head3
head1

ലെവല്‍ 5 നിയന്ത്രണങ്ങൾ നടപ്പാക്കാനൊരുങ്ങി അയർലണ്ട്…! തീരുമാനം ഉടൻ…

ഡബ്ലിന്‍ : കോവിഡിന്റെ രണ്ടാം തരംഗത്തെ പിടിച്ചുകെട്ടാന്‍ അയര്‍ലണ്ട് ലെവല്‍ 5 നിയന്ത്രണങ്ങളിലേക്ക് കടന്നേക്കും.

ലെവല്‍ നാല്, അഞ്ച് എന്നിവയ്ക്കിടയിലുള്ള നിയന്ത്രണങ്ങള്‍ നിലവില്‍ വന്നേക്കുമെന്നായിരുന്നു നേരത്തേയുള്ള സൂചന. എന്നാല്‍, കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ ആറാഴ്ചത്തേക്ക് രാജ്യത്ത് ലെവല്‍ 5 നിയന്ത്രണങ്ങള്‍ തന്നെ നടപ്പാക്കാനാണ് സാധ്യതയെന്ന് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നു.

ഇത് സംബന്ധിച്ച അന്തിമ തീരുമാനം മന്ത്രിസഭാ യോഗത്തിന് ശേഷം വൈകാതെ പുറത്തുവരും.നാല് മണിയ്ക്ക്തുടങ്ങിയ മന്ത്രിസഭാ യോഗം ആറ് മണിയ്ക്ക് ശേഷവും തുടരുകയാണ്.

ലോക്ക് ഡൗണിന് സമാനമായ കര്‍ശന നിയന്ത്രണങ്ങളായിരിക്കും ലെവല്‍ അഞ്ചില്‍ നടപ്പാക്കുക. ജനങ്ങളെ പരമാവധി വീടുകളില്‍ തുടരാന്‍ പ്രേരിപ്പിക്കുന്നതായിരിക്കും നിയന്ത്രണങ്ങള്‍.

അതേസമയം, സര്‍ക്കാരിന്റെ പുതിയ തീരുമാനവുമായി ബിസിനസുകള്‍ക്കും, ജനങ്ങള്‍ക്കും പൊരുത്തപ്പെടാന്‍ അവസരമൊരുക്കുന്നതിന്റെ ഭാഗമായി രണ്ട് ദിവസം കഴിഞ്ഞ് മാത്രമേ നിയന്ത്രണങ്ങള്‍ പ്രാബല്യത്തില്‍ വരൂ എന്നും റിപ്പോര്‍ട്ടുണ്ട്.

കോവിഡ് പടര്‍ന്ന് പിടിക്കുന്ന പശ്ചാത്തലത്തില്‍ ആറാഴ്ചത്തേക്ക് ലെവല്‍ 5 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നായിരുന്നു എന്‍ഫെറ്റിന്റെ ശുപാര്‍ശ.

എന്നാല്‍, ഒറ്റയടിക്ക് ലെവല്‍ 5ലേക്ക് കടക്കുമ്പോഴുണ്ടാകുന്ന പ്രതിഷേധങ്ങളെ മറികടക്കാന്‍ ആദ്യഘട്ടത്തില്‍ നാലാഴ്ചത്തേക്ക് മാത്രമായിരിക്കും ലെവല്‍ 5 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സാധ്യത.

ലെവല്‍ 5 നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമ്പോഴുള്ള സ്‌കൂളുകളുടെയും ക്രെഷുകളുടെയും കോളജുകളുടേയും പ്രവര്‍ത്തനം സംബന്ധിച്ചും മന്ത്രിസഭാ യോഗത്തില്‍ തീരുമാനമെടുത്തേക്കും.

ലെവല്‍ 5ലെ നിയന്ത്രണങ്ങള്‍ എന്തൊക്കെ ?

  • നിയന്ത്രണങ്ങളുടെ ഭാഗമായി മിക്ക സാമൂഹിക പ്രവര്‍ത്തനങ്ങളും നിര്‍ത്തുകയോ അല്ലെങ്കില്‍ കര്‍ശനമായി പരിമിതപ്പെടുത്തുകയോ ചെയ്യും.
  • വീടുകളില്‍ സന്ദര്‍ശകരെ അനുവദിക്കില്ല. കൂടാതെ മറ്റ് സ്ഥലങ്ങളിലെ എല്ലാവിധ ഒത്തുചേരലുകളും നിരോധിക്കും.
  • സാംസ്‌കാരിക പരിപാടികള്‍ പോലുള്ള സംഘടിത ഇന്‍ഡോര്‍, ഔട്ട്‌ഡോര്‍ ഒത്തുചേരലുകള്‍ അനുവദിക്കില്ല.
  • ഗ്രൂപ്പായുള്ള കായിക പരിശീലനമോ മത്സരങ്ങളോ അനുവദിക്കില്ല.
  • മതപരമായ സേവനങ്ങള്‍ ഓണ്‍ലൈനില്‍ നടക്കുമെങ്കിലും വ്യക്തിഗത പ്രാര്‍ത്ഥനയ്ക്കായി ആരാധനാലയങ്ങള്‍ തുറന്നിടാം.
  • സംസ്‌കാര ചടങ്ങുകളില്‍ 10 പേരെ മാത്രമേ അനുവദിക്കൂ.
  • വിവാഹത്തില്‍ ആറ് അതിഥികളെ മാത്രം അനുവദിക്കും.
  • ബാറുകള്‍, കഫേകള്‍, റെസ്റ്റോറന്റുകള്‍, പബ്ബുകള്‍ എന്നിവ ടേക്ക് എവേയ്‌ക്കോ, ഡെലിവറി സേവനങ്ങള്‍ക്കോ മാത്രമായി പരിമിതപ്പെടുത്തും.
  • ഹെയര്‍ഡ്രെസ്സര്‍, ബാര്‍ബര്‍ തുടങ്ങിയ സേവനങ്ങളും അനുവദിക്കില്ല.
  • അവശ്യ സാധനങ്ങളുടെ ചില്ലറ വില്‍പ്പന അനുവദിക്കും.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.