head3
head1

വാട്ടര്‍ഫോര്‍ഡില്‍ കാണാതായ സാന്റാ മേരിയെ കണ്ടെത്തി , സംഭവത്തിലെ ദുരൂഹത തുടരുന്നു

വാട്ടര്‍ഫോര്‍ഡ് : വാട്ടര്‍ഫോര്‍ഡില്‍ നിന്നും ഇന്നലെ രാവിലെ കാണാതായ മലയാളി പെണ്‍കുട്ടി സാന്റാ മരിയ തമ്പിയെ, ഒരു ദിവസം മുഴുവന്‍. വാട്ടര്‍ഫോര്‍ഡ് കമ്യുണിറ്റി നടത്തിയ അതി തീവ്ര തിരച്ചിലുകള്‍ക്കിടയില്‍ വൈകുന്നേരത്തോടെ കണ്ടെത്തി.

വാട്ടര്‍ഫോര്‍ഡ് സിറ്റിയിലെ ഓള്‍ഡ് ട്രാമോര്‍ റോഡിലെ ബ്രാക്കന്‍ ഗ്രോവിന് സമീപത്തു നിന്ന് ഇന്നലെ രാവിലെ 6.15ഓടെയാണ് ഡബ്ലിനിലെ യൂണിവേഴ്സിറ്റി കോളജിലെ വിദ്യാര്‍ത്ഥിനിയായ സാന്റാ മേരി തമ്പി(20)യെ വാട്ടര്‍ഫോര്‍ഡിലെ ഇവരുടെ വീടിന് സമീപത്തും നിന്ന് കാണാതായത്.

വീട്ടില്‍ നിന്നും രാവിലെ നടക്കാന്‍ പോയ ഇവര്‍ പിന്നീട് തിരിച്ചെത്തായതോടെയാണ് കുടുംബം സാന്താമേരിയ്ക്ക് വേണ്ടി തിരച്ചില്‍ തുടങ്ങിയത്. തലേന്നാള്‍ വൈകി ഉറങ്ങാന്‍ കിടക്കും മുമ്പേ സാന്താമേരി സണ്‍റൈസ് കാണാന്‍ നടക്കാനായി പോകുമെന്നും തിരിച്ചുവന്ന് വീട്ടുകാരോടൊപ്പം പള്ളിയില്‍ പോകാമെന്നും ബന്ധുക്കളോട് പറഞ്ഞിരുന്നു.നടക്കാന്‍ ഇറങ്ങും മുമ്പ് മറ്റൊരു ബന്ധുവിനെയും ,ഒപ്പം വരാന്‍ വിളിച്ചുവെങ്കിലും, പുലര്‍ച്ചെയായതിനാല്‍ സാന്റാ മേരിയ്‌ക്കൊപ്പം പോയിരുന്നില്ല.

നടക്കാന്‍ ഇറങ്ങിയ സാന്റാ മേരി ,പതിവ് സമയം കഴിഞ്ഞിട്ടും, തിരിച്ചെത്താതായതോടെയാണ് കുടുംബാംഗങ്ങള്‍ തിരച്ചില്‍ തുടങ്ങിയത്. പതിവായി അവള്‍ കൊണ്ടുനടക്കാറുള്ള ഫോണ്‍ ,വീട്ടിലെ ചപ്പല്‍സ്റ്റാന്‍ഡില്‍ നിന്നും ലഭിച്ചതോടെ ,അവര്‍ പരിഭ്രാന്തരായി, കുടുംബ സുഹൃത്തുകളെയും, ഗാര്‍ഡയെയും വിവരം അറിയിച്ചു.

ആദ്യഘട്ടത്തില്‍ ഗാര്‍ഡ സംഭവത്തെ ഗൗരവമായി എടുത്തില്ല.20 വയസുള്ള ആളല്ലേ ,കാത്തിരിക്കാം എന്നായിരുന്നു അവരുടെ നിലപാട്. എങ്കിലും അയര്‍ലണ്ടില്‍ ഇന്ത്യന്‍ സമൂഹത്തിന് നേരെ സമീപ കാലത്ത് ഉണ്ടായ അതിക്രമണങ്ങള്‍ ചിലര്‍ ഗാര്‍ഡയുടെ ശ്രദ്ധയില്‍ പെടുത്തിയതോടെ അവര്‍ സജീവമായി രംഗത്തെത്തി.

അതിന് മുമ്പ് തന്നെ വാട്ടര്‍ഫോര്‍ഡിലെ മലയാളി സമൂഹം ഒന്നടക്കം സാന്റയെ തേടി ഇറങ്ങികഴിഞ്ഞിരുന്നു. ഉച്ചയ്ക്ക് മുമ്പ് തന്നെ, അവള്‍ പതിവായി നടക്കാനിറങ്ങുന്ന വഴികളിലും, സമീപങ്ങളിലും, കില്‍ബാരി നേച്ചര്‍ പാര്‍ക്കിലും അരിച്ചുപെറുക്കി മലയാളി കമ്യുണിറ്റിയിലെ അംഗങ്ങള്‍ സാന്റാ മേരിയ്ക്കായി തിരച്ചില്‍ നടത്തി.

ഉച്ചയ്ക്ക് മുമ്പേ തന്നെ സാന്റാ മേരിയെ കാണാതായ വിവരം ഗാര്‍ഡ ഔദ്യോഗികമായി സ്ഥിരീകരിച്ചതോടെ ലോക്കല്‍ മാധ്യമങ്ങളും, വാട്ടര്‍ഫോര്‍ഡിലെ കമ്യുണിറ്റി ഗ്രൂപ്പുകളും വാര്‍ത്താകുറിപ്പുകളും, പോസ്റ്റുകളും വഴി സാന്റാ മേരിയെ കണ്ടെത്താന്‍ പൊതുസമൂഹത്തിന്റെ സഹായം തേടി. ഇതിനകം തന്നെ നൂറുകണക്കിന് പേര്‍ തിരച്ചിലില്‍ പങ്കുചേര്‍ന്നു.

പീന്നീട് എല്ലാ എമര്‍ജെന്‍സി സര്‍വ്വീസുകളും ഗാര്‍ഡയും,സമ്പൂര്‍ണ്ണ ജാഗ്രതയോടെ തിരച്ചിലില്‍ ചേര്‍ന്നു. കോസ്റ്റ് ഗാര്‍ഡിന്റെ ഹെലികോപ്റ്റര്‍ റെസ്‌ക്യൂ 117 ടീം ആകാശനിരീക്ഷത്തിലൂടെ സാന്റാ മേരിയെ തേടിയെങ്കിലും കണ്ടെത്താനായില്ല.

വൈകുന്നേരമായതോടെ സാന്റാ മേരിയുടെ വീട്ടിലേയ്ക്ക് ,സമാശ്വാസവും ,പിന്തുണയുമായി വര്‍ട്ടര്‍ഫോര്‍ഡ് മലയാളി സമൂഹത്തിലെ നിരവധി പേര്‍ എത്താന്‍ തുടങ്ങി. അതിനിടെയാണ് സാന്റാ മേരിയുടെ വീട്ടില്‍നിന്നും അധികം ദൂരമില്ലാത്ത സ്ഥലത്ത് ഒരു റൌണ്ട് എബൗട്ടിന് സമീപം ,അവശയായി ഒരാള്‍ കിടപ്പുണ്ടെന്ന് ഒരു പോളിഷ് വംശജന്‍ , ഗാര്‍ഡയെ അറിയിച്ചത്.ഗാര്‍ഡയും ,ഒപ്പമുണ്ടായിരുന്ന തിരച്ചില്‍ സംഘവും, ഉടന്‍ അങ്ങോട്ടേയ്ക്ക് കുതിച്ചെത്തി. അവശനിലയിലായിരുന്ന സാന്റാ മേരിയെ, ഗാര്‍ഡ ഉടന്‍ തന്നെ ആശുപത്രിയിലേയ്ക്ക് നീക്കുകയായിരുന്നു.ശരീരത്തില്‍ നേരിയ പരിക്കുകളുടെ ലക്ഷണങ്ങള്‍ കാണുന്നുണ്ടായിരുന്നുവെങ്കിലും അതിന് കാരണം അറിവായിട്ടില്ല.പെണ്‍കുട്ടിയുമായി സംസാരിക്കാന്‍ ശ്രമിച്ചവരെ ഗാര്‍ഡ വിലക്കുകയും ചെയ്തു.

ഇന്നലെ രാത്രിയോടെയാണ് സാന്റാ മേരിയെ സുരക്ഷിതയായി കണ്ടെത്തിയത്. സാന്റയുടെ കുടുംബവും ഗാര്‍ഡയും പൊതുജനങ്ങളുടെ സഹകരണത്തിന് നന്ദി പറഞ്ഞു.

ദുരൂഹത തുടരുന്നു,മറ്റൊരു പെണ്‍കുട്ടിയെയും കാണാതായി അഭ്യൂഹം

12 മണിക്കൂറോളം നീണ്ട തിരച്ചിലിന് ഒടുവിലാണ് സാന്റാ മേരിയെ കണ്ടെത്താനായത്. അതുകൊണ്ട് തന്നെ സംഭവത്തിന്റെ പിന്നിലുള്ള ദുരൂഹത തുടരുകയാണ്. സാന്റാ മേരിയെ കണ്ടെത്തിയ സ്ഥലത്ത് കൂടെ പല പ്രാവശ്യം ,കടന്നുപോയിരുന്നതായി ,തിരച്ചില്‍ നടത്തിയ മലയാളി കമ്യുണിറ്റിയിലെ അംഗങ്ങള്‍ പറഞ്ഞു.അപ്പോഴൊന്നും അവളെ അവിടെ കണ്ടിരുന്നില്ല.അതുകൊണ്ടു തന്നെ സംഭവത്തില്‍ ദുരൂഹത സംശയിക്കപ്പെടുന്നുണ്ട്.

ഇന്ത്യന്‍ കമ്യുണിറ്റിയിലെ തന്നെ മറ്റൊരു പെണ്‍കുട്ടിയെയും കാണാതായിരുന്നതായി അഭ്യൂഹങ്ങളും ,ഇതിനിടെ പരന്നിരുന്നു. അതിനെക്കുറിച്ചും വ്യക്തമായ വിവരങ്ങള്‍ ലഭ്യമല്ല.

സംഭവം പുറത്തറിഞ്ഞത് മുതല്‍ വാട്ടര്‍ഫോര്‍ഡ് മലയാളി കമ്യുണിറ്റി ഒന്നടക്കം സാന്റാ മേരിയ്ക്കായി നടത്തിയത് സമാനതകളില്ലാത്ത ഒത്തൊരുമയോടെയായിരുന്നു. പൊതുസമൂഹവും,സോഷ്യല്‍ മീഡിയയും ഒന്ന് ചേര്‍ന്ന് നടത്തിയ അക്ഷീണ പരിശ്രമത്തിന് ഇന്നലെ വൈകുന്നേരത്തോടെ ഫലം കണ്ടെങ്കിലും , സംഭവത്തിന് പിന്നിലെ ദുരുഹതകളെ കുറിച്ച് വാട്ടര്‍ഫോര്‍ഡിലെ മലയാളി സമൂഹം പരിഭ്രാന്തിയിലാണ്.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.