head1
head3

അയര്‍ലണ്ടിലെ ജയിലുകളില്‍ 300 പ്രിസണ്‍ ഓഫീസര്‍മാരെ നിയമിക്കുന്നു

ഡബ്ലിന്‍ : കുറ്റവാളികളുടെ പെരുക്കം കണക്കിലെടുത്ത് അയര്‍ലണ്ടിലെ ജയിലുകളില്‍ 300 പ്രിസണ്‍ ഓഫീസര്‍മാരെ നിയമിക്കുന്നു.ഇതിനുള്ള റിക്രൂട്ട്മെന്റ് കാമ്പെയിന്‍ ആരംഭിച്ചു.റിക്രൂട്ട്‌മെന്റ് കാമ്പയിന്‍ 2025 ഓഗസ്റ്റ് ഒന്നു വരെ നീണ്ടുനില്‍ക്കുമെന്ന് ഐറിഷ് ജയില്‍ സര്‍വീസ് ഡയറക്ടര്‍ ജനറല്‍ കാരോണ്‍ മക്കഫ്രി പറഞ്ഞു.

എഴുത്തുപരീക്ഷ, ശാരീരികക്ഷമതാ പരിശോധന, അഭിമുഖം, പശ്ചാത്തല പരിശോധന എന്നിവയ്ക്ക് ശേഷമാകും യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിയമനം നല്‍കുക.വിജയികള്‍ക്ക് വിപുലമായ പരിശീലനവും നല്‍കും.2024ലെ റിക്രൂട്ട്‌മെന്റ് കാമ്പയിനില്‍ 1,500 അപേക്ഷകരുണ്ടായിരുന്നു.അവരില്‍ 271 പേര്‍ ഐറിഷ് ജയില്‍ സര്‍വീസിലെത്തി.ജയില്‍ സംവിധാനങ്ങളില്‍ കൂടുതല്‍ നിക്ഷേപം നടത്തുന്നതിന്റെ ഭാഗമാണ് റിക്രൂട്ട്മെന്റ് കാമ്പയിനെന്ന് ജസ്റ്റിസ് മന്ത്രി ജിം ഒ കല്ലഗന്‍ പറഞ്ഞു.

4,600 തടവുപുള്ളികളെ പാര്‍പ്പിക്കുന്നതിനുള്ള സൗകര്യമാണ് നിലവിലെ സംവിധാനത്തിലുള്ളത്.അടുത്തിടെ തടവുകാരുടെ എണ്ണം 5,477ലെത്തി. ഈ തിരക്ക് പ്രതിസന്ധിക്കിടയാക്കിയിരുന്നു. ഇത് പരിഹരിക്കുന്നതിനാണ് പുതിയ ഫുള്‍ടൈം ഓഫീസര്‍മാര്‍മാരെ നിയോഗിക്കുന്നത്.

അതിനിടെ ഐറിഷ് ജയില്‍ സര്‍വീസ് വെര്‍ച്വല്‍ ജയില്‍ ടൂറും ആരംഭിച്ചു.ഇന്ററാക്ടീവ് വെബ് അധിഷ്ഠിത വെര്‍ച്വല്‍ ടൂളിലൂടെ സന്ദര്‍ശകര്‍ക്കും തടവുകാര്‍ക്കും ജയില്‍ എന്താണ് വ്യക്തമാക്കുന്നതാണ് ഈ സംവിധാനം.ഇത്തരത്തിലുള്ള ആദ്യ ക്രമീകരണമാണിത്.

ജയിലുകളില്‍ തിരക്കേറുന്നു

ജയില്‍ എസ്റ്റേറ്റിന്റെ 118%വും ഉപയോഗിച്ചുകഴിഞ്ഞെന്നും 2023 മുതല്‍ ജയിലുകളിലെ തിരക്ക് കൂടിയെന്നും ഐറിഷ് പീനല്‍ റിഫോം ട്രസ്റ്റ് (ഐ പി ആര്‍ ടി) ചൂണ്ടിക്കാട്ടിയിരുന്നു.ലിമെറിക്കിലെ വനിതാ ജയിലിലാണ് ഏറ്റവും കൂടുതല്‍ തിരക്കുള്ളത്.നിലവിലെ ശേഷിയുടെ 48% കൂടുതലാണിത്.56 പേര്‍ക്ക് കഴിയാനിടമുള്ള തടവറയില്‍ 83 സ്ത്രീകളാണുള്ളത്.

നിരവധി തടവുകാര്‍ തറയിലാണ് കിടക്കുന്നതെന്ന് ഐ ആര്‍ പി ടി പറഞ്ഞു.ഇത് മനുഷ്യത്വരഹിതവും അപമാനകരവും പിരിമുറുക്കം വര്‍ദ്ധിപ്പിക്കുന്നതുമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു.2025ല്‍ ഐറിഷ് ജയില്‍ സര്‍വീസിന്റെ ബജറ്റ് 53 മില്യണ്‍ യൂറോയാണ്. കൂടുതല്‍ ജയിലറകളുണ്ടാക്കാന്‍ ഇതുപയോഗിക്കുമെന്ന് ഉദ്യോഗസ്ഥര്‍ പറയുന്നു.അടുത്ത കാലത്ത് ജയിലിന്റെ ശേഷി വര്‍ദ്ധിപ്പിച്ചിരുന്നു

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO

Comments are closed.