ഐറിഷ് നഴ്സുമാര്‍ക്ക് ആസ്ട്രേലിയയിലെത്താന്‍ വഴി എളുപ്പമാക്കി സര്‍ക്കാര്‍
ഫാസ്റ്റ് ട്രാക്ക് സംവിധാനം വരുന്നു...തീരുമാനം ഉടന്‍...പറക്കാം ആസ്‌ട്രേലിയിലേയ്ക്ക്..
ഡബ്ലിന്‍ : ഐറിഷ് നഴ്സുമാര്‍ക്ക് ആസ്ട്രേലിയയിലെത്താന്‍ വഴി എളുപ്പമാക്കും.ഇതിന്റെ ഭാഗമായി നടപടിക്രമങ്ങള്‍ ലഘൂകരിക്കുകയാണ് സര്‍ക്കാര്‍.
വിദേശ യോഗ്യതയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് ആസ്‌ട്രേലിയയില്‍ ജോലി ചെയ്യുന്നത് ലളിതവും വേഗത്തിലുള്ളതും ചെലവ് കുറഞ്ഞതുമാക്കുന്നതു സംബന്ധിച്ച ആസ്ട്രേലിയയുടെ ക്രൂക്ക് റിവ്യൂ റിപ്പോര്‍ട്ടാണ് പുതിയ രജിസ്ട്രേഷന്‍ പ്രക്രിയ ലളിതമാക്കുന്നത്.ഇതിന്റെ ഭാഗമായി വിലയിരുത്തലും രജിസ്ട്രേഷനും ലളിതമാക്കും. സമയവും കുറയ്ക്കും.6 മുതല്‍12 മാസമേ ഇക്കാര്യത്തിനെടുക്കൂ.
16,622 വിദേശ നഴ്‌സുമാരാണ് ഓസ്‌ട്രേലിയയില്‍ ഹെല്‍ത്ത് സര്‍വ്വീസിലെത്തിയത്.കോവിഡിന് മുമ്പുള്ളതിനെ അപേക്ഷിച്ച് (5,610) മൂന്നിരട്ടി വര്‍ദ്ധനവാണ് ഇക്കാര്യത്തിലുണ്ടായത്.
യു കെ, കാനഡ, അയര്‍ലണ്ട് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള പരിചയസമ്പന്നരായ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയുള്ള നഴ്‌സുമാര്‍ പോലും അംഗീകാരം ലഭിക്കുന്നതിന് വളരെക്കാലമായി ആശുപത്രികളിലും വയോജന പരിചരണ സൗകര്യങ്ങളിലും ജനറല്‍ പ്രാക്ടീസുകളിലും ജോലി ചെയ്യേണ്ടി വന്നിരുന്നു.ഈ പ്രശ്നമാണ് ഫാസ്റ്റ് ട്രാക്ക് സംവിധാനത്തിലൂടെ പരിഹരിക്കപ്പെടുന്നത്.
കുറഞ്ഞത് 1,800 മണിക്കൂറെങ്കിലും പ്രാക്ടീസ് ചെയ്ത അന്താരാഷ്ട്ര യോഗ്യതയുള്ള രജിസ്റ്റര്‍ ചെയ്ത നഴ്‌സുമാരെ മാര്‍ച്ച് മുതല്‍ ഫാസ്റ്റ് ട്രാക്ക് ചെയ്യാനാണ് സര്‍ക്കാര്‍ തീരുമാനം. അപേക്ഷാ സമയം 6-12 മാസം വരെ കുറയ്ക്കാനാണ് ലക്ഷ്യം.ഇവരുടെ അപേക്ഷാ സംവിധാനങ്ങള്‍ ലളിതമാക്കും.
രൂക്ഷമായ തൊഴില്‍ ക്ഷാമം പരിഹരിക്കുന്നതിനും കര്‍ശനമായ സുരക്ഷയും ഗുണനിലവാര മാനദണ്ഡങ്ങള്‍ നിലനിര്‍ത്തുന്നതിനും നഴ്‌സിംഗ് ആന്‍ഡ് മിഡൈ്വഫറി ബോര്‍ഡ് ഓഫ് ഓസ്‌ട്രേലിയയും ഓസ്‌ട്രേലിയന്‍ ഹെല്‍ത്ത് പ്രാക്ടീഷണര്‍ റെഗുലേഷന്‍ ഏജന്‍സിയും സര്‍ക്കാരും സംയുക്തമായി നടത്തിയ ശ്രമത്തിന്റെ ഫലമായാണ് ഈ പരിഷ്‌കാരം വരുന്നത്..
അയര്‍ലണ്ട്, സിംഗപ്പൂര്‍, സ്‌പെയിന്‍, യു കെ , യു എസ്, ബ്രിട്ടീഷ് കൊളംബിയ, ഒന്റാറിയോ എന്നീ കനേഡിയന്‍ പ്രവിശ്യകള്‍ എന്നീ രാജ്യങ്ങളിലെ നഴ്‌സുമാര്‍ക്ക് പുതിയ മാനദണ്ഡം ബാധകമാകും.ഈ രാജ്യങ്ങളിലെ അംഗീകൃത യോഗ്യതകളും പരിചയവുമുള്ള നഴ്‌സുമാര്‍ക്ക് രജിസ്ട്രേഷന്‍ നേടുന്നതിന് കൂടുതല്‍ പരീക്ഷകളെഴുതി യോഗ്യതകള്‍ അപ്‌ഗ്രേഡ് ചെയ്യേണ്ടതില്ല.
കഴിഞ്ഞ രണ്ട് വര്‍ഷത്തിനുള്ളില്‍ ആസ്ട്രേലിയയിലെത്തിയ 27,810 നഴ്‌സുമാരില്‍ 70 ശതമാനവും ട്രാന്‍സ്-ടാസ്മാന്‍ കരാര്‍ പ്രകാരം ന്യൂസിലാന്‍ഡ് വഴിയാണ് അവിടെ വന്നത്. 4,476 നഴ്‌സുമാര്‍(16%) മാത്രമേ കാനഡ, അയര്‍ലണ്ട്, സിംഗപ്പൂര്‍, സ്‌പെയിന്‍, യു കെ, യു എസ് എന്നിവിടങ്ങളില്‍ നിന്നുള്ളവരുള്ളു. ഈ എണ്ണം കുത്തനെ ഉയര്‍ത്തുന്നതിന് അനാവശ്യ ചുവപ്പുനാട ഒഴിവാക്കുന്നതിനാണ് പുതിയ നീക്കം.
ഡോക്ടര്‍മാര്‍ക്കും അവസരം
ന്യൂസിലാന്‍ഡ്, യു കെ, അയര്‍ലണ്ട് എന്നിവിടങ്ങളില്‍ നിന്നുള്ള ജനറല്‍ പ്രാക്ടീഷണര്‍മാര്‍ക്കുള്ള ഫാസ്റ്റ് ട്രാക്ക് പാത 2024 ഒക്ടോബറില്‍ ആരംഭിച്ചിരുന്നു.അതിനുശേഷം, ഓസ്‌ട്രേലിയന്‍ ആരോഗ്യ സംവിധാനത്തില്‍ ചേരാന്‍ ആഗ്രഹിക്കുന്ന ജി പിമാരില്‍ നിന്ന് അഹ്പ്രയ്ക്ക് ആഴ്ചയില്‍ ശരാശരി 11 അപേക്ഷകള്‍ വീതം ലഭിക്കുന്നുണ്ട്. സ്പെഷ്യലിസ്റ്റ് മെഡിക്കല്‍ പ്രാക്ടീഷണര്‍മാര്‍ക്കുള്ള സ്‌കീമും ഈ വര്‍ഷം ആരംഭിക്കും.
ക്രുക്ക് റിവ്യൂ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിനായി അല്‍ബനീസ് സര്‍ക്കാര്‍ 90 മില്യണ്‍ ഡോളറിന്റെ പദ്ധതി പ്രഖ്യാപിച്ചു. നഴ്‌സുമാരെ സഹായിക്കുന്നതിന് ലേബര്‍ നേതൃത്വത്തിലുള്ള അല്‍ബനീസ് സര്‍ക്കാര്‍ നിരവധി സ്‌കോളര്‍ഷിപ്പുകള്‍, പ്ലേസ്‌മെന്റുകള്‍ എന്നിവ നല്‍കുന്നുണ്ട്.
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.com/


Comments are closed.