അയര്‍ലണ്ടിലെ ശമ്പളം വെട്ടിക്കുറയ്ക്കാനോ ടാക്സ് വര്‍ധിപ്പിക്കാനോ സര്‍ക്കാര്‍ ശ്രമിക്കില്ലെന്ന് ഉപപ്രധാനമന്ത്രിയുടെ ഉറപ്പ്
ഡബ്ലിന്‍ : കോവിഡ് മൂലമുള്ള സാമ്പത്തിക പ്രശ്നങ്ങളൊക്കെയുണ്ടെങ്കിലും ശമ്പളം വെട്ടിക്കുറയ്ക്കാനോ ടാക്സ് വര്‍ധിപ്പിക്കാനോ സര്‍ക്കാര്‍ ശ്രമിക്കില്ലെന്ന് ഉപപ്രധാനമന്ത്രിയുടെ ഉറപ്പ്. ജീവനക്കാരുടെ ശമ്പളത്തില്‍ കുറവു വരുത്താനോ പാന്‍ഡെമിക്കിന്റെ പേരില്‍ വരുമാന നികുതി ഉയര്‍ത്താനോ ഉദ്ദേശിക്കുന്നില്ലെന്നാണ് ലിയോ വരദ്കര്‍ വ്യക്തമാക്കിയത്.സാമൂഹിക ക്ഷേമ പേമെന്റുകളിലും കുറവുവരുത്തില്ല. കുറഞ്ഞത് രണ്ടുവര്‍ഷത്തേയ്ക്കെങ്കിലും ഇപ്പോഴത്തെ നിലയില്‍ത്തന്നെ കാര്യങ്ങള്‍ മുന്നോട്ടു പോകുമെന്നും ഉപപ്രധാനമന്ത്രി ആര്‍ ടി ഇ പ്രൈംടൈമില്‍ വ്യക്തമാക്കി.
രാജ്യത്തെയാകെ റീ ഓപ്പണ്‍ ചെയ്ത് ആളുകള്‍ക്ക് ശുഭാപ്തിവിശ്വാസം നല്‍കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുകയെന്ന് വരദ് കര്‍ പറഞ്ഞു.അയര്‍ലണ്ടിലെ ബാങ്കുകളില്‍ നിക്ഷേപം കുമിഞ്ഞു കൂടുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. ഏതാണ്ട് 14 ബില്യണ്‍ യൂറോയാണ് ചെലവിടാനുള്ള അവസരങ്ങളില്ലാത്തതിന്റെ പേരില്‍ ബാങ്ക് നിക്ഷേപമായത്. തുടര്‍ച്ചയായ ലോക്ക് ഡൗണുകളും മറ്റും കാരണം കഴിഞ്ഞ 12 മാസമായി നേരാംവണ്ണം പണം ചെലവിടാനുള്ള അവസരം ആളുകള്‍ക്ക് ലഭിച്ചില്ല.ഈ അവസരം അവര്‍ക്ക് തിരികെ നല്‍കാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്.പിശുക്കില്ലാതെ പണം ചെലവിടാനുള്ള ശീലത്തെയാണ് സര്‍ക്കാര്‍ പ്രോല്‍സാഹിപ്പിക്കുക.ടാക്സ് ഉണ്ടാകില്ലെന്ന ഉറപ്പുപറഞ്ഞാല്‍ പണം ചെലവിടുന്നതില്‍ അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം വരും. അത് സമ്പദ് വ്യവസ്ഥയ്ക്ക് ഗുണകരമാകും.
കഴിഞ്ഞ വര്‍ഷം 19 ബില്യണ്‍ യൂറോ വായ്പടെയുത്തു.യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് ഉള്ളതിനാല്‍ കുറഞ്ഞ ചെലവില്‍ പണം ലഭിക്കും.സര്‍ക്കാരിന് എല്ലാക്കാലവും ഇങ്ങനെ മുന്നോട്ടുപോകാനാവില്ല.-എന്നിരുന്നാലും ജനങ്ങള്‍ക്ക് ഹിതകരമല്ലാത്ത നടപടികളൊന്നുമുണ്ടാകില്ലെന്ന് വരദ്കര്‍ പറഞ്ഞു.
ബ്രിട്ടണിലെ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിസ്കൽ സ്റ്റഡീസിന്റെ (ഐഎഫ്‌എസ്) കണക്ക് പ്രകാരം പ്രകാരം കോവിഡ് പ്രതിസന്ധിയെ അതിജീവിച്ച് മുന്നോട്ടു പോകണമെങ്കിൽ ഇന്ത്യൻ വംശജനായ ധനമന്ത്രി റിഷി സുനക് ആഗ്രഹിക്കുന്നുവെങ്കിൽ യുകെയിൽ ഏകദേശം 60 ബില്യൺ ഡോളർ (69 ബില്യൺ യൂറോ ) നികുതി വർദ്ധനവ് ആവശ്യമാണെന്ന് കണ്ടെത്തിയതിന് തൊട്ടുപിന്നാലെയാണ് അയർലണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഇന്ത്യൻ വംശജൻ അയർലണ്ട് കോവിഡിനെ എങ്ങനെ അതിജീവിക്കുമെന്ന തന്റെ കാഴ്ചപ്പാടുകൾ വ്യക്തമാക്കിയത് എന്നതും ശ്രദ്ധേയമായി.
10 വര്‍ഷം മുമ്പ് 30 ശതമാനം യുവാക്കളും തൊഴില്‍രഹിതരായിരുന്നു. തൊഴിലില്ലായ്മ 15% ആയിരുന്നു.പൊതു സാമ്പത്തികാവസ്ഥയും വളരെ മോശമായിരുന്നു.അതില്‍ നിന്നെല്ലാം നമുക്ക് മാറാന്‍ കഴിഞ്ഞു.പകര്‍ച്ചവ്യാധി വരുന്നതുവരെ നമ്മള്‍ സുഭിക്ഷരായിരുന്നു. തൊഴിലില്ലായ്മയില്ലായിരുന്നു.മിച്ച ബജറ്റായിരുന്നു,ആളുകളുടെ വരുമാനം ഉയര്‍ന്നിരുന്നു. ദാരിദ്യവും അസമത്വവും കുറഞ്ഞുവന്നിരുന്നു. ആ നല്ല കാലത്തേയ്ക്ക് വളരെ വേഗം തന്നെ മടങ്ങിപ്പോകാനാകുമെന്നാണ് കരുതുന്നതെന്നും ഉപപ്രധാനമന്ത്രി വ്യക്തമാക്കി.
പകര്‍ച്ചവ്യാധി മൂലം തൊഴില്‍രഹിതരായവര്‍ക്കെല്ലാം സര്‍ക്കാരിന്റെ സഹായമുണ്ടാകും.രാജ്യത്തിപ്പോഴും പ്രൈവറ്റ്-പബ്ലിക് ജോലികള്‍ സംബന്ധിച്ച വിവേചനം നിലനില്‍ക്കുന്നുണ്ട്. പാന്‍ഡെമിക്കില്‍ സ്വകാര്യ മേഖലയില്‍ ജോലിചെയ്യുന്നവര്‍ക്കാണ് വലിയ ദോഷമുണ്ടായത്.അവരെ സഹായിക്കാന്‍ സര്‍ക്കാര്‍ കൂടെയുണ്ടാകും.
വിദ്യാഭ്യാസ മേഖലയില്‍ ഒട്ടേറെ അവസരങ്ങള്‍ വരുന്നുണ്ട്. അതിനാല്‍ അപ്രന്റീസ്ഷിപ്പിന് ആളുകളെ പ്രേരിപ്പിക്കുകയാണ്. കാരണം പഠനം ഓണ്‍ലൈനിലായതോടെ പതിനായിരക്കണക്കിന് അധ്യാപക തസ്തികകള്‍ ഒഴിവു വന്നിട്ടുണ്ട്.അധ്യാപകര്‍ക്ക് പുനപ്പരിശീലനം നല്‍കുകയാണ് ഇപ്പോള്‍ ചെയ്യുന്നത്.പിയുപി ലഭിക്കുന്നവര്‍ക്ക് വിദ്യാഭ്യാസ അലവന്‍സിലേയ്ക്കോ എന്‍രര്‍പ്രൈസസ് അലവന്‍സിലേയ്ക്കോ മടങ്ങിപ്പോകാനാകും. പാന്‍ഡെമിക്ക് വലിയ ദുരിതമാണ് ചിലര്‍ക്ക് ഉണ്ടാക്കിയതെന്ന് തനിക്ക് നേരിട്ടറിയാം. തന്റെ മണ്ഡലത്തിലെ ഒരു നടി അധ്യാപികയായി മാറിയതും ഒരു പൈലറ്റ് ഇപ്പോള്‍ കണക്ക് അധ്യാപകനായതുമെല്ലാം വരദ്കര്‍ ചൂണ്ടിക്കാട്ടി.
ഐറിഷ് മലയാളി ന്യൂസ്
Comments are closed.