head3
head1

കാര്യം നിസ്സാരമല്ല… പ്രശ്നം ഗുരുതരം: ഡബ്ലിനില്‍ ദിവസവും കോവിഡ് 19 വര്‍ദ്ധിക്കുന്നത് 4 ശതമാനം വീതം

ഡബ്ലിന്‍ : തലസ്ഥാനത്തെ കോവിഡ് വ്യാപനം നാള്‍ക്കുനാള്‍ വര്‍ധിക്കുന്നു.ദിവസവും ഡബ്ലിനില്‍ ശരാശരി 104 പേര്‍ക്ക് കോവിഡ് പിടിപെടുന്ന നിലയിലാണ് കാര്യങ്ങള്‍.നഗരത്തിലും കൗണ്ടിയിലുമുടനീളം ധാരാളം ഗാര്‍ഹിക ക്ലസ്റ്ററുകള്‍ വ്യാപിച്ചു കഴിഞ്ഞു. അതില്‍ ഭൂരിപക്ഷവും യുവാക്കളാണെന്നത് പേടിപ്പെടുത്തുന്നതാണ്. പൊതുജനാരോഗ്യ മാര്‍ഗ്ഗനിര്‍ദ്ദേശം കര്‍ക്കശമായി പാലിച്ചുകൊണ്ട് വൈറസിന്റെ വ്യാപന ശൃംഖല തകര്‍ക്കാന്‍ പ്രവര്‍ത്തിക്കണമെന്ന് ആക്ടിംഗ് സിഎംഒ ഡബ്ലിനില്‍ താമസിക്കുന്നവരോടും ജോലി ചെയ്യുന്നവരോടും അഭ്യര്‍ത്ഥിച്ചു.

കൊറോണ വൈറസ് കേസുകള്‍ പ്രതിദിനം 4% വീതം വര്‍ദ്ധിക്കുന്നതായി ആക്ടിംഗ് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. റോനന്‍ ഗ്ലിന്‍ അറിയിച്ചു.പ്രത്യുല്‍പാദന നിരക്ക് 1.4 ആണ്.ഇത് വലിയൊരു അപായ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. ആളുകള്‍ ഇനിയെങ്കിലും ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെങ്കില്‍ തലസ്ഥാനത്ത് കോവിഡ് കേസുകള്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ ഇരട്ടിയാകുമെന്ന് ഡോ. ഗ്ലിന്‍ പറഞ്ഞു.കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഡബ്ലിനില്‍ 1,055 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 14 ദിവസത്തെ രോഗബാധയുടെ നിരക്ക് ഇപ്പോള്‍ ഒരു ലക്ഷം ജനസംഖ്യയില്‍ 78 ആണ്.

പരിചയപ്പെടുന്നവര്‍ക്കും തനിക്കും രോഗം ഉള്ളതുപോലെ പ്രവര്‍ത്തിക്കണം. മറ്റുള്ളവരില്‍ നിന്ന് കൂടുതല്‍ അകലം പാലിക്കണമെന്നും ഡോ.ഗ്ലിന്‍ പറഞ്ഞു. ഇങ്ങനെ ചെയ്താല്‍ കോവിഡ് വ്യാപനം കുറയ്ക്കാനാകുമെന്നും ഡോ.ഗ്ലിന്‍ പറഞ്ഞു.കഴിഞ്ഞ ഒരാഴ്ചയായി പരിശോധനയ്ക്കായി വരുന്ന ആളുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയുണ്ടായതായി ആക്ടിംഗ് സിഎംഒ സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങള്‍ അറിയുന്നതും പരിശോധനയ്ക്കായി വേഗത്തില്‍ മുന്നോട്ട് വരുന്നതും വൈറസ് പ്രതിരോധത്തിന്റെ സുപ്രധാന ഭാഗമാണ്. കോവിഡ് -19 നുള്ള റഫറലും പരിശോധനയും സൗജന്യമാണെന്നും അദ്ദേഹം ആളുകളെ ഓര്‍മ്മിപ്പിച്ചു.

സ്ഥിതി ഇങ്ങനെയൊക്കെയാണ് എന്നിരുന്നാലും, ഇപ്പോഴും രോഗത്തെ നിയന്ത്രണവിധേയമാക്കാനുള്ള അവസരം ഉണ്ട്.സുരക്ഷിതമായി തുടരുന്നതിനുള്ള ശ്രമങ്ങള്‍ ഇരട്ടിയാക്കേണ്ടതുണ്ട്. വീടിനുള്ളില്‍ കൂടുതല്‍ ആളുകളെ കണ്ടുമുട്ടാന്‍ അനുവദിക്കരുത്.സാമൂഹിക സമ്പര്‍ക്കങ്ങള്‍ കഴിയുന്നത് പരിമിതപ്പെടുത്തണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ജനക്കൂട്ടം ഒഴിവാക്കണം. കാണേണ്ട ആളുകള്‍ക്ക് മാത്രം മുന്‍ഗണന നല്‍കണമെന്നും അദ്ദേഹം ആളുകളെ ഉപദേശിച്ചു.

രാജ്യത്ത് സ്ഥിരീകരിച്ച കേസുകള്‍ 30,571 ആയി രാജ്യത്ത് മൊത്തം സ്ഥിരീകരിച്ച കേസുകളുടെ എണ്ണം 30,571 ആയി. 1,781 മരണങ്ങളും. പുതിയ കേസുകളില്‍ പകുതിയും ഡബ്ലിനിലാണ്, 121 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.

ലൂത്തില്‍ 17 കേസുകളും ലിമെറിക്കില്‍ പത്തും കോര്‍ക്കില്‍ എട്ട് കേസുകളും വെസ്റ്റ്മീത്തിലും വിക്ലോയിലും ഏഴ് കേസുകളുമാണ് റിപ്പോര്‍ട്ട് ചെയ്തത്.ആറ് കേസുകള്‍ ലിഷിലും  ശി  അഞ്ച് എണ്ണം വീതവും ഡോണഗലിലും ഗോള്‍വേയിലും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു.ബാക്കി 24 കേസുകള്‍ കാര്‍ലോ, ക്ലെയര്‍,കെറി, കില്‍ഡെയര്‍, കില്‍കെന്നി, ലിട്രിം, ലോംഗ്ഫോര്‍ഡ്,മേയോ, മീത്ത്, ഓഫലി, റോസ്‌കോമണ്‍, ടിപ്പററി, വാട്ടര്‍ഫോര്‍ഡ് എന്നിവിടങ്ങളിലാണ്.73% കേസുകളിലും 45 വയസ്സിന് താഴെയുള്ളവരാണ് ഉള്‍പ്പെടുന്നത്.

പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശവുമായി ആരോഗ്യ വകുപ്പ്

അതേസമയം, ഡബ്ലിനിലെ നഴ്സിംഗ് ഹോമുകളില്‍ ഞായറാഴ്ച മുതല്‍ സന്ദര്‍ശക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.ആരോഗ്യവകുപ്പ് പുറപ്പെടുവിച്ച പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശ പ്രകാരം ഒരു അന്തേവാസിയെ ഒരാള്‍ക്ക് മാത്രമേ സന്ദര്‍ശിക്കാന്‍ അനുവദിക്കൂ.പുതിയ നിയന്ത്രണങ്ങള്‍ അടുത്ത
മൂന്നാഴ്ചത്തേക്ക് ഡബ്ലിനിലെ എല്ലാ ദീര്‍ഘകാല റെസിഡന്‍ഷ്യല്‍ കെയര്‍ സൗകര്യങ്ങള്‍ക്കും ബാധകമാകും.

ചികിത്സ തേടുന്നവരുടെ എണ്ണത്തില്‍ മാറ്റമില്ല

രാജ്യത്തുടനീളമുള്ള ആശുപത്രികളില്‍ കോവിഡ് -19 ചികിത്സ തേടുന്നവരുടെ എണ്ണം മാറ്റമില്ലാതെ തുടരുന്നു.ഏറ്റവും പുതിയ എച്ച്എസ്ഇ കണക്കുകള്‍ കാണിക്കുന്നത് ഇന്നലെ രാത്രി എട്ടുമണി വരെ 51 രോഗികളാണ് ചികിത്സ തേടിയെത്തിയത്.അതില്‍ ഏഴ് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. ആശുപത്രികളില്‍ 119 കേസുകളുണ്ട്. അതില്‍ അഞ്ചെണ്ണം ഐസിയുവിലാണ്.

നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ 4,691 പേരുടെ പരിശോധനയില്‍ കോവിഡ് -19 ന്റെ 88 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു.പകര്‍ച്ചവ്യാധി ആരംഭിച്ചതുമുതല്‍ അവിടുത്തെ മൊത്തം കേസുകളുടെ എണ്ണം 8,123 ആണ്.കൂടുതല്‍ മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.
അയര്‍ലണ്ടില്‍ ചികില്‍സയ്ക്കായി വെയ്റ്റിംഗ് ലിസ്റ്റില്‍ കഴിയുന്നത്.ദേശീയ ചികിത്സാ പര്‍ച്ചേസ് ഫണ്ട്
പുറത്തുവിട്ട കണക്കുകള്‍ പ്രകാരം 8,27,485 പേരാണ്. ജൂലൈയിലുണ്ടായിരുന്നതിനേക്കാള്‍ 8,400 രോഗികളുടെ എണ്ണം കൂടുതലാണിത്.
ഔട്ട്‌പേഷ്യന്റ് ക്ലിനിക്കില്‍ കാത്തിരിക്കുന്നത് ന 6,10,996 പേരാണ്.

പ്രധാനമന്ത്രിയുടെ ആഹ്വാനം
ആളുകള്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി മൈക്കിള്‍ മാര്‍ട്ടിന്‍ ട്വിറ്ററില്‍ ആഹ്വാനം ചെയ്തു. 211 പുതിയ കൊറോണ വൈറസ് കേസുകളും ഒരു മരണം കൂടി ആരോഗ്യവകുപ്പ് റിപ്പോര്‍ട്ട് ചെയ്തതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അഭിപ്രായമുണ്ടായത്.കോവിഡ് സംബന്ധിച്ച എന്‍ പി എച്ച് ഇ ടി യുടെ ഉപദേശം എങ്ങനെ നടപ്പാക്കാം എന്നതിനെക്കുറിച്ച് ബന്ധപ്പെട്ടവരും സര്‍ക്കാര്‍ വകുപ്പുകളും ഉള്‍പ്പെടുന്ന ഒരു പുതിയ മേല്‍നോട്ട സംഘം രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

വൈറസിനൊപ്പം ജീവിക്കാന്‍ കഴിയുന്ന തലത്തിലേക്ക് അയര്‍ലണ്ടിന് പോകേണ്ടി വരുമെന്ന് ഡബ്ലിന്‍ ഇക്കണോമിക്സ് ശീല്പശാലയില്‍ സംസാരിക്കവെ ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ പറഞ്ഞു.രണ്ടാമത്തെ ലോക്ക് ഡൗണ്‍ ഒഴിവാക്കാന്‍ വൈറസിനെ അടിച്ചമര്‍ത്തുകയല്ലാതെ മറ്റുമാര്‍ഗ്ഗങ്ങളില്ലെന്നും അദ്ദേഹം പറഞ്ഞു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.