അയര്‍ലണ്ടിന് ആശ്വസിക്കാം , ഫാര്‍മസ്യൂട്ടിക്കല്‍സിന് 100% യു എസ് താരിഫ് :ഇയുവിന് ബാധകമാകില്ലെന്ന് വൈറ്റ് ഹൗസ്
ഡബ്ലിന്‍ : ഫാര്‍മസ്യൂട്ടിക്കല്‍സിനെ ലക്ഷ്യമിട്ടുള്ള പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ 100% താരിഫ് യു എസുമായി ഇതിനകം വ്യാപാര കരാറുകളില്‍ ഏര്‍പ്പെട്ടിട്ടുള്ള രാജ്യങ്ങള്‍ക്ക് ബാധകമല്ലെന്ന് വൈറ്റ് ഹൗസ്.എന്നാല്‍ യൂറോപ്യന്‍ യൂണിയന്‍, ജപ്പാന്‍ തുടങ്ങിയ വ്യാപാര പങ്കാളികള്‍ക്ക് 15% താരിഫുണ്ടാകുമെന്നും വൈറ്റ് ഹൗസ് ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.യു എസുമായി ധാരണയിലെത്തിയിട്ടും 15% താരിഫ് ബാധകമാക്കിയതിന്റെ ആശങ്കകള്‍ക്കിടയിലും 100% വന്നില്ലല്ലോയെന്ന ആശ്വാസമാണ് ഇയു കേന്ദ്രങ്ങള്‍ക്കുള്ളത്.
ഒക്ടോബര്‍ ഒന്നു മുതല്‍ ചില ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍ക്ക് 100% താരിഫ് ചുമത്താനുള്ള പദ്ധതി ട്രംപ് പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇക്കാര്യത്തില്‍ വൈറ്റ് ഹൗസ് വിശദീകരണം വന്നത്.ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് യൂറോപ്യന്‍ ട്രേഡ് കമ്മീഷണര്‍ മരോഷ് ഷെഫ്കോവിച്ച് യുഎസ് കമ്മീഷണര്‍ ജാമിസണ്‍ ഗ്രീറിനെ സന്ദര്‍ശിച്ചിരുന്നു.
യൂറോപ്യന്‍ യൂണിയന്‍ കയറ്റുമതിക്കുള്ള 15% താരിഫ് ഇന്‍ഷുറന്‍സാണെന്നും യൂറോപ്യന്‍ ഇക്കണോമിക് ഓപ്പറേറ്റര്‍മാര്‍ക്ക് ഉയര്‍ന്ന താരിഫ് ഉണ്ടാകില്ലെന്നും യു എസ് വ്യാപാര വക്താവ് ഒലോഫ് ഗില്‍ പറഞ്ഞു.താരിഫ് ഇളവുകള്‍ക്കും മറ്റും കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിക്കുന്നതിനൊപ്പം സംയുക്ത പ്രസ്താവനയുടെ പ്രതിബദ്ധതകള്‍ ഇയുവും യുഎസും തുടര്‍ന്നും പാലിക്കുമെന്നും ഇദ്ദേഹം പറഞ്ഞു.
അമേരിക്കയില്‍ ഫാര്‍മസ്യൂട്ടിക്കല്‍ നിര്‍മ്മാണ പ്ലാന്റില്ലാത്ത ബ്രാന്‍ഡഡ് പേറ്റന്റ് ഫാര്‍മസ്യൂട്ടിക്കലുകള്‍ക്കെല്ലാം ഒക്ടോബര്‍ 1 മുതല്‍ 100% താരിഫ് ഈടാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാലിത് യൂറോപ്യന്‍ യൂണിയനില്‍ സ്വാധീനം ചെലുത്തില്ലെന്ന് ഗില്‍ പറഞ്ഞു.
ഫാര്‍മസ്യൂട്ടിക്കല്‍സ്, സെമികണ്ടക്ടറുകള്‍, മരത്തടികള്‍ എന്നിവയുടെ നിരക്ക് 15% കവിയില്ലെന്ന് വാഷിംഗ്ടണ്‍ നേരത്തേ സമ്മതിച്ചിരുന്നതായി ബ്രസ്സല്‍സും ചൂണ്ടിക്കാട്ടി.
കരാറിന്റെ ഭാഗമായി ഈ ആഴ്ചയാദ്യം ഇയുവില്‍ നിന്നുള്ള വാഹന ഇറക്കുമതിയുടെ താരിഫ് 27.5% ല്‍ നിന്ന് 15% യു എസ് ആയി കുറച്ചിരുന്നു.പാനീയങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് മേഖലകള്‍ക്കും കാര്‍വേ-ഔട്ടുകള്‍ ഉറപ്പാക്കാന്‍ യൂറോപ്യന്‍ കമ്മീഷന്‍ ശ്രമം നടത്തി വരികയാണ്.
അയര്‍ലണ്ടിന് ആശ്വാസം
അയര്‍ലണ്ടിന് ആശ്വാസം നല്‍കുന്നതാണ് വൈറ്റ് ഹൗസിന്റെ ഈ പ്രഖ്യാപനം.യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള ഫാര്‍മ ഉല്‍പ്പന്നങ്ങളുടെ ഏറ്റവും വലിയ കയറ്റുമതിക്കാരില്‍ ഒരാളാണ് അയര്‍ലണ്ട്.കഴിഞ്ഞ വര്‍ഷം നടത്തിയ 120 ബില്യണ്‍ യൂറോയുടെ ഔഷധ കയറ്റുമതിയില്‍ 33 ബില്യണ്‍ യൂറോയും അയര്‍ലണ്ടിന്റെ വകയാണ്.
ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ 15% പരിധി നിലവിലുണ്ടെന്ന് വിദേശകാര്യ മന്ത്രി സെമണ്‍ ഹാരിസ് പറഞ്ഞു.ഇതിന്റെ പ്രത്യാഘാതം യൂറോപ്യന്‍ യൂണിയന്‍ സഹപ്രവര്‍ത്തകരുമായി ചേര്‍ന്ന് പഠിക്കുമെന്നും ഹാരിസ് പറഞ്ഞു.യൂറോപ്യന്‍ യൂണിയന്‍ ഫാര്‍മ ഉല്‍പ്പന്നങ്ങളുടെ 15% താരിഫ് ബാധകമാണെന്ന വെളിപ്പെടുത്തല്‍ ആത്മവിശ്വാസം നല്‍കുന്നതാണെന്ന് എന്റര്‍പ്രൈസ് അയര്‍ലന്‍ഡ് പറഞ്ഞു.ജൂലൈയില്‍ യൂറോപ്യന്‍ യൂണിയനും യുഎസും തമ്മിലുണ്ടാക്കിയ വ്യാപാര കരാറിന്റെ ഭാഗമായ സംയുക്ത പ്രസ്താവന വീണ്ടും സ്ഥിരീകരിക്കുന്നതാണിതെന്ന് ഏജന്‍സിയുടെ ട്രേഡ് ആന്‍ഡ് താരിഫ് റെസ്‌പോണ്‍സ് ടീം മേധാവി ജോനാഥന്‍ മക്മില്ലന്‍ പറഞ്ഞു.
ഐറിഷ് മലയാളി ന്യൂസ്
ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക https://chat.whatsapp.