head1
head3

സര്‍ക്കാര്‍ സംവിധാനങ്ങള്‍ പാഴാകുന്നുവോ… താളം തെറ്റി കോണ്ടാക്ട് ട്രേസിംഗ് ….

ഡബ്ലിന്‍ : കോവിഡ് കേസുകള്‍ കുതിച്ചുയരുന്നതിനിടെ കോണ്ടാക്ട് ട്രേസിംഗിലും, ടെസ്റ്റിംഗിലും വീഴ്ച വരുത്തി എച്ച്എസ്ഇ.

കഴിഞ്ഞ കുറച്ച ദിവസങ്ങളായി എച്ച്എസ്ഇ യുടെ കോണ്ടാക്ട് ട്രേസര്‍മാര്‍ രോഗം സ്ഥിരീകരിച്ചവരുടെ അടുത്ത സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ കണ്ടെത്താനോ അവരെ ടെസ്റ്റ് ചെയ്യാനോ തയ്യാറാകുന്നില്ല.

മതിയായ കോണ്ടാക്ട് ട്രേസര്‍മാരില്ലാത്തതാണ് ഈ പ്രതിസന്ധിക്ക് കാരണമെന്നാണ് ഉയര്‍ന്നുവരുന്ന ആക്ഷേപം.

ഇതിനാല്‍, സമ്പര്‍ക്കപ്പട്ടികയിലുള്‍പ്പെട്ട ആയിരക്കണക്കിന് ജനങ്ങളെ കുറിച്ച് എച്ച്എസ്ഇയുടെ കോണ്ടാക്ട് ട്രേസര്‍മാര്‍ക്ക് യാതൊരുവിവരവുമില്ല.

എന്നാല്‍, കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനാല്‍ കടുത്ത സമ്മര്‍ദ്ദം അനുഭവിക്കുന്നുവെന്നാണ് എച്ച്എസ്ഇ യുടെ വിശദീകരണം.

കഴിഞ്ഞ വെള്ളിയാഴ്ച, ശനി, ഞായര്‍ ദിവസങ്ങളിലെ ഉയര്‍ന്ന കോവിഡ് കേസുകള്‍ കാരണം രോഗം സ്ഥിരീകരിച്ചവരോട് തന്നെ അവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരുമായി ബന്ധപ്പെടാനാണ് എച്ച്എസ്ഇ ആവശ്യപ്പെട്ടിരിക്കുന്നത്.

കോവിഡ് പരിശോധനാ ഫലം പോസിറ്റീവാണെന്ന് ലഭിക്കുന്ന സന്ദേശം അടുത്ത സമ്പര്‍ക്കപ്പട്ടികയിലുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്യണമെന്നും, അവരോട് ജിപിയുമായി ബന്ധപ്പെട്ട് ടെസ്റ്റിന് വിധേയമാകാന്‍ ആവശ്യപ്പെടണമെന്നുമാണ് എച്ച്എസ്ഇ നിര്‍ദേശിച്ചിരിക്കുന്നത്..

സാധാരണ, ഒരു വ്യക്തി പോസിറ്റീവായാല്‍ എച്ച്എസ്ഇ കോണ്ടാക്ട് ട്രേസറുകള്‍ അവരുടെ സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ നേരിട്ട് ബന്ധപ്പെടുകയും പരിശോധനയ്ക്ക് സൗകര്യമൊരുക്കുകയുമായിരുന്നു പതിവ്.

എന്നാല്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മുഴുവനും താളം തെറ്റിയ നിലയിലാണ്. നേരത്തെ, തന്നെ കോണ്ടാക്ട് ട്രേസിംഗും, ടെസ്റ്റിംഗും ഫലപ്രദമല്ലെന്ന് വ്യാപക ആക്ഷേപമുയര്‍ന്നിരുന്നു.

കഴിഞ്ഞ 13 ദിവസമായി പ്രതിദിനം ശരാശരി 1,080 പോസിറ്റീവ് കേസുകള്‍ ഉണ്ടായിട്ടുണ്ടെന്നും ഇത് കോണ്‍ടാക്റ്റ് ട്രേസറുകളില്‍ വലിയ സമ്മര്‍ദ്ദത്തിന് കാരണമായതായും എച്ച്എസ്ഇ പറഞ്ഞു.

ജിപികളുമായി കൂടിയാലോചിച്ചാണ് താല്‍ക്കാലികമായി ഈ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നതെന്നും, സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ എത്രയും വേഗം പരിശോധനയ്ക്ക് വിധേയമാക്കാനാണ് ഇതിലൂടെ ഉദ്ദേശിക്കുന്നതെന്നും എച്ച്എസ്ഇ വക്താവ് പറയുന്നു.

ഈ നടപടി അടുത്ത സമ്പര്‍ക്കപ്പട്ടികയിലുള്ളവരെ എളുപ്പത്തില്‍ വിവരമറിയിക്കാനും കോണ്ടാക്ട് ട്രേസര്‍മാരെ പിന്തുണക്കാനും സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ആളുകള്‍ക്ക് അവരുടെ കോണ്ടാക്ടുകളെ പെട്ടന്ന് തിരിച്ചറിയാന്‍ കഴിയുമെന്നതില്‍ ആത്മവിശ്വാസമുണ്ടെന്ന് എച്ച്എസ്ഇ ചീഫ് ക്ലിനിക്കല്‍ ഓഫീസര്‍ ഡോ. കോള്‍ം ഹെന്റി പറഞ്ഞു.

രോഗം സ്ഥിരീകരിച്ചവര്‍ തന്നെ അവരുടെ കോണ്ടാക്ടുകളെ വിവരമറിയിക്കേണ്ട ഈ താല്‍കാലിക അവസ്ഥയ്ക്ക് ഉടന്‍ പരിഹാരം കാണാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓരോ ആഴ്ചയും 60 മുതല്‍ 70 വരെ പുതിയ കോണ്ടാക്ട് ട്രേസര്‍മാരെ നിയോഗിച്ച് ഈ പ്രതിസന്ധിക്ക് പരിഹാരം കാണാന്‍ സാധിക്കുമെന്നാണ് എച്ച്എസ്ഇ പ്രതീക്ഷിക്കുന്നത്.

അതേസമയം, ഇത് ഗുരുതരമായ സ്ഥിതിവിശേഷമാണെന്നും ആരോഗ്യവകുപ്പിന്റെ വാഗ്ദാനങ്ങള്‍ പാഴായെന്നുമുള്ള വിമര്‍ശനവുമായി സിന്‍ഫെയ്ന്‍ ആരോഗ്യ വക്താവ് ഡേവിഡ് കുള്ളിനെയ്ന്‍ രംഗത്തെത്തി.

ട്രേസര്‍മാര്‍ക്ക് അമിത ജോലിഭാരമുണ്ടെന്നും കൃത്യമായ പരിശീലനം ലഭിക്കുന്നില്ലെന്നും ആവശ്യത്തിന് ട്രേസര്‍മാരില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു.

ഐറിഷ് മലയാളി ന്യൂസ്

Comments are closed.