head1
head3

ഡബ്ലിനില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചേക്കും,ക്യാബിനറ്റ് കോവിഡ് ഉപസമിതി തീരുമാനം നിര്‍ണ്ണായകം

ഡബ്ലിന്‍ : കോവിഡ് വ്യാപനത്തെപിടിച്ചുനിര്‍ത്താനുള്ള അന്തിമമാര്‍ഗ്ഗമെന്ന നിലയില്‍ ഡബ്ലിനില്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചേക്കും.ദേശീയ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീമിന്റെ ഇതു സംബന്ധിച്ച ശുപാര്‍ശകള്‍ ഇന്നുണ്ടായേക്കും.

ഡബ്ലിനില്‍ മൂന്നാഴ്ചത്തേയ്ക്ക് ലോക്ക് ഡൌണ്‍ ഏര്‍പ്പെടുത്താനാവും തീരുമാനം ഉണ്ടാവുക.ഇന്നുതന്നെ ഇതുസംബന്ധിച്ച സര്‍ക്കാര്‍ തീരുമാനവുമുണ്ടാകുമെന്നാണ് സൂചന.

എന്‍ പി എച്ച് ഇ ടി ടീമിന്റെ ശുപാര്‍ശ ആദ്യം പുതിയ കോവിഡ് -19 മേല്‍നോട്ട സംഘമാകും പരിഗണിക്കുക.ഗവണ്‍മെന്റിന്റെ സെക്രട്ടറി ജനറല്‍ മാര്‍ട്ടിന്‍ ഫ്രേസറാണ് ഈ ഗ്രൂപ്പിന്റെ അദ്ധ്യക്ഷന്‍.തുടര്‍ന്ന് കാബിനറ്റ് കോവിഡ് -19 ഉപസമിതി യോഗം ചേരും.പ്രധാനമന്ത്രി അദ്ധ്യക്ഷനായ ഈ സമിതിയില്‍ ഉപ പ്രധാനമന്ത്രി, ആരോഗ്യമന്ത്രി, ഗതാഗത മന്ത്രി, ധനമന്ത്രി, പൊതുചെലവ്കാര്യമന്ത്രി എന്നിവരും ഉള്‍പ്പെടുന്നു.ഈ ഉപസമിതിയുടെ തീരുമാനമായിരിക്കും സര്‍ക്കാര്‍ പ്രഖ്യാപനമാവുക.

സര്‍ക്കാരിന്റെ പുതിയ പദ്ധതി പ്രകാരം തലസ്ഥാനം ലെവല്‍ 2 ലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. പുതിയ കോവിഡ് കേസുകള്‍ ക്രമാതീതമായി വര്‍ദ്ധിക്കുന്ന തലസ്ഥാനത്ത് വൈറസിനെ അടിച്ചമര്‍ത്താന്‍ മറ്റുമാര്‍ഗ്ഗങ്ങളൊന്നുമില്ലെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. ഇന്നത്തെ കോവിഡ് ബാധിതരില്‍ 254ല്‍ 136 എണ്ണവും ഡബ്ലിനിലാണ്. ഡബ്ലിനിലെ ഓരോ ലക്ഷം ജനസംഖ്യയെടുക്കുമ്പോഴുള്ള വ്യാപന നിരക്ക് ഇപ്പോള്‍ 95 ആണ്.

തലസ്ഥാനത്ത് താമസിക്കുന്നവര്‍ക്ക് യാത്രാ നിയന്ത്രണവും ഏര്‍പ്പെടുത്തിയേക്കും. കൗണ്ടിക്ക് പുറത്ത് യാത്ര ചെയ്യരുതെന്ന നിര്‍ദ്ദേശമാകും ഉണ്ടാവുക. വിവാഹച്ചടങ്ങുകളില്‍ പങ്കെടുക്കുന്നതിനും നിയന്ത്രണം വന്നേക്കും.ഡബ്ലിനില്‍ ഗൃഹ സന്ദര്‍ശനം രണ്ടില്‍ കൂടുതല്‍ വീടുകളില്‍ നിന്നുള്ള പരമാവധി ആറ് പേരിലേയ്ക്ക് ചുരുക്കും. സ്‌പോര്‍ട്‌സ് മത്സരങ്ങളിലും ഇവന്റുകളിലും മറ്റും പങ്കെടുക്കാന്‍ കഴിയുന്നവരുടെ എണ്ണം 100 ആക്കും.ഡബ്ലിനിലെ പബ്ബുകള്‍ സെപ്റ്റംബര്‍ 21 ന് വീണ്ടുംതുറക്കില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

ആഴ്ചയവസാനത്തോടെ ഡബ്ലിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശത്തില്‍ മാറ്റം വരുമെന്നും കൂടുതല്‍ നിയന്ത്രണങ്ങള്‍ നേരിടേണ്ടിവരുമെന്നും ധനമന്ത്രി പാസ്‌കല്‍ ഡോണോ നേരത്തെ പറഞ്ഞു.എന്‍ പി എച്ച് ഇ ടിയുടെ ശുപാര്‍ശകള്‍ രാജ്യത്തിന്റെ മൊത്തത്തിലുള്ള പുരോഗതിയെയും ക്ഷേമത്തെയും എങ്ങനെ ബാധിക്കുമെന്ന് പുതിയ ഗ്രൂപ്പ് പരിശോധിക്കുമെന്ന് മന്ത്രി ഡോണോ പറഞ്ഞു.ഡബ്ലിനെ ലിവിംഗ് വിത്ത് കോവിഡ് പദ്ധതിയുടെ ലെവല്‍ 3ല്‍ ഉള്‍പ്പെടുത്തുന്നതിന് സാധ്യതയുണ്ടെന്ന് മന്ത്രി മൈക്കല്‍ മഗ്രാത്ത് നേരത്തേ പറഞ്ഞിരുന്നു.

അതേ സമയം,മന്ത്രി ഡൊണല്ലിയുടെ നെഗറ്റീവ് പരിശോധനയ്ക്ക് ശേഷം സര്‍ക്കാര്‍ പ്രവര്‍ത്തനം സാധാരണ നിലയിലേയ്ക്കെത്തി.പകര്‍ച്ചവ്യാധി സമയത്ത് നടത്തുന്ന തിരഞ്ഞെടുപ്പ് സംബന്ധിച്ച നിര്‍ദേശങ്ങളും സര്‍ക്കാര്‍ ഉടന്‍ പ്രസിദ്ധീകരിച്ചേക്കും.തിരഞ്ഞെടുപ്പ് (പരിഷ്‌കരണ) ബില്ലിലൂടെ സ്വതന്ത്ര തിരഞ്ഞെടുപ്പ് കമ്മീഷനെ സ്ഥാപിക്കുന്നതിനും വോട്ടര്‍മാരുടെ രജിസ്ട്രേഷന്‍ നവീകരിക്കുന്നതിനുമാണ് ബില്‍ അവതരിപ്പിക്കുന്നത്.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.