head3
head1

അയര്‍ലണ്ടില്‍ 220 ഇന്ത്യക്കാര്‍ക്കേ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളൂവെന്ന് ആരോഗ്യവകുപ്പ്

ഡബ്ലിന്‍ : രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ രോഗം സ്ഥിരീകരിച്ച വിദേശികളുടെ കണക്കുകള്‍ പുറത്തുവിട്ട് ആരോഗ്യവകുപ്പ്.

അയര്‍ലണ്ടില്‍ ഇതുവരെ 220 ഇന്ത്യക്കാര്‍ക്ക് മാത്രമേ കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളൂ എന്നാണ് കണക്കുകള്‍ പറയുന്നത്. അതേസമയം, കണക്കുകളില്‍ വ്യത്യാസം വരാം.

ഐറിഷ് പൗരത്വംസ്വീകരിച്ച നിരവധി ഇന്ത്യക്കാരെ ഈ കണക്കില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. അത്തരമൊരു കണക്കുകള്‍ കൂടി ഉള്‍പ്പെടുത്തിയാല്‍ ഇന്ത്യക്കാരുടെ എണ്ണം ആയിരം കടന്നേക്കും.

ബ്രസീലുകാരാണ് രാജ്യത്ത് ഏറ്റവും കൂടുതല്‍ കോവിഡ് ബാധിതരായ വിദേശികള്‍. 397 ബ്രസീലുകാര്‍ക്കാണ്‌ രോഗം സ്ഥിരീകരിച്ചത്. തൊട്ടു പിന്നിലായി നൈജീരിയക്കാരും (300), ബ്രിട്ടീഷുകാരും (241), മോള്‍ഡോവന്‍മാരും (233) ഉണ്ട്.

രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ച വിദേശികളുടെ കണക്കുകള്‍ പൂര്‍ണമായിരിക്കില്ലെന്നും രോഗികളുടെ ജനന രാജ്യത്തെ അടിസ്ഥാനമാക്കിയാണ് നിലവിലെ കണക്കുകള്‍ പുറത്തുവിട്ടതെന്നും ഹെല്‍ത്ത് പ്രൊട്ടക്ഷന്‍ നിരീക്ഷണ കേന്ദ്രം (എച്ച്പിഎസ്‌സി) പറയുന്നുണ്ട്.

229 പോളിഷുകാര്‍ക്കും, 218 റൊമാനിയക്കാര്‍ക്കും, 162 ലിത്വാനിയക്കാര്‍ക്കും, 134 ഫിലിപ്പിനോകള്‍, 66 കോംഗോളിയന്‍ ആളുകള്‍ എന്നിവരും അയര്‍ലണ്ടില്‍ രോഗബാധിതരായി. മാര്‍ച്ച് മുതല്‍ ഒക്ടോബര്‍ വരെയുള്ള വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് കണക്കുകള്‍.

അതേസമയം, അയര്‍ലണ്ടിലെ റോമ കമ്മ്യൂണിറ്റിയിലെ 119 പേര്‍ക്കും രോഗം സ്ഥിരീകരിച്ചതായും ഇതില്‍ അഞ്ച് പേര്‍ മരിച്ചതായും എച്ച്പിഎസ്‌സി റിപ്പോര്‍ട്ട് ചെയ്യുന്നു. ഡയറക്ട് പ്രൊവിഷന്‍ സെന്ററുകളില്‍ 314 പേര്‍ക്കാണ് കോവിഡ് ബാധിച്ചത്. എന്നാല്‍ അഞ്ചില്‍ താഴെ അഭയാര്‍ത്ഥികള്‍ മാത്രമാണ് മരണപ്പെട്ടത്.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.