head3
head1

അയര്‍ലണ്ട് ഇന്ത്യക്കൊപ്പം : ഇന്ത്യക്കാരുടെ സുരക്ഷയ്ക്ക് പ്രത്യേക ഗാര്‍ഡാ യൂണിറ്റ് പ്രവര്‍ത്തനം തുടങ്ങി

ന്യൂഡല്‍ഹി: ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ അയര്‍ലണ്ട് ഇന്ത്യയ്‌ക്കൊപ്പം ഉറച്ചുനില്‍ക്കുമെന്ന് ഇന്ത്യയിലെ ഐറിഷ് അംബാസഡര്‍ കെവിന്‍ കെല്ലി.അയര്‍ലണ്ടില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ അപലപിച്ച അദ്ദേഹം ഭീകരതയ്ക്ക് സമൂഹത്തില്‍ ഒരു സ്ഥാനവുമില്ലെന്നും വ്യക്തമാക്കി.

ഭീകരാക്രമണത്തെ അയര്‍ലണ്ടിന്റെ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും ആദ്യം തന്നെ അപലപിച്ചിരുന്നുവെന്ന് കെവിന്‍ കെല്ലി ചൂണ്ടിക്കാട്ടി.ഭീകരത ഞങ്ങള്‍ക്ക് പുതിയതല്ല. ഐറിഷ് ദ്വീപിലും വ്യത്യസ്ത വിഭാഗങ്ങളില്‍ നിന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ രക്തച്ചൊരിച്ചില്‍ ഉണ്ടാക്കിയിട്ടുണ്ട്. ആയിരക്കണക്കിന് ജീവനുകളും നഷ്ടമായിട്ടുണ്ട്- കെല്ലി ചൂണ്ടിക്കാട്ടി.

ഇന്ത്യക്കാരെ സഹായിക്കാന്‍ പ്രത്യേക ഐറിഷ് പോലീസ് സംവിധാനം

ഇന്ത്യന്‍ സമൂഹവുമായി ആശയവിനിമയം നടത്താനും അവരെ പിന്തുണയ്ക്കാനും ഐറിഷ് പോലീസ് സേന, ഗാര്‍ഡ ഡിസ്ട്രിക്ടുകളില്‍ പ്രത്യേക യൂണിറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു.ഡബ്ലിനിലും പ്രാന്തപ്രദേശങ്ങളിലും ഇന്ത്യന്‍ പൗരന്മാര്‍ക്കെതിരായ ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് അംബാസഡറുടെ പരാമര്‍ശങ്ങള്‍ വന്നത്.അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിലെ അംഗങ്ങള്‍ക്ക് നേരെ അടുത്തിടെ നടന്ന ആക്രമണങ്ങളെ സര്‍ക്കാര്‍ ശക്തമായി അപലപിച്ചിട്ടുണ്ട്.

ഇതിനെ നേരിടാന്‍ പ്രത്യേക പോലീസ് യൂണിറ്റുകളും സ്ഥാപിച്ചു. കുറഞ്ഞത് ഒരു അറസ്റ്റെങ്കിലും നടത്താനുമായി. ഇനിയും കൂടുതല്‍ അറസ്റ്റുകളുണ്ടാകാം.യുവ ഗുണ്ടകളാണ് ഈ ആക്രമണങ്ങള്‍ നടത്തിയത്.അവര്‍ ഒരിക്കലും ഐറിഷ് സമൂഹത്തെ പ്രതിനിധീകരിക്കുന്നവരല്ല- കെല്ലി വ്യക്തമാക്കി.ജൂലൈ മുതല്‍ 13 അക്രമണ കേസുകള്‍ ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചിട്ടുണ്ട്. പ്രൊഫഷണലുകള്‍, ടാക്സി ഡ്രൈവര്‍, ഡാറ്റാ സയന്റിസ്റ്റ്, ആറ് വയസ്സുള്ള ഒരു പെണ്‍കുട്ടി എന്നിവര്‍ക്കെതിരായ ആക്രമണങ്ങളും ഇവയില്‍ ഉള്‍പ്പെടുന്നുണ്ടെന്നും കെല്ലി അറിയിച്ചു.

ഇന്ത്യക്കാര്‍ നിര്‍ണ്ണായകം

രാജ്യത്തെ ഏറ്റവും വലിയ നോണ്‍ വൈറ്റ് എത്നിക് ഗ്രൂപ്പാണ് ഇന്ത്യയുടേത്. ആരോഗ്യ സംരക്ഷണം, ഐടി, നഴ്സിംഗ് തുടങ്ങിയ മേഖലകളില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കുന്ന 60,000ത്തിലധികം ഇന്ത്യക്കാരാണുള്ളത്.

ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്കും പ്രൊഫഷണലുകള്‍ക്കും അയര്‍ലണ്ട് വളരെ പ്രിയപ്പെട്ട സ്ഥലമാണ് അയര്‍ലണ്ടെന്ന് അംബാസഡര്‍ അഭിപ്രായപ്പെട്ടു.ഇംഗ്ലീഷ് സംസാരിക്കുന്ന സുരക്ഷിതമായ ഇടമാണിത്.550 മില്യണ്‍ യൂറോപ്യന്‍ യൂണിയന്‍ സിംഗിള്‍ മാര്‍ക്കറ്റിന്റെ ഭാഗമാണ്.യു കെയും അടുത്തുണ്ട്. പ്രധാന അമേരിക്കന്‍ കമ്പനികളുടെയെല്ലാം ആസ്ഥാനമാണ് ഈ രാജ്യം. പഠനാനന്തര ജോലി അവകാശങ്ങളും അയര്‍ലണ്ട് വാഗ്ദാനം ചെയ്യുന്നു- കെല്ലി എടുത്തുകാട്ടി.

ഹോണ്‍ബില്‍ ഫെസ്റ്റിവലില്‍ ‘പൊളിക്കും’

ഇരു രാജ്യങ്ങളും തമ്മിലുള്ള സാംസ്‌കാരികവും സാമ്പത്തികവുമായ ബന്ധങ്ങള്‍ കൂടുതല്‍ ആഴത്തിലാക്കുന്നതിനെക്കുറിച്ചും അംബാസഡര്‍ സംസാരിച്ചു.2025 ഡിസംബറില്‍ നാഗാലാന്‍ഡില്‍ നടക്കുന്ന 26ാമത് ഹോണ്‍ബില്‍ ഫെസ്റ്റിവലില്‍ അയര്‍ലണ്ടിനെ ഇന്ത്യ പങ്കാളിയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഹോണ്‍ബില്‍ ഫെസ്റ്റിവലിന്റെ ഭാഗമാകുന്നതില്‍ വളരെ ആവേശമുണ്ടെന്ന് അംബാസഡര്‍ വ്യക്തമാക്കി.

യൂറോപ്പില്‍ ഐറിഷ് നാടോടി സംഗീതത്തെ പുനരുജ്ജീവിപ്പിക്കുന്നതില്‍ പ്രശസ്തരായ ഐറിഷ് ബാന്‍ഡായ മേരി വാലോപ്പേഴ്‌സില്‍ നിന്നുള്ള അംഗങ്ങളുള്ള ബോയിന്‍ എന്ന ബാന്‍ഡും അയര്‍ലണ്ടിലുണ്ട്. ഐറിഷ്, ബംഗാളി കലാകാരന്മാര്‍ സംയുക്തമായി സൃഷ്ടിച്ച ദേവി ദാനുവിന്റെ പ്രധാന കെല്‍റ്റിക് ആര്‍ട്ട് ഇന്‍സ്റ്റാലേഷനാകും ഫെസ്റ്റിവലില്‍ അയര്‍ലണ്ട് അവതരിപ്പിക്കുക.

ഉഭയകക്ഷി വ്യാപാരത്തിന് അനന്ത സാധ്യതകള്‍

സാമ്പത്തിക രംഗത്ത്, അയര്‍ലന്‍ഡും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി വ്യാപാരം ഇതിനകം ഏകദേശം 16 ബില്യണ്‍ യൂറോയാണെന്ന് കെല്ലി അറിയിച്ചു. പക്ഷേ ഇനിയും അനന്തമായ സാധ്യതകളുണ്ടെന്ന് അംബാസഡര്‍ പറഞ്ഞു.2024ല്‍ ആരംഭിച്ച അയര്‍ലണ്ട്-ഇന്ത്യ സാമ്പത്തിക ഉപദേശക സമിതി വ്യാപാര തടസ്സങ്ങള്‍ നീക്കുന്നതിനും ഫാര്‍മസ്യൂട്ടിക്കല്‍സ്, ഐ ടി, ആരോഗ്യം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനും ശുപാര്‍ശ നല്‍കിയിരുന്നു.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/IZbC8BOLqSJExbJfGM63zO</

Leave A Reply

Your email address will not be published.