head1
head3

ആശ്വാസ വാര്‍ത്ത…അയര്‍ലണ്ടിലെ കോവിഡ് വ്യാപനം കുറയുന്നു…. വേഗത്തില്‍ അതിവേഗത്തില്‍

ഡബ്ലിന്‍ : കോവിഡ് വ്യാപനത്തിന്റെ അതിതീവ്രതയില്‍ നിന്നും അയര്‍ലണ്ട് മുക്തമാകുന്നതായി സൂചന.രോഗ വ്യാപനത്തിലേ അതേ വേഗത രോഗബാധ കുറയുന്നതിലും കാണിക്കുന്നുവെന്ന വസ്തുതയും എന്‍ഫെറ്റ് സ്ഥിരീകരിച്ചു.വൈറസ് വ്യാപനത്തില്‍ ശക്തമായ ഇടിവ് തുടരുകയാണെന്ന് നാഷണല്‍ പബ്ലിക് ഹെല്‍ത്ത് എമര്‍ജന്‍സി ടീം അറിയിച്ചു.

ഓരോ ആഴ്ചയും രോഗബാധ നല്ല നിലയില്‍ കുറയുന്നുണ്ടെന്ന് പ്രൊഫ. ഫിലിപ്പ് നോലന്‍ പറഞ്ഞു.രോഗബാധയില്‍ ദിവസവും 6മുതല്‍ 9%വരെ കുറവുണ്ടായിട്ടുണ്ട്.വൈറസിന്റെ പ്രത്യുത്പാദന നിരക്ക് (ആര്‍) നമ്പര്‍ ഇപ്പോള്‍ ഒന്നില്‍ താഴെയാണെന്നും അദ്ദേഹം വ്യക്തമാക്കി.1,284 രോഗികള്‍ ആശുപത്രികളില്‍ ചികിത്സയിലാണ്. 188 പേര്‍ തീവ്രപരിചരണ വിഭാഗത്തിലുണ്ട്.ഇതില്‍ 15 എണ്ണത്തിന്റെ കുറവുണ്ടായിട്ടുണ്ട്.

കഴിഞ്ഞ ഏഴു ദിവസങ്ങളില്‍ ശരാശരി 1,188 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.ജനുവരിയില്‍ ഇത് 6,520 വരെ ആയിരുന്നു.ജൂണ്‍ അവസാനത്തില്‍ ഒരു ദിവസം പത്തില്‍ താഴെ കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും ഓര്‍മ്മിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

കോവിഡ് ക്ലോസ് കോണ്‍ടാക്റ്റുകളുടെ എണ്ണത്തിലും വളരെ കുറവുണ്ടായിട്ടുണ്ട്. -പ്രൊഫസര്‍ ഫിലിപ്പ് നോലന്‍ പറയുന്നു. ആര്‍ നമ്പര്‍ ഇപ്പോഴും അല്‍പ്പം മുകളിലാണ്. പക്ഷേ ഇപ്പോഴും 1 ല്‍ താഴെയാണെന്നത് ആശ്വാസകരമാണ്.ആശുപത്രി പ്രവേശനത്തിലും കുറവുണ്ടായി.ജനുവരി ആദ്യം മുതല്‍ തന്നെ പകുതിയായി .കഴിഞ്ഞ ആഴ്ചയില്‍ പ്രതിദിനം 160ആയിരുന്നത് ഇപ്പോള്‍ ശരാശരി 70 ആയി.ഈ ആഴ്ച ആദ്യമായി ഐസിയുവിലും രോഗികളുടെ എണ്ണം കുറഞ്ഞു.എല്ലാ പ്രായത്തിലുമുള്ളവരിലും രോഗബാധ അതിവേഗം കുറയുന്നുണ്ട്. 19 നും 24 നും ഇടയില്‍ പ്രായമുള്ളവരില്‍ അസാധാരണമായ പുരോഗതി ഉണ്ടായിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.85 വയസ്സിനും അതിനുമുകളിലും പ്രായമുള്ളവര്‍ക്ക് രോഗബാധ വളരെ ഉയര്‍ന്നതായിരുന്നു. എന്നാല്‍ അത് സാവധാനം കുറയുകയാണെന്നും പ്രൊഫ. നോലന്‍ പറഞ്ഞു.

കോവിഡ് കണക്കുകള്‍ ഇങ്ങനെ

കൊറോണ വൈറസുമായി ബന്ധപ്പെട്ട 1,318 പുതിയ കേസുകളും 75 മരണവുമാണ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തത്.ഇതില്‍ 46 എണ്ണവും ഈ മാസമാണ് സംഭവിച്ചത്. ജനുവരിയില്‍ 27മരണമാണുണ്ടായത്. രണ്ട് മരണം അതിനും മുമ്പേ സംഭവിച്ചതായും എന്‍ഫെറ്റ് പറഞ്ഞു.

അയര്‍ലണ്ടില്‍ ആകെ മരിച്ചത് 3,586 പേരാണ്. മൊത്തം സ്ഥിരീകരിച്ച കേസുകള്‍ 200,744.

1,318 പുതിയ കേസുകളില്‍ 622 പുരുഷന്മാരും 688 സ്ത്രീകളുമാണ്. ശരാശരി പ്രായം 40 വയസ്സ്, 58%വും 45 വയസ്സിന് താഴെയുള്ളവരാണ്.ഡബ്ലിനില്‍ 428 കേസുകളുണ്ട്. 122- കോര്‍ക്ക്, 93- ഗോള്‍വേ, 78- കില്‍ഡെയര്‍, 77 -ലിമെറിക്ക്. ബാക്കി 520 കേസുകള്‍ മറ്റ് എല്ലാ കൗണ്ടികളിലുമാണ്. ഫെബ്രുവരി മാസത്തില്‍ അയര്‍ലണ്ടില്‍ 111 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇപ്പോള്‍ ഒരു ലക്ഷത്തിന് 397.1 ആണ് രോഗബാധയുടെ തോത്. മോണഗാന്‍ (876.4), വാട്ടര്‍ഫോര്‍ഡ് (612.9), ലൂത്ത് (609.9) എന്നിവയാണ് ഏറ്റവും കൂടുതല്‍ അണുബാധയുള്ള കൗണ്ടികള്‍.റോസ്‌കോമണ്‍ (137.9), കെറി (183.5), കില്‍കെന്നി (195.5) എന്നിവയാണ് ഏറ്റവും കുറഞ്ഞ അണുബാധയുള്ള കൗണ്ടികള്‍.

ആശുപത്രികളിൽ ഇന്ത്യക്കാരും 
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഏതാനം ഇന്ത്യക്കാരും ക്രിട്ടിക്കൽ കെയർ യൂണിറ്റുകളിലുണ്ട്. രാവിലെ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം, ഇവരെല്ലാം അപകടനില തരണം ചെയ്തേക്കുമെന്ന  പ്രതീക്ഷയിലാണ് ഉറ്റവരും സുഹൃത്തുക്കളും.

മുതിര്‍ന്നവര്‍ക്ക് മികച്ചത് എം.ആര്‍.എന്‍.എ. വാക്‌സിനുകളെന്ന് സിഎംഒ

70 വയസ്സിനു മുകളിലുള്ളവര്‍ക്ക് നല്‍കാവുന്ന മികച്ച വാക്‌സിനുകളാണ് എം.ആര്‍.എന്‍.എ. വാക്‌സിനുകളെന്ന് ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. ടോണി ഹോളോഹന്‍ പറഞ്ഞു. വരും ആഴ്ചകളില്‍ കൂടുതല്‍ പേര്‍ക്ക് വാക്‌സിനേഷന്‍ നല്‍കും.ഇവര്‍ക്ക് ഏറ്റവും ഉയര്‍ന്ന പരിരക്ഷ നല്‍കുന്ന വാക്സിനാണിത്.ഒരാള്‍ക്ക് പ്രതിരോധ കുത്തിവയ്പ് നല്‍കിയാലും വൈറസിനെ പ്രതിരോധിക്കുന്ന നടപടികള്‍ തുടര്‍ന്നുകൊണ്ടേയിരിക്കണം.”നമുക്കെല്ലാവര്‍ക്കും പ്രതിരോധ കുത്തിവയ്പ്പ് ലഭിക്കുന്നതുവരെ, ആര്‍ക്കും വാക്സിനേഷന്‍ നല്‍കിയിട്ടില്ലാത്തതുപോലെ പ്രവര്‍ത്തിക്കണം,” അദ്ദേഹം പറഞ്ഞു.
70 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് ഓക്സ്ഫോര്‍ഡ് / അസ്ട്രാസെനെക്ക വാക്സിന്‍ ഉപയോഗിക്കേണ്ടതില്ലെന്ന തീരുമാനിച്ചതിനാല്‍ ആ ഗ്രൂപ്പിനുള്ള വാക്സിന്‍ വിതരണം മന്ദഗതിയിലാകുമെന്ന് ഉപപ്രധാനമന്ത്രി ലിയോ വരദ്കര്‍ ഡെയ്ലില്‍ വ്യക്തമാക്കി. അതേ സമയം,ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റുള്ളവര്‍ക്കുമുള്ള വാക്സിനേഷന്‍ വേഗത്തിലാകുമെന്നും അദ്ദേഹം പറഞ്ഞു.70 വയസ്സിനു മുകളിലുള്ളവര്‍ക്ക് ഫൈസര്‍ അല്ലെങ്കില്‍ മോഡേണ എംആര്‍എന്‍എ വാക്സിനുകള്‍ നല്‍കുമെന്നും അദ്ദേഹം വിശദീകരിച്ചു.

2,20,000 കോവിഡ് -19 വാക്സിനുകള്‍ നല്‍കിയതായി ഹെല്‍ത്ത് സര്‍വീസ് എക്സിക്യൂട്ടീവ് അറിയിച്ചു.

കഴിഞ്ഞയാഴ്ച 51,200 വാക്സിനേഷനുകള്‍ നല്‍കി.ക്രിട്ടിക്കല്‍ ആശുപത്രികളില്‍ കഴിയുന്ന 44,900 പേരില്‍ 1,500 പേര്‍ക്ക് ആദ്യ ഡോസും 43,400 പേര്‍ക്ക് രണ്ടാമത്തെയും നല്‍കി.

തൊഴിലിടങ്ങളില്‍ കോവിഡ് ഔട്ട് ബ്രേക്കുകള്‍ വര്‍ധിച്ചു

അതേസമയം,2020 അവസാനത്തെ അപേക്ഷിച്ച് കഴിഞ്ഞ നാല് ആഴ്ചയ്ക്കുള്ളില്‍ നിരവധി തൊഴിലിടങ്ങളില്‍ കോവിഡ് ഔട്ട് ബ്രേക്കുകള്‍ വര്‍ധിച്ചതായി ഡപ്യൂട്ടി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. റോനന്‍ ഗ്ലിന്‍ പറഞ്ഞു.ട്രാവല്‍ കമ്മ്യൂണിറ്റിയിലും ഡയറക്ട് പ്രൊവിഷനിലും ഔട്ട് ബ്രേക്കുകളുണ്ടെന്നും അദ്ദേഹം പറഞ്ഞു.ലക്ഷണങ്ങള്‍ കണ്ട ശേഷം പരിശോധന നടത്താന്‍ മൂന്ന് ദിവസമോ അതില്‍ കൂടുതലോ സമയമെടുക്കുന്നുവെന്നും ഡാറ്റ കാണിക്കുന്നു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.