടി അയര്‍ലണ്ടിലെ എല്ലാ രാഷ്ട്രീയ നേതാക്കളെയും,അമ്പതോളം ടി ഡി മാരെയും നേരില്‍ കണ്ടാണ് ഷാല്‍ബിന്‍ പിന്തുണ നേടിയത്.

സെന്റ് ജെയിംസസിലെ ജോലിയ്ക്കിടയില്‍ ഒരൊറ്റ അവധി ദിവസം പോലും സ്വന്തം കാര്യത്തിന് ചിലവഴിക്കാതെയായിരുന്നു ഷാല്‍ബിന്റെ ഓട്ടം.2019 ജനുവരിയില്‍ ആരംഭിച്ച പോരാട്ടം ആറ് മാസത്തിനുള്ളില്‍ ഫലം കണ്ടു. സാധാരണയായി രണ്ട് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം നടത്തുന്ന ‘നയ അവലോകനം’ ആറു മാസത്തിനുള്ളില്‍ ഒരിക്കല്‍ കൂടി നടത്തിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് ഷാല്‍ബിന്റെ നേതൃത്വത്തിലുള്ള നാനൂറോളം വരുന്ന ഗ്രൂപ്പിന്റെ വിജയമായിരുന്നു. അര്‍പ്പണ ബുദ്ധിയോടെ ,മലയാളി സമൂഹം ഒന്നിച്ചു നേടിയ അയര്‍ലണ്ടിലെ ആദ്യ നേട്ടം എന്ന് ഇതിനെ വിശേഷിപ്പിക്കാം.

പിന്നീടുള്ള മൂന്നു മാസങ്ങള്‍ സര്‍ക്കാറിന്റെ വിവിധ വകുപ്പുകളിലും,ഐറിഷ് പാര്‍ലമെന്റിലും നയമാറ്റത്തിനായുള്ള വഴിയൊരുക്കാന്‍ എണ്ണയിട്ട തന്ത്രം പോലെ പ്രവര്‍ത്തിക്കാന്‍ ഷാല്‍ബിനും ,സംഘത്തിനുമായി.ഇതിന്റെ ഫലമായി നവംബര്‍ മാസത്തില്‍ അയര്‍ലണ്ടിലെ ആറായിരത്തോളം നഴ്സുമാര്‍ക്കാണ് നിയമ ഭേദഗതിയുടെ ഗുണം ലഭിച്ചത്.ഡബ്ലിന്‍ സെന്റ് ജെയിംസസ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ നിന്ന് നാവന്‍ ഔര്‍ ലേഡി ഹോസ്പിറ്റലിലെ സ്റ്റാഫ് നഴ്സായി അടുത്തയിടെയാണ് ഷാല്‍ബിന്‍ ജോസഫ് സ്ഥലം മാറിയത്.

അയര്‍ലണ്ടില്‍ എത്തിയ നാള്‍ മുതല്‍ തൊഴില്‍ മേഖലയിലുള്ള മുഴുവന്‍ സഹപ്രവര്‍ത്തകരുടെയും ക്ഷേമം ഉറപ്പുവരുത്താനായുള്ള ജാഗ്രത തുടരുന്ന ഷാല്‍ബിന് അയര്‍ലണ്ടിലെ നഴ്സിംഗ് മേഖലയില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ഉറച്ച ബോധ്യമുണ്ട്.നഴ്സുമാരുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നത് മുതല്‍ ,തൊഴില്‍ മേഖലയില്‍ വിദേശ നഴ്സുമാര്‍ അനുഭവിക്കേണ്ടി വരുന്ന അവഗണനകള്‍ വരെ കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടേണ്ടവയാണ് .

പരാതികള്‍ കൈകാര്യം ചെയ്യുമ്പോള്‍ കൂടുതല്‍ സാംസ്‌കാരികമായ വ്യത്യസ്ത പശ്ചാത്തലങ്ങള്‍ കൂടി പരിഗണിക്കേണ്ടതുണ്ട്. പ്രശ്‌നങ്ങള്‍ ഉണ്ടാവുമ്പോള്‍ വിദേശ നഴ്സുമാര്‍ ഒറ്റപ്പെടുന്ന അവസ്ഥ പരിഹരിക്കപ്പെടണം. ഷാല്‍ബിന്‍ ജോസഫ് പറയുന്നു.

നന്ദിയോടെ….

വിദേശ നഴ്സുമാരുടെ പ്രാതിനിധ്യം നഴ്സിംഗ്ബോര്‍ഡില്‍ ഉറപ്പിക്കാന്‍ തന്നെ പിന്തുണച്ച എല്ലാവര്‍ക്കും ഷാല്‍ബിന്‍ ജോസഫ് നന്ദി അറിയിച്ചു.

അയര്‍ലണ്ടിലെത്തുന്ന എല്ലാ വിദേശ നഴ്സുമാരുടെയും ജിഹ്വയായി നഴ്സിംഗ് ബോര്‍ഡില്‍ പ്രവര്‍ത്തിക്കുവാന്‍ പരിശ്രമിക്കും. വിദേശ നഴ്സുമാര്‍ നേരിടുന്ന ഭവന ദൗര്‍ലഭ്യ പ്രശ്നം ഉള്‍പ്പെടയുള്ള നിരവധി വെല്ലുവിളികളെ നഴ്സിംഗ്ബോര്‍ഡിലും,സര്‍ക്കാരിലും അവതരിപ്പിക്കാനും,പരിഹാരം കാണാനും മുന്‍ കൈയ്യെടുക്കുമെന്നും ഷാല്‍ബിന്‍ പറഞ്ഞു.

അഞ്ച് വര്‍ഷക്കാലമാണ് ബോര്‍ഡിലെ ഷാല്‍ബിന്‍ ജോസഫിന്റെ അംഗത്വകാലാവധി.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.