head3
head1

അയര്‍ലണ്ടിലെ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് സംവിധാനമാകെ ഉടച്ചുവാര്‍ക്കുന്നു; പുതിയ നിയമം സെപ്തംബറോടെ

ഡബ്ലിന്‍ : അയര്‍ലണ്ടിലെ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് സംവിധാനമാകെ ഉടച്ചുവാര്‍ക്കാനൊരുങ്ങുകയാണ് സര്‍ക്കാര്‍. ഇതിനായി സമഗ്രമായ നിയമം കൊണ്ടുവരും. സീസണല്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റുകളുള്‍പ്പടെ അവതരിപ്പിച്ച് സംവിധാനമാകെ നവീകരിക്കുന്നതിനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതിന് ഉതകുന്ന വിധത്തില്‍ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് സിസ്റ്റവും നടപടികളും ആധുനികവല്‍ക്കരിക്കുന്നതിനാണ് പുതിയ ബില്‍ വരുന്നത്.

യൂറോപ്പിന് പുറത്തുനിന്നുമുള്ള മികച്ച വൈദഗ്ധ്യമുള്ള തൊഴിലാളികളെ അയര്‍ലണ്ടിലേക്ക് ആകര്‍ഷിക്കുന്നതിനാണ് എംപ്ലോയ്മെന്റ് പെര്‍മിറ്റ് സംവിധാനം രൂപകല്‍പ്പന ചെയ്യുന്നത്. തൊഴില്‍ വിപണിയിലെ വിദഗ്ധ തൊഴിലാളികളുടെ ക്ഷാമം ഇതിലൂടെ പരിഹരിക്കാനാകുമെന്നും സര്‍ക്കാര്‍ കരുതുന്നു. എംപ്ലോയ്‌മെന്റ്, റീട്ടെയില്‍ മന്ത്രി ഡാമിയന്‍ ഇംഗ്ലീഷ് പുതിയ നിയമത്തിന്റെ പണിപ്പുരയിലാണ്. നിയമം സെപ്തംബര്‍- നവംബര്‍ മാസത്തില്‍ വരുമെന്നാണ് കരുതുന്നത്.

സീസണല്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റ് സംവിധാനം വരും

സീസണല്‍ എംപ്ലോയ്മെന്റ് പെര്‍മിറ്റ് പുതിയ നിയമത്തിന്റെ ഭാഗമായി പ്രാവര്‍ത്തികമാക്കും. സുതാര്യവും കാര്യക്ഷമവുമായ അപേക്ഷയും തുടര്‍നടപടികളും അംഗീകാരവുമായിരിക്കും പെര്‍മിറ്റുകളുടെ കാര്യത്തിലുണ്ടാവുക. കൂടാതെ എംപ്ലോയ്‌മെന്റ് പെര്‍മിറ്റ് സംവിധാനം ഉപയോഗപ്പെടുത്താന്‍ സബ് കോണ്‍ട്രാക്ടര്‍മാരെ അനുവദിക്കും. ഇതിനു അനുസൃതമായ മാറ്റങ്ങള്‍ നിയമത്തില്‍ വരും. തൊഴിലുടമയുടെ ആവശ്യത്തിനനുസൃതമായി പരിഷ്‌കരിച്ച മെച്ചപ്പെട്ടതുമായ ലേബര്‍ മാര്‍ക്കറ്റ് ടെസ്റ്റുകളും എംപ്ലോയ്മെന്റ് പെര്‍മിറ്റുകള്‍ക്കുള്ള അധിക യോഗ്യതാ വ്യവസ്ഥകളും നിയമത്തിലുണ്ടാകും.

തേടുന്നത് മൂന്നു വിഭാഗം തൊഴിലാളികളെ

തൊഴില്‍ പെര്‍മിറ്റ് സംവിധാനത്തിന്റെ ആവശ്യങ്ങള്‍ക്കായി, ക്രിട്ടിക്കല്‍ സ്‌കില്‍സ് ഒക്യുപേഷന്‍സ്, വൈദഗ്ധ്യവും യോഗ്യതകളും ആവശ്യമില്ലാത്ത തൊഴിലുകള്‍ (ഇന്‍എലിജിബിള്‍ ഒക്യുപ്പേഷന്‍സ്), ലേബര്‍ മാര്‍ക്കറ്റ് നീഡ്സ് ടെസ്റ്റ് നടത്തി കണ്ടെത്തേണ്ട തൊഴിലുകള്‍ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളായി തൊഴിലുകളെ തരംതിരിച്ചിട്ടുണ്ട്.

ക്രിട്ടിക്കല്‍ സ്‌കില്‍സ് ലേബേഴ്സിനെ റസിഡന്റ് ലേബര്‍ ഫോഴ്സില്‍ നിന്നും കണ്ടെത്തേണ്ടതായി വരും. ഇന്‍എലിജിബിള്‍ ഒക്യുപ്പേഷന്‍സില്‍പ്പെട്ട തൊഴിലാളികളെ ഇഇഎയില്‍ നിന്നോ അയര്‍ലണ്ടില്‍ നിന്നോ നിയമിക്കണം. ഇവ രണ്ടിലും തൊഴിലാളികളെ ലഭ്യമാകാത്ത വന്നാല്‍ മൂന്നാമത്തെ വിഭാഗത്തില്‍പ്പെടുത്തി തൊഴിലാളികളെ കണ്ടെത്തുന്നതിന് പത്രപരസ്യവും മാര്‍ക്കറ്റ് ടെസ്റ്റുമെല്ലാം നടത്തണം. ഇതനുസരിച്ച് കണ്ടെത്തുന്നവര്‍ക്ക് എംപ്ലോയ്മെന്റ് പെര്‍മിറ്റ് നല്‍കുന്നതിന് തൊഴിലുടമയ്ക്ക് അപേക്ഷ നല്‍കാനുമാകും.

ഐറിഷ് മലയാളി ന്യൂസ്

ഐറിഷ് മലയാളി ന്യൂസില്‍ നിന്നുള്ള പ്രധാന വാര്‍ത്തകളും, ബ്രേക്കിംഗ് ന്യൂസുകളും വാട്‌സാപ്പില്‍ ലഭിക്കുവാന്‍ താഴെയുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് ജോയിന്‍ ചെയ്യുക: https://chat.whatsapp.com/I4RThsP3QByGf4MgKvY4Gn

Comments are closed.