head1
head3

നിയമലംഘനത്തിന് 5000 യൂറോ വരെ പിഴയും ആറുമാസം വരെ തടവും, ഹോട്ടല്‍ ക്വാറന്റൈയ്ന്‍ നിയമലംഘനത്തിന് കടുത്ത ശിക്ഷ വ്യവസ്ഥ ചെയ്ത് ആരോഗ്യ നിയമം ഭേദഗതി  ചെയ്യുന്നതിന് ക്യാബിനറ്റ് അനുമതി

ഡബ്ലിന്‍ : ഹോട്ടല്‍ ക്വാറന്റൈയ്ന്‍ നിയമലംഘനത്തിന് കടുത്ത ശിക്ഷ നല്‍കുന്നതിനുള്ള വ്യവസ്ഥകളുള്‍പ്പെടുത്തി ആരോഗ്യ നിയമം ഭേദഗതി ചെയ്യുന്നതിന് മന്ത്രിസഭയുടെ അനുമതി.നിര്‍ബന്ധിത ഹോട്ടല്‍ ക്വാറന്റൈയ്ന്‍ ലംഘിക്കുന്ന യാത്രക്കാര്‍ക്ക് 4,000 യൂറോ പിഴയും ഒരു മാസം തടവും അനുഭവിക്കേണ്ടി വരുമെന്നാണ് പുതിയ ഭേദഗതി വ്യവസ്ഥ ചെയ്യുന്നു.ആരോഗ്യ ഭേദഗതി നിയമത്തില്‍ നിര്‍ദ്ദിഷ്ട വ്യവസ്ഥ ഉള്‍പ്പെടുത്താനാണ് മന്ത്രിസഭ അനുമതി നല്‍കിയത്.

പുതിയ നിയമപ്രകാരം, നിശ്ചിത രാജ്യങ്ങളില്‍ നിന്ന് എത്തുന്നവര്‍ അയര്‍ലണ്ടിലെത്തുന്നതിന് മുമ്പ് ഒരു ക്വാറന്റൈയ്ന്‍ കേന്ദ്രത്തില്‍ ബുക്ക് ചെയ്യേണ്ടതുണ്ട്. ഇവിടെയെത്തുന്നതിന് മൂന്ന് ദിവസം മുമ്പ് എടുത്ത നെഗറ്റീവ് പിസിആര്‍ ടെസ്റ്റ് സര്‍ട്ടിഫിക്കറ്റും ഹാജരാക്കണം.

പുതിയ നിയമപ്രകാരം ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങളില്‍ നിന്നുള്ള മുതിര്‍ന്ന യാത്രക്കാര്‍ക്ക് 2,000 യൂറോയും കുട്ടിക്ക് 500 യൂറോയും ഹോട്ടല്‍ ബില്ലുകള്‍ നല്‍കേണ്ടി വരും. വിമാനത്താവളത്തിലോ തുറമുഖത്തിലോ എത്തുന്നതു മുതല്‍ 14 ദിവസത്തേയ്ക്ക് ഒരു ക്വാറന്റൈയ്ന്‍ കേന്ദ്രത്തില്‍ കഴിയണം.നിരവധി പരിശോധനകള്‍ക്കും വിധേയമാകണം.ഇതില്‍ ഇളവുകള്‍ അനുവദനീയമല്ല.

ഭേദഗതി ബില്‍ ഇന്ന് ഡെയ്‌ലിലെത്തുമെങ്കിലും അടുത്ത ആഴ്ചയ്ക്ക് ശേഷമേ ചര്‍ച്ച ചെയ്യൂവെന്നാണ് കരുതുന്നത്.കരട് ബില്‍ ചൊവ്വാഴ്ച മന്ത്രിസഭയുടെ മുമ്പാകെ വന്നിരുന്നു. നിയമനിര്‍മ്മാണത്തിന്റെ വിവിധ ഘടകങ്ങളെക്കുറിച്ച് പ്രധാനമന്ത്രിയും മന്ത്രിമാരും ചോദ്യങ്ങള്‍ ഉന്നയിച്ചിരുന്നു.

തുടർച്ചയായ  ക്വാറന്റൈയ്ന്‍ നിയമലംഘനത്തിന് 5000 യൂറോ വരെ പിഴയും ആറുമാസം വരെ തടവും

ക്വാറന്റൈയ്ന്‍ കേന്ദ്രങ്ങളില്‍ നിന്നും തുടർച്ചയായി    മുങ്ങാനോ കോവിഡ് പരിശോധന നടത്താന്‍ വിസമ്മതിച്ചാലോ കേന്ദ്രങ്ങള്‍ക്കുള്ളിലെ ആളുകളെ അപകടത്തിലാക്കുന്ന വിധം പ്രവര്‍ത്തിച്ചാലോ കടുത്ത പിഴയും തടവും നേരിടേണ്ടിവരും.

ആദ്യ കുറ്റത്തിന് 4,000 യൂറോ വരെ പിഴയും കൂടാതെ/അല്ലെങ്കില്‍ ഒരു മാസം തടവും ലഭിക്കാം. രണ്ടാമത്തെ കുറ്റത്തിന് 4,500 യൂറോയില്‍ കൂടാത്ത പിഴയും കൂടാതെ/അല്ലെങ്കില്‍ മൂന്ന് മാസം തടവോ കിട്ടും. മൂന്നാമത്തെ കുറ്റത്തിന് 5,000 യൂറോ പിഴയോ ആറുമാസം തടവോ ലഭിക്കും.

നിര്‍ബന്ധിത ക്വാറന്റൈയ്ന്‍ നിയമം പാലിക്കുന്നതില്‍ പരാജയപ്പെടുന്നത് ആക്ട് പ്രകാരം കുറ്റമാകും. കേന്ദ്രത്തിലെ മറ്റേതൊരു വ്യക്തിയുടെയും ജീവിതത്തെയും ആരോഗ്യത്തെയും അപകടപ്പെടുത്തുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നതാണ് നിര്‍ദ്ദിഷ്ട ബില്‍ പ്രകാരം കുറ്റമാകുന്നത്.അനുമതിയില്ലാതെ ഈ കേന്ദ്രം ഉപേക്ഷിക്കുന്നതിനും പിഴയും തടവും ലഭിക്കും.

ട്രക്ക് ഡ്രൈവര്‍മാര്‍, എയര്‍ലൈന്‍ സ്റ്റാഫ്, ഗാര്‍ഡ, പ്രതിരോധ സേനയിലെ അംഗങ്ങള്‍, ഹൗസ് ഓഫ് ഒയ്‌റിയാച്ചാസ്, യൂറോപ്യന്‍ പാര്‍ലമെന്റ്  അംഗങ്ങള്‍ എന്നിവരെ ഈ നിയമത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അടിയന്തിര മെഡിക്കല്‍ കാരണങ്ങളാല്‍ യാത്ര ചെയ്യുന്നവരും അറസ്റ്റ് വാറണ്ടുകള്‍, നാടുകടത്തല്‍ നടപടികള്‍ പോലെയുള്ള മറ്റ് നിയമപരമായ കാരണങ്ങള്‍ എന്നിവയിലൂടെ രാജ്യത്തേക്ക് കൊണ്ടുവന്നവര്‍ക്കും ക്വാറന്റൈയ്ന്‍ ഒഴിവാക്കും. നയതന്ത്ര- പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും ഇളവ് ലഭിക്കും.അടിയന്തിര മെഡിക്കല്‍, മാനുഷിക കാരണങ്ങളാല്‍ മാത്രമേ ഇതിന് അനുമതിയുള്ളു.എന്നാല്‍ ഈ കാരണങ്ങള്‍ എന്തൊക്കെയാണെന്നതിന്റെ വിശദാംശങ്ങള്‍ നിയമനിര്‍മ്മാണത്തില്‍ വ്യക്തമാക്കിയിട്ടില്ല.

ഹോട്ടൽ  ക്വാറന്റൈയ്ന്‍ ബില്ലിന്റെ നിരക്ക്   നിയമ നിര്‍മ്മാണത്തില്‍ പറഞ്ഞിട്ടില്ല. എന്നാലും  മുതിര്‍ന്ന യാത്രക്കാര്‍ക്ക് 2,000 യൂറോയും കുട്ടിക്ക് 500 യൂറോയും വരെ  ബില്‍ നല്‍കേണ്ടി വരുമെന്നാണ്  സൂചനകൾ

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും   വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക

https://chat.whatsapp.com/DI6e4vSsv329e4CXtWXO8H

Comments are closed.