.’പറ്റിയ ആളെ’ ലഭിക്കാനും പ്രണയ സാക്ഷാല്‍ക്കാരത്തിനുമൊക്കെയായി നിരവധിയായ സന്ദര്‍ശകരാണ് സാധാരണയായി ഇങ്ങോട്ടേയ്ക്കെത്തുന്നത്.വാലന്റൈന്‍സ് ദിനത്തിലെ വിശുദ്ധ കുര്‍ബാനകള്‍ക്ക് മധ്യേ വിവാഹിതരാവാന്‍ പോകുന്ന പ്രണയിതാക്കള്‍ക്കുള്ള വിവാഹമോതിരം ആശീര്‍വദിച്ചു കൊടുക്കുന്ന പതിവുമുണ്ട്.
ഡബ്ലിനിലെ വൈറ്റ്ഫ്രിയര്‍ സ്ട്രീറ്റ് ചര്‍ച്ചിലാണ് (Whitefriar Street Church)വിശുദ്ധ വാലന്റൈന്‍സിന്റെ ഭൗതീകാവശിഷ്ടം സൂക്ഷിക്കപ്പെട്ടിരിക്കുന്നത്.
സ്നേഹത്തിന്റെ വിശുദ്ധ രക്ഷാധികാരിയായിരുന്ന സെന്റ് വാലന്റൈന്‍ റോമില്‍ വെച്ചാണ് കൊല്ലപ്പെട്ടത്.മൂന്നാം നൂറ്റാണ്ടില്‍ അവിടെ സംസ്‌കരിച്ചു. പിന്നീട് ഒരു ഐറിഷ് പുരോഹിതന് ഭൗതികാവശിഷ്ടങ്ങള്‍ പുറത്തെടുക്കാന്‍ മാര്‍പ്പാപ്പയുടെ അനുമതി ലഭിച്ചതോടെ വിശുദ്ധന്റെ മൃതദേഹം പുറത്തെടുത്ത് ഡബ്ലിനിലേക്ക് കൊണ്ടുവന്നു.ഇപ്പോള്‍ ഡബ്ലിനിലെ വൈറ്റ് ഫ്രിയര്‍ ചര്‍ച്ചിലാണ് ഇദ്ദേഹം നിദ്രകൊള്ളുന്നത്.
1835ല്‍ ഐറിഷ് കാര്‍മലൈറ്റ് പുരോഹിതന്‍ ഫാ.ജോണ്‍ സ്പ്രാറ്റിനാണ് ഗ്രിഗറി പതിനാറാമന്‍ മാര്‍പ്പാപ്പ വാലന്റൈന്‍ പുണ്യവാളന്റെ അവശിഷ്ടങ്ങള്‍ കുഴിച്ചെടുത്ത് അയര്‍ലണ്ടിലേയ്ക്ക് കൊണ്ടുപോരാന്‍ അനുമതി നല്‍കിയത്. ഐറിഷ് വംശജര്‍ക്കും സ്ത്രീകള്‍ക്കുമുള്ള ഗിഫ്ടായാണ് ഫാ. ജോണ്‍ ആ സ്നേഹാത്മാവിന്റെ അവശേഷിപ്പുകള്‍ ഇങ്ങോട്ടേയ്ക്കെത്തിച്ചത്.
‘ദൈവം എനിയ്ക്കായി ഒരാളെ സൃഷ്ടിച്ചിട്ടുണ്ട്. അയാളെ ഞാന്‍ ഇതുവരെ കണ്ടിട്ടില്ല. ആ ആളെ കണ്ടെത്താന്‍ വാലന്റൈന്‍ പുണ്യവാളന്റെ അനുഗ്രഹം തേടിയാണ് എത്തിയത് ‘ പള്ളിയില്‍ വെച്ച് കണ്ട ഒരു യുവസന്ദര്‍ശക പറഞ്ഞു.
‘ശരിയായത് കണ്ടെത്താനായാണ് ഇവിടെ പ്രാര്‍ത്ഥിക്കുന്നത്, ശരിയായ സമയത്ത് അവന്‍ എന്റെ മുന്നിലെത്തും.ഞാന്‍ വിശ്വസിക്കുന്നു’-മറ്റൊരാള്‍ പറഞ്ഞു.
‘ഞാന്‍ സ്പീഡ് ഡേറ്റിംഗും ഓണ്‍ലൈനും എല്ലാം പരീക്ഷിച്ചു. ഇനി സെന്റ് വാലന്റൈനോടുള്ള പ്രാര്‍ത്ഥന മാത്രമേ ബാക്കിയുള്ളു’ ഒരു പ്രണയിനിയെ തേടുന്ന മറ്റൊരാള്‍ പറഞ്ഞു.നാലുവര്‍ഷം മുമ്പ് ഇവിടെ കണ്ടുമുട്ടിയ, ഇപ്പോള്‍ വിവാഹം പ്ലാന്‍ ചെയ്യുന്ന ദമ്പതികളും പുണ്യവാളനോട് നന്ദി പറയാനെത്തിയിരുന്നു.
ക്രിസ്തീയ പടയാളികള്‍ക്ക് വിവാഹങ്ങള്‍ വിലക്കപ്പെട്ടിരുന്ന കാലത്ത് രഹസ്യമായി വിവാഹങ്ങള്‍ കൂദാശ ചെയ്തു നല്കിയതിനാണ് മൂന്നാം നൂറ്റാണ്ടില്‍ ഈ പുണ്യാത്മാവ് വധിക്കപ്പെട്ടത്. സ്നേഹത്തിന്റെയും സന്തോഷത്തിന്റെയും വിരുന്നൊരുക്കാന്‍ അദ്ദേഹം സഭയിലെ മറ്റു പുരോഹിതരെ പ്രേരിപ്പിക്കുകയും ചെയ്തു.
1950ല്‍ സെന്റ് വാലന്റൈന്‍സിനെ ആദരിക്കുന്നതിനായി പള്ളിയില്‍ ഒരു രൂപവും കപ്പേളയും സ്ഥാപിച്ചു. പ്രണയത്തിന്റെ പുണ്യാളനെ തങ്ങളുടെ നഗരത്തില്‍ അടക്കം ചെയ്തിട്ടുണ്ടെന്ന് അറിഞ്ഞതോടെയാണ് അയര്‍ലണ്ടിലെ ആളുകള്‍ വിശുദ്ധനോടുള്ള പ്രാര്‍ത്ഥനയ്ക്കായി ഡബ്ലിനിലെ വൈറ്റ് ഫ്രിയര്‍ പള്ളിയിലേക്ക് എത്തിത്തുടങ്ങിയത്.
ഈ വിശുദ്ധന്റെ സ്മരണകളെ ‘വാലന്റൈന്‍സ് ഡേ’ എന്ന തലത്തില്‍ നിലനിര്‍ത്താന്‍ മാത്രമല്ല ഞങ്ങള്‍ ആഗ്രഹിക്കുന്നത്. അത് ആ വിശുദ്ധന്റെ പ്രാധാന്യം കുറയ്ക്കുകയാവും ചെയ്യുകയെന്ന് പള്ളിയുടെ ചുമതലയുള്ള കാര്‍മലൈറ്റ് പുരോഹിതന്‍ ഫാ.ഡേവിഡ് വീക്ലിയം പറയുന്നു. പ്രതിസന്ധികള്‍ക്കിടയിലും സഭയെയും സമൂഹത്തെയും സ്‌നേഹിക്കുന്ന പുരോഹിതരും,നിര്‍മ്മലമായ പ്രണയത്തില്‍ നിന്നും വിശുദ്ധിയുള്ള കുടുംബങ്ങളും ഉയരട്ടെ എന്നതാവും വിശുദ്ധന്‍ ആഗ്രഹിക്കുന്നത് ….
ഐറിഷ് മലയാളി ന്യൂസ്
Comments are closed.